തിരുവനന്തപുരം: വീട് പണിക്കായി പമ്പ് ഉടമയിൽ നിന്ന് വായ്പ വാങ്ങിയ പണമാണ് കൈക്കൂലിയെന്ന പേരിൽ വിജിലൻസ് പിടിച്ചെടുത്തതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിജിഎം അലക്‌സ് മാത്യു. വിജിലൻസ് കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അലക്സ് മാത്യുവിന്റെ ദുർബലമായ വാദം. അലക്സിൻറെ പേരിൽ 24 സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്‌സ് മാത്യുവിനെ വിജിലൻസാണ് കയ്യോടെ പിടികൂടിയത്. കൊല്ലം കടക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റ് പരാതിയിൽ, മനോജിന്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ നിന്നാണ് അലക്‌സ് മാത്യു പിടിയിലായത്.
ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ മനോജിന്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. മുൻ കൂട്ടി വലയെറിഞ്ഞ ശേഷം മറഞ്ഞുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ ഇതേ വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു. എന്നാൽ വിജിലൻസ് കസ്റ്റഡിയിൽ രക്ഷപ്പെടാൻ പഴുതുകൾ തേടുകയാണ് അലക്സ് മാത്യു. മനോജിൻറെ വീട്ടില് നിന്ന് 200 മീറ്റർ അകലെ അലക്സിന് ഒരു വീടുണ്ട്. ഈ വീട് ഇപ്പോൾ പുതുക്കിപ്പണിയുകയാണ്. വീടിൻറെ അറ്റകുറ്റപ്പണിക്ക് താൻ മനോജിനോട് രണ്ട് ലക്ഷം രൂപ വായ്പ ചോദിച്ചെന്നും ഈ പണമാണ് വിജിലൻസ് പിടിച്ചെടുത്തത് എന്നുമാണ് ചോദ്യം ചെയ്യലിൽ അലക്സിൻറെ ന്യായീകരണം.
അറസ്റ്റിലാകുമ്പോൾ അലക്‌സ് മാത്യുവിന്റെ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തിരുന്നു. ഇത് തൊഴിലാളികൾക്ക് കൂലി നൽകാൻ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതെന്നാണ് മൊഴി. ഇക്കാര്യം വിജിലൻസ് പരിശോധിച്ചുവരികയാണ്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴി മറ്റൊരാളിൽ നിന്നും കൈക്കൂലി വാങ്ങിയ പണമാണോ ഇതെന്ന് വിജിലൻസിന് സംശയമുണ്ട്. അലക്സിൻറെ പേരില് 24 സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എല്ലാമായി 30 ലക്ഷം രൂപ നിക്ഷേപമുണ്ട്.