തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി പി. പ്രസാദ്. അമേരിക്കയ്ക്ക് അനുകൂലമായ നയങ്ങൾ കേന്ദ്രസർക്കാർ സ്വീകരിച്ചാൽ കാർഷികമേഖലയുടെ സർവനാശമായിരിക്കും സംഭവിക്കുക. കരാർ ഒപ്പിടാൻ പാടില്ലെന്നും കേന്ദ്ര വാണിജ്യ, കൃഷിമന്ത്രിമാർക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. കാർഷികമേഖലയെ ബാധിക്കുന്ന വ്യാപാരക്കരാറിനുമുൻപ് സംസ്ഥാന സർക്കാരുകളുമായി സമഗ്രമായ കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. കാർഷികമേഖലയിൽ വൻ ഇളവുകൾ ആവശ്യപ്പെടുന്ന അമേരിക്കയുടെ നിലപാടിന് കേന്ദ്രസർക്കാർ വഴങ്ങരുത്.
നാളികേരം, റബ്ബർ, കുരുമുളക്, ഏലം, ചായ, കാപ്പി എന്നീ മേഖലകളിലും പാൽ, കോഴിവളർത്തൽ തുടങ്ങിയ മേഖലകളിലും കരാറുണ്ടാക്കുന്ന പ്രത്യാഘാതം ഗൗരവമുള്ളതാണ്. 80 ശതമാനംവരെ സബ്‌സിഡിയോടെ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ സോയാബീൻ എണ്ണ നാളികേരവിപണിയെ തകർക്കും. ഇറക്കുമതി വർധിക്കുന്നത് റബ്ബറിന്റെ ആവശ്യകതയും വിലയും കുറയ്ക്കും. കുരുമുളക്, ഏലം, ചായ, കാപ്പി തുടങ്ങിയ വിളകൾക്ക് തീരുവ കുറയ്ക്കുന്നതുവഴി കർഷകർക്ക് അന്യായമായ മത്സരം നേരിടേണ്ടിവരുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.