ന്യൂഡല്‍ഹി : ഇന്ത്യചൈന കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നാളെ. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അവസാനമായി ഇന്ത്യ ചൈന കമാന്‍റർതല ചർച്ച നടന്നത്. ഗാല്‍വാനിലെ ചൈനയുടെ കടന്ന് കയറ്റത്തിന് ശേഷം ഇത്രയും നീണ്ട ഇടവേള ഇത് ആദ്യമാണ്. കിഴക്കന്‍ ലഡാക്കിലെ എല്‍എസിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ഇന്ത്യയും ചൈനയും തമ്മിലുള്ള പതിനാറാമത് കോർപ്സ് കമാന്‍റർതല ചർച്ചയാണ് ഇത്.
സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നയിടങ്ങളില്‍ വന്‍ സൈനിക വിന്യാസം ഇരു രാജ്യങ്ങളും നടത്തിയിട്ടുണ്ട്. നിലവില്‍ ഇരു രാജ്യങ്ങളും അന്‍പതിനായിരത്തിലധികം പട്ടാളക്കാരെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. യുദ്ധ വിമാനങ്ങളും ഇവിടെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രശ്നബാധിത മേഖലയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദലൈയ് ലാമയുടെ പിറന്നാള്‍ ആഘോഷത്തില്‍ മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുത്തതും തായ് വാനുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുന്നതിലും ചൈനക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.