കാലടി : ഇന്ത്യൻ ആധുനികതയുടെ നിർമ്മിതിയിൽ അച്ചടി നിർണായകമായ പങ്കു വഹിച്ചുവെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ഗ്രോത്തിലെ പ്രൊഫസർ വീണ നാരഗൽ അഭിപ്രായപ്പെട്ടു. പ്രസിദ്ധീകരണങ്ങൾ പാരമ്പര്യത്തെ പുനർനിർമ്മിച്ചതിലൂടെ കലയിലും സാഹിത്യത്തിലും അരങ്ങുകളിലും പുതിയ ഭാവുകത്വങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇടയായി പ്രൊഫ. വീണ പറഞ്ഞു. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ചും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ചരിത്ര വിഭാഗവും ചേർന്ന് കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച ‘അച്ചടിയും പാരമ്പര്യവും’ എന്ന ദ്വിദിന ശില്പശാലയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രൊഫ. വീണ നാരഗൽ.
ചരിത്ര വിഭാഗം അധ്യക്ഷ പ്രൊഫ. സൂസൻ തോമസ് അധ്യക്ഷയായിരുന്നു. പ്രൊഫ. റിതാ കോതാരി, ഡോ. ഉമകാന്ത മിശ്ര, ഡോ. ദിനയർ പട്ടേൽ, ഡോ. പ്രാചി ദേശ്പാണ്ഡേ, ഡോ. ജോൺ തോമസ്, ഡോ. സൗമ്യ മാൽവിയ, പ്രൊഫ. കെ.എം. ഷീബ, പ്രൊഫ. സൂസൻ തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രൊഫ. വീണ നാരഗൽ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് ചെയർപേഴ്സൺ പ്രൊഫ. കെ.എൻ. ഗണേശ്, ശില്പശാലയുടെ കൺവീനർ ഡോ. മനു ദേവദേവൻ, പ്രൊഫ. എൻ.ജെ. ഫ്രാൻസിസ്, ഡോ. അഭിലാഷ് മലയിൽ എന്നിവർ പ്രസംഗിച്ചു. ശില്പശാലയുടെ ഭാഗമായി ഡഗ്ലൽസ് വിൽസൺ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം ‘ലിനോടൈപ്പി’ന്റെ പ്രദർശനവും നടന്നു.