ഭൂരിഭാഗം വരുന്ന സാധാരണക്കാരായ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ സ്വപ്നങ്ങളിൽ ഒന്നാണ് ഒരു ഐഫോൺ സ്വന്തമാക്കുക എന്നത്. എന്നാൽ ഐഫോണുകൾക്ക് ഈടാക്കുന്ന ഉയർന്ന വില ഇവരെ ഈ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഇത്തരക്കാർക്കായി ഐഫോണിനോട് സാമ്യതയുള്ള പുതിയ ഫോൺ പുറത്തിറക്കിയിരിക്കുകയാണ് ഹോങ് കോങ് ആസ്ഥാനമായി പ്രവർത്തിക്കുക ടെക് കമ്പനിയായ ഇൻഫിനിക്സ്. ഒറ്റ നോട്ടത്തിൽ ഐഫോണിനോട് സാമ്യം തോന്നുന്ന തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 എച്ച്ഡി ഉടൻ തന്നെ പുറത്തിറക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. കാഴ്ചയിൽ മാത്രമാണ് ഈ ഫോണുകൾക്ക് ഐഫോണിനോട് സാമ്യം തോന്നുക. ഫീച്ചറുകൾ എല്ലാം ഇൻഫിനിക്സ് നൽകുന്നത് മാത്രമായിരിക്കും. ഈ ഫോണിന് നൽകിയിരിക്കുന്ന ഡൈനാമിക് ഐലന്റാണ് ഐഫോണിന്റെ സാമ്യത നൽകുന്നത്. ഫോണിന്റെ മുൻവശം കണ്ടാൽ ഒറ്റനോട്ടത്തിൽ ഐഫോണുമായി നല്ല സാമ്യമുണ്ട്.
ഇൻഫിനിക്സ് സ്മാർട്ട് 7 സീരീസിന്റെ പിൻഗാമി എന്ന നിലയിലാണ് കമ്പനി സ്മാർട്ട് 8 സീരീസ് ഫോണുകൾ പുറത്തിറക്കുക. പഴയ സീരീസിൽ നിന്ന് നിരവധി അപ്ഡേഷനുകളുമായാണ് പുതിയ സീരീസ് ഫോണുകൾ എത്തുന്നത്. 10,000 രൂപയിൽ താഴെ ആയിരിക്കും ഈ ഫോണിന്റെ വില എന്നതും ശ്രദ്ധേയമാണ്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 7000 രൂപ മുതൽ ഈ സീരീസിലെ ഫോണുകൾ ലഭിച്ചു തുടങ്ങും എന്നാണ് സൂചന. അതേ സമയം ഈ വിവങ്ങൾ ഒന്നും ഇൻഫിനിക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അധികം വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഫോണിന്റെ ചില ചിത്രങ്ങൾ മാത്രമാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. ഒരു മാജിക് റിങ് സവിശേഷതയോടെ ആയിരിക്കും പുതിയ ഫോണുകൾ പുറത്തിറങ്ങുക എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. സ്‌മാർട്ട് സീരീസിലും സബ് 6 കെ സെഗ്‌മെന്റിലും ആയിരിക്കും ഈ മാജിക് റിങ് ഫീച്ചർ നൽകാൻ സാധ്യത. ഫെയ്സ് അൺലോക്ക്, കോളുകളുടെ നിയന്ത്രണം, ബാറ്ററി ചാർജ് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ആയിരിക്കും ഫോണിന്റെ ഡൈനാമിക് ഐലന്റ് വഴി അറിയാൻ സാധിക്കുക. ഈ ഫീച്ചർ തന്നെയാണ് ഇൻഫിനിക്സ് സ്മാർട്ട് 8 സീരീസിനെ ഇതിന്റെ മുൻഗാമിയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.