പത്തനംതിട്ട : കോന്നി വകയാര്‍ പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പിന്റെ പിന്നാമ്പുറങ്ങള്‍ തേടുമ്പോള്‍ അമ്പരപ്പിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. പോപ്പുലര്‍ റോയിയുടെ ബന്ധുക്കളും വകയാര്‍ ഇണ്ടിക്കാട്ടില്‍ കുടുംബത്തിലെ ചിലരും മുമ്പ് ബ്ലെയിഡ് കമ്പിനികള്‍ നടത്തി ഒരു സുപ്രഭാതത്തില്‍ പൊട്ടുകയോ പൊട്ടിക്കുകയോ ചെയ്തിട്ടുണ്ട്.
റോയിയുടെ പിതാവായ ഡാനിയേല്‍ സാറിന്റെ സഹോദര പുത്രനായ ബേബിക്കുട്ടി 2004 കാലഘട്ടത്തിലാണ് ഇണ്ടിക്കാട്ടില്‍ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം വകയാറില്‍ തുടങ്ങിയത്. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേ പ്രതിസന്ധിയിലായി സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നു. എന്നാല്‍ ഇദ്ദേഹം ഒളിച്ചോടിയില്ല എന്നതാണ് എടുത്തു പറയേണ്ടത്. സ്വന്തം വീടും സ്ഥലവും വിറ്റ് ചില നിക്ഷേപകര്‍ക്കെങ്കിലും പണം മടക്കി നല്‍കി. അതുകൊണ്ടുതന്നെ ഇദ്ദേഹം ഇപ്പോഴും വകയാറില്‍ താമസിക്കുന്നു.
ബന്ധുക്കള്‍ നടത്തിവന്ന സ്ഥാപനങ്ങള്‍ തകരുന്നതും തകര്‍ക്കുന്നതും കണ്ടാണ് റോയിയും കുടുംബവും പോപ്പുലര്‍ കെട്ടിപ്പടുത്തത്. റോയിയുടെ അടുത്ത ബന്ധുക്കളില്‍ മിക്കവരും ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിയവരാണ്. ഒരാളെ പാപ്പരായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. പെട്ടെന്ന് പണം സമ്പാദിക്കുവാനുള്ള മാര്‍ഗ്ഗമായാണ് ഇണ്ടിക്കാട്ടില്‍ കുടുംബക്കാര്‍ ഒന്നാകെ ചിട്ടി കമ്പിനിയോ ബ്ലയിഡ് കമ്പിനികളോ തുടങ്ങിയത്. ഏറ്റവും ഒടുവിലാണ് റോയി അമിട്ടു പൊട്ടിക്കുന്നപോലെ പോപ്പുലര്‍ ഫൈനാന്‍സ് പൊട്ടിച്ചത്. മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥ പ്രകാരം പാപ്പര്‍ ഹര്‍ജി തയ്യാറാക്കി റോയിയും കുടുംബവും അഭിഭാഷക കമ്പിനിയെ ഏല്‍പ്പിച്ചുവെങ്കിലും എല്ലാം പാളി.
പോപ്പുലര്‍ തകരുന്ന വാര്‍ത്ത രഹസ്യമായി കാത്തു സൂക്ഷിക്കുന്നതില്‍ പോപ്പുലര്‍ ഫൈനാന്‍സ് ഉടമകളും ചില ജീവനക്കാരും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് പരസ്യം യഥേഷ്ടം നല്കിയിരുന്നതിനാല്‍ അവരും നിശബ്ദരായിരുന്നു. എന്നാല്‍ 2020 ആഗസ്റ്റ് 14 വെള്ളിയാഴ്ച ഉച്ചക്ക് 02 :39 ന് പത്തനംതിട്ട മീഡിയ സ്പോട്ട് ലൈവിലൂടെ ഈ വന്‍ തട്ടിപ്പ് ജനങ്ങളിലേക്ക് എത്തിച്ചു. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ പോപ്പുലര്‍ ഫൈനാന്‍സ് ബ്രാഞ്ചിനുള്ളില്‍ നിന്നും നല്‍കിയ തല്‍സമയ വിവരണത്തില്‍ ബ്രാഞ്ച് മാനേജരും സത്യം തുറന്നു പറയാന്‍ നിര്‍ബന്ധിതരായി. ഇതോടെ ബ്രാഞ്ചുകളിലേക്കും പരാതിയുമായി പോലീസ് സ്റ്റേഷനുകളിലേക്കും നിക്ഷേപകര്‍ കൂട്ടമായി എത്തി. ആയിരക്കണക്കിന് കോടികള്‍ തട്ടിച്ചെടുത്തു രഹസ്യമായി രാജ്യം വിടാനുള്ള ഇവരുടെ നീക്കം പൊളിഞ്ഞത് ഇങ്ങനെയാണ്.
