വാഷിങ്ടൺ: അമേരിക്കയിലെ വെർജീനിയയിലുള്ള ഡിപ്പാർട്ടുമെന്റ് സ്റ്റോറിൽ മദ്യം വാങ്ങാൻ വന്നയാൾ നടത്തിയ വെടിവെപ്പിൽ ഇന്ത്യക്കാരിയായ യുവതിയും പിതാവും കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശികളായ പ്രദീപ് പട്ടേൽ (56), മകൾ ഉർമി (24) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി ചെയ്യുന്ന സ്റ്റോർ വ്യാഴാഴ്ച തുറന്നതിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ജോർജ് ഫ്രെയ്സിയർ (44) എന്നയാളെ പോലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാവിലെ മദ്യം വാങ്ങാൻ എത്തിയപ്പോഴാണ് ഇയാൾ ഇരുവർക്കുംനേരെ വെടിവെപ്പ് നടത്തിയത്. ഷോപ്പ് രാത്രി അടച്ചത് എന്തിനാണെന്ന് ചോദിച്ചുകൊണ്ട് 44-കാരൻ ഇരുവർക്കുംനേരെ വെടിവെപ്പ് നടത്തി.
പ്രദീപ് പട്ടേൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിൽ എത്തിച്ചശേഷമാണ് ഉർമി മരിച്ചത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽനിന്നുള്ള പ്രദീപ് പട്ടേലും കുടുംബവും ആറ് വർഷം മുമ്പാണ് അമേരിക്കയിലെത്തിയത്. ബന്ധുവിന്റെ ഷോപ്പിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.നോർത്ത് കരോളിനയിൽ ഷോപ്പ് നടത്തുന്ന ഇന്ത്യൻ വംശജനായ മൈനാക് പട്ടേൽ കവർച്ചാ ശ്രമത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഇരട്ട കൊലപാതകം. സംഭവം ഇന്ത്യൻ സമൂഹത്തെയാകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.