കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം:
ഹീമോഗ്ലോബിന്‍ പരിശോധന സംഘടിപ്പിക്കും
കോന്നി മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവ കേരളം ( വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കാമ്പയിന്റെ ഭാഗമായി ഹീമോഗ്ലോബിന്‍ പരിശോധന സംഘടിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഹീമോഗ്ലോബിന്‍ പരിശോധന സംഘടിപ്പിക്കുന്നത്. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ കേരളത്തിന്റെ ലക്ഷ്യം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതല്‍ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തില്‍ കാണുക. കുട്ടികളില്‍ 11 മുതല്‍ 16 ഗ്രാം വരെയും ഗര്‍ഭിണികളില്‍ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിന്‍ ഉണ്ടായിരിക്കണം. ഈ അളവുകളില്‍ കുറവാണ് ഹീമോഗ്ലോബിന്‍ എങ്കില്‍ അനീമിയ ആയി കണക്കാക്കുന്നതാണ്.
വനസൗഹൃദസദസ് നാളെ (ഏപ്രില്‍ 23) ചിറ്റാറില്‍
വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പങ്കെടുക്കും വനാതിര്‍ത്തി പങ്കിടുന്ന റാന്നി, കോന്നി മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ വനസൗഹൃദസദസില്‍ ചര്‍ച്ച ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നാളെ (ഏപ്രില്‍ 23) രാവിലെ 10ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ വനസൗഹൃദ ചര്‍ച്ച സംഘടിപ്പിക്കും. ഇതിനൊപ്പം നിവേദനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പഞ്ചായത്ത് തലത്തിലുള്ള വനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11ന് പത്തനംതിട്ട ജില്ലയിലെ വനസൗഹൃദ സദസ് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വിവിധ ധനസഹായങ്ങളുടെയും ആനൂകൂല്യങ്ങളുടെയും വിതരണം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി വിശിഷ്ട അതിഥിയാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സതേണ്‍ സര്‍ക്കിള്‍ കൊല്ലം ഡോ. സഞ്ജയന്‍ കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, പി.സി.സി.എഫ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിങ്, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. ജയകുമാര്‍ ശര്‍മ്മ, കൊല്ലം സാമൂഹ്യ