അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതി അംഗങ്ങള്‍ക്ക് ധനസഹായം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവ അംഗങ്ങള്‍ക്ക് 1000 രൂപ ധനസഹായം അനുവദിക്കും. കേരള കൈതൊഴിലാളി, ബാര്‍ബര്‍/ബ്യൂട്ടീഷന്‍, അലക്ക്, ക്ഷേത്രജീവനക്കാര്‍ എന്നീ ക്ഷേമപദ്ധതിയില്‍ ചേരുകയും പിന്നീട് വര്‍ധിപ്പിച്ച നിരക്കില്‍ തുക ഒടുക്കി അസംഘടിത തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായവരും ഇതില്‍ ഉള്‍പ്പെടും. ജില്ലയിലെ അര്‍ഹരായ അംഗങ്ങള്‍ പദ്ധതിയുടെ അംഗത്വകാര്‍ഡ്, പദ്ധതിയുടെ പാസ്സ്ബുക്ക്, ബാങ്ക് പാസ്സ്ബുക്ക്, (സിംഗിള്‍ അക്കൗണ്ട് ഐഎഫ്എസ്‌സി കോഡ് സഹിതം) ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, മൊബൈല്‍ നമ്പരും സഹിതം പേര്, മേല്‍വിലാസം, ജനനതീയതി, വയസ്സ് പദ്ധതിയില്‍ അംഗത്വം നേടിയ തീയതി / മാസം, അവസാന അംശാദായം ഒടുക്കിയ തീയതി/മാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ്, ബ്രാഞ്ച്, തൊഴിലുടമയുടെ പേര്/ സ്വയം തൊഴില്‍, തൊഴിലിന്റെ സ്വഭാവം, ഈ പദ്ധതിയില്‍ അംഗങ്ങളായ മറ്റ് കുടുംബാംഗങ്ങളുടെ വിവരം, മുന്‍കാലങ്ങളില്‍ ഈ പദ്ധതിയില്‍ നിന്നും ലഭ്യമായ ആനുകൂല്യങ്ങളുടെ വിവരം, സത്യപ്രസ്താവന എന്നിവ ഉള്‍ക്കൊള്ളുന്ന അപേക്ഷ ഈ മാസം 30നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോര്‍ഡ്, മഹേശ്വരി ബില്‍ഡിംഗ്, ഐശ്വര്യാതീയേറ്ററിന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ തപാലിലോ അയയ്ക്കണം. ഫോണ്‍ : 0468- 2220248.
കശുവണ്ടി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള കോവിഡ്-19 ധനസഹായ വിതരണം
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരള കശുവണ്ടി താഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 1000 രൂപ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടുള്ള തൊഴിലാളികളുടെ അക്കൗണ്ടില്‍ ഉടനടി ലഭ്യമാക്കുന്നതാണ്. തുറന്നു പ്രര്‍ത്തിച്ചിരുന്നതും എന്നാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാത്തതുമായ ക്ഷേമനിധി അംഗങ്ങള്‍ അവരുടെ അംഗത്വകാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഫോണ്‍ നമ്പര്‍ സഹിതം [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്. കൂടാതെ ഇമെയില്‍ വഴി രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ ഏപ്രില്‍ 15 മുതല്‍ കായംകുളം ക്ഷേമനിധി ഇന്‍സ്പെക്ടര്‍ ഓഫിസില്‍ നേരിട്ട് നല്‍കാവുന്നതാണ്. ലോക്ക്ഡൗണ്‍നു ശേഷവും ഈ ആനുകൂല്യം തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാണ്. കഴിഞ്ഞ ഓണത്തിന് 2000/രൂപ കൈപറ്റിയവരും അക്കൗണ്ട് വിവരങ്ങള്‍ നേരത്തെ നല്‍കിയിട്ടുള്ളവര്‍ തുടര്‍ന്ന് നല്‍കേണ്ടതില്ല . കൂടുതല്‍ വിവരങ്ങള്‍ക്ക് 9446444406 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പച്ചക്കറി വിത്തുവിതരണം
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശാനുസരണം ലോക്ക്ഡൗണ്‍ കാലയളവില്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിനുള്ള വിത്ത് വിതരണത്തിന്റെ നടപടികള്‍ പൂര്‍ത്തിയായി. ജില്ലയിലെ ഫാമുകള്‍, വി.എഫ്.പി.സി.കെ. എന്നിവ മുഖേനയാണ് സൗജന്യ വിത്തുവിതരണം നടത്തുന്നത്. ഫാമുകളില്‍ ഉത്പാദിപ്പിച്ച 10 രൂപ വിലവരുന്ന 6780 വിത്ത് പായ്ക്കറ്റുകളുടേയും, വി.എഫ്.പി.സി.കെ മുഖേന 1,61,000 വിത്തു പായ്ക്കറ്റുകളുടേയും വിതരണം പൂര്‍ത്തിയായി. പാവല്‍, പയര്‍, ചീര, വെണ്ട, വെള്ളരി എന്നിവയില്‍ രണ്ട് ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃഷിഭവനുകളില്‍നിന്നും നല്‍കുന്ന പായ്ക്കറ്റുകള്‍ സന്നദ്ധപ്രവര്‍ത്തകര്‍, കുടുംബശ്രീ, ഇക്കോഷോപ്പ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരിലൂടെയാണ് വിതരണം ചെയ്യുന്നത്. ഇനിയും പൂര്‍ത്തിയാക്കാനുള്ള ഒന്നേമുക്കാല്‍ ലക്ഷം വിത്ത് പായ്ക്കറ്റുകള്‍ അടുത്തയാഴ്ച വിതരണം ചെയ്യും. കോവിഡ് 19 നെതിരെയുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പച്ചക്കറി വിത്ത് വിതരണം നടത്തുന്നത്.