റോയിയും ഭാര്യയും മൂന്നു പെണ്മക്കളും അടങ്ങുന്ന കുടുംബം ഒന്നാകെ ഇന്ന് ഇരുമ്പഴിക്കുള്ളിലാണ്. റോയിയുടെ മാതാവിനെയും കൊല്ലത്തുള്ള ഭാര്യാ സഹോദരനെയും പോലീസ് പ്രതിയാക്കിക്കഴിഞ്ഞു. ഇവരെ ഏതുനിമിഷവും പോലീസിന് അറസ്റ്റ് ചെയ്യാം. റിമാന്റില്‍ കഴിയുന്ന റോയിയും കുടുംബവും ജാമ്യത്തിനുവേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. ജാമ്യത്തെ എതിര്‍ത്തുകൊണ്ട് നിക്ഷേപകരുടെ അഭിഭാഷകരും ശക്തമായി നിലകൊള്ളുകയാണ്. അഥവാ ഇവര്‍ക്ക് ജാമ്യം ലഭിച്ചാലും അടുത്ത കേസില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്യും. രണ്ടായിരത്തി മുന്നൂറിലധികം നിക്ഷേപകരുടെ പരാതിയില്‍ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു എന്നാണ് വിവരം. അതുകൊണ്ടുതന്നെ കേസും അറസ്റ്റും ജയിലും ഒക്കെയായി ഇവരുടെ ശിഷ്ട ജീവിതം കഴിയേണ്ടിവരും.
ആയിരക്കണക്കിന് കോടികളാണ് പോപ്പുലര്‍ കുടുംബം നിക്ഷേപകരില്‍ നിന്നും പിരിച്ചെടുത്തത്. സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയ അധികാരികളും തട്ടിപ്പിന് കൂട്ടുനില്‍ക്കുകയായിരുന്നു. യഥാസമയം പരിശോധനകള്‍ നടത്തുവാനോ ക്രമക്കേടുകള്‍ തിരുത്തുവാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇവരെയൊക്കെ നിശബ്ദരാക്കുവാന്‍ റോയിയുടെ കുടുംബത്തിനു കഴിഞ്ഞു.
നരിയാപുരം തെങ്ങുവിളയില്‍ ചിട്ടി കമ്പിനിയില്‍ നിന്നാണ് റോയിയുടെ പിതാവ് ദാനിയേല്‍സാറും സഹോദരങ്ങളും ധനകാര്യസ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. പോപ്പുലര്‍ ചിട്ടി ഫണ്ടിന്റെ സ്ഥാപകന്‍ ദാനിയേല്‍ സാറിന്റെ കാലശേഷം പെട്ടെന്ന് പണം സമ്പാദിക്കുവാനുള്ള കുറുക്കുവഴിയായി റോയിയും കുടുംബവും ഇതിനെ ഉപയോഗിച്ച് പോപ്പുലര്‍ ഉള്‍പ്പെടെയുള്ള ഫൈനാന്‍സ് സ്ഥാപനങ്ങളിലൂടെ പരീക്ഷിക്കുകയായിരുന്നു. ആഡംബര ജീവിതവും ധാരാളിത്വവും ഇവരെ ഇരുമ്പഴിക്കുള്ളിലാക്കി.
പോപ്പുലര്‍ തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്ന വീഡിയോ കാണാം