തിരുവനന്തപുരം : ജൂണ്‍ 13ന് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി നിര്‍ത്തി സീറ്റ് ബെല്‍റ്റ് സിഗ്നല്‍ ഓഫ് ആക്കുകയും വാതില്‍ തുറക്കുകയും ചെയ്ത ശേഷമാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചതെന്ന് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്‍ഡിഗോ ചുമതലപ്പെടുത്തിയ ആഭ്യന്തര സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. ആര്‍.എസ് ബസ്വാന അധ്യക്ഷനും സോണിയ ഭരദ്വാജ്, ഉപാസന ബാഗ്‌ല എന്നിവര്‍ അംഗങ്ങളുമായ സമിതിയുടെ ഉത്തരവ് പുറത്തിറങ്ങിയ ഈ മാസം 16 മുതലാണു വിലക്ക്.
പൈലറ്റ് ഇന്‍ കമാന്‍ഡ് ക്യാപ്റ്റന്‍ രോഹിത് രാജീവ് അറോറയുടെ പരാതിയുടെയും കാബിന്‍ ക്രൂ പ്രിയങ്കയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഇന്‍ഡിഗോ ചുമതലപ്പെടുത്തിയ ആഭ്യന്തര സമിതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ഇ.പി ജയരാജന്റെയും വിശദീകരണം തേടിയിരുന്നു. ജയരാജനു വേണ്ടി അഭിഭാഷക പാതിരപ്പള്ളി എസ്.കൃഷ്ണകുമാരിയാണ് ഓണ്‍ലൈനില്‍ സമിതിക്കു മുന്നില്‍ ഹാജരായത്.
ഈ മാസം 5 ന് ഓണ്‍ലൈന്‍ ആയി സിറ്റിങ്ങില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്‍.കെ നവീന്‍ കുമാര്‍, പി.പി.ഫര്‍സീന്‍ മജീദ് എന്നിവര്‍ വിശദമായ മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടു. അടുത്ത ദിവസം ഇ-മെയിലില്‍ നല്‍കിയ വിശദീകരണത്തില്‍ നിരുപാധികമായ ക്ഷമാപണം നടത്തിയ ഇരുവരും പ്രായവും ഇന്‍ഡിഗോയിലെ സ്ഥിരം യാത്രക്കാരാണെന്ന പരിഗണനയും വച്ചു നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. വിമാനത്തിനുള്ളില്‍ തങ്ങളെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജനെതിരെ നടപടിയും ആവശ്യപ്പെട്ടു.
ജയരാജന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് അനങ്ങിയിട്ടില്ല. ഇതേസമയം, പ്രതിഷേധത്തിന്റെ പേരില്‍ വധശ്രമം ഉള്‍പ്പെടെ സാധ്യമായ വകുപ്പുകളെല്ലാം ചുമത്തി കേസെടുത്തു. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ ഇരുവരും 10 ദിവസത്തിനു ശേഷമാണ് മോചിതരായത്.