പത്തനംതിട്ട : ജില്ലയിലെ എംഎല്‍എമാരുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പത്തനംതിട്ട ഗവ ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എംഎല്‍എമാര്‍ മന്ത്രിയെ അറിയിച്ചു. വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും സംയുക്ത പ്രവര്‍ത്തനത്തിലൂടെ ജില്ലയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ആറന്മുള മണ്ഡലത്തില്‍ ജിയോളജി ഓഫീസ് ആരംഭിക്കണമെന്ന് ആറന്മുള എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളെ ഉള്‍പ്പെടുത്തി ആറന്മുളയില്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോന്നി മണ്ഡലത്തില്‍ മലഞ്ചരക്ക് വിപണന സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദമായ കാര്യമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വലിയ മുതല്‍ മുടക്കില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന സംരംഭമാണിതെന്നും കോലിഞ്ചിയുടെ വിപണനത്തിന് വലിയ സാധ്യതയുള്ള സ്ഥലമാണ് കോന്നിയെന്നും എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
റാന്നി മണ്ഡലത്തില്‍ നോളജ് വില്ലേജ് എന്ന ആശയത്തിന്റെ ചുവട് പിടിച്ച് ഒരു സ്‌കില്‍ ഹബ്ബ്, തൊഴിലന്വേഷകര്‍ക്കായി ഒരു അപ് സ്‌കില്‍ സെന്റര്‍ എന്നിവയ്ക്ക് തുടക്കമിടുന്നത് വളരെ മികച്ച ഒരു മുന്നേറ്റമായിരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. ടൂറിസത്തെ വ്യവസായത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പുറത്ത് നിന്നുള്ള ആളുകളെ നിക്ഷേപ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാല്‍ ഉത്പാദനത്തിന് ഏറ്റവും കൂടുതല്‍ പെരുമ കേട്ട് സ്ഥലമാണ് വെച്ചൂച്ചിറ ഗ്രാമം. എന്നാല്‍ അവിടെ പാല്‍ ഉത്പാദനം കേന്ദ്രീകരിച്ച് യാതൊരു വ്യവസായവും ഇല്ല. അവിടെ വനിതകളെ കേന്ദ്രീകരിച്ച് ഒരു വ്യവസായം തുടങ്ങണമെന്നും അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അടൂര്‍ മണ്ഡലത്തില്‍ മുന്‍പ് കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ടരയേക്കര്‍ സ്ഥലം ഉപയോഗ ശൂന്യമായി കിടക്കുകയാണെന്നും, ആ സ്ഥലം കേന്ദ്രീകരിച്ച് ഏതെങ്കിലും വ്യവസായത്തിന്റെ യൂണിറ്റ് ആരംഭിക്കാന്‍ സാധിച്ചാല്‍ ഉപകാരപ്രദമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ പ്രതിനിധീകരിച്ച് എത്തിയ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.