മലപ്പുറം : യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ക്ഷേമപെന്‍ഷന്‍ നിര്‍ത്തുമെന്നാണ് സൂചനയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറയുന്നതിനെ അങ്ങനെ കാണണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിലെ എഡിറ്റോറിയൽ പേജിൽ നേര്‍വഴി എന്ന കോളത്തിലെ ‘ചുവപ്പിന്‍ പ്രകാശം’ എന്ന പേരിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
‘ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷത്തോളം പേരെയാണ് കൈക്കൂലി വാങ്ങുന്നവരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് അപമാനിച്ചത്. അവശ ജനവിഭാഗത്തിന്റെ അവകാശത്തെ കൈക്കൂലിയെന്ന് വിശേഷിപ്പിക്കാന്‍ മനുഷ്യത്വം കൈമോശം വന്നവര്‍ക്കേ കഴിയൂ. ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതിക്ക് എതിരാണ് തങ്ങളെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നേതാവ് നടത്തിയിരിക്കുന്നത്. യുഡിഎഫിന് അധികാരം ലഭിച്ചാല്‍ ക്ഷേമപെന്‍ഷനുകള്‍ നിര്‍ത്തലാക്കുമെന്ന സൂചനയാണ് ഇതുവഴി കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളത്’, എം വി ഗോവിന്ദന്‍ പറഞ്ഞു.