ന്യൂഡല്‍ഹി : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. തൃശ്ശൂര്‍ കയ്പമംഗലം മൂന്നു പീടിക പുത്തന്‍പള്ളി എംഐസി പരിസരത്തുള്ള അടഞ്ഞുകിടന്ന ഫൈലസിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെ നിന്നും കംപ്യൂട്ടറും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ പരിശോധന അഞ്ചരയ്ക്കാണ് അവസാനിച്ചത്.
റെയ്ഡില്‍ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളില്‍ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകള്‍ ഉണ്ടോ എന്നതും പരിശോധിക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ ഉച്ചയോടെയാണ് കസ്റ്റംസ് എത്തിയത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സീല്‍ വെച്ച് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പക്കല്‍ താക്കോലുണ്ടെന്ന് മനസിലായത്. ഇതോടെയാണ് വീട് തുറന്ന് പരിശോധിച്ചത്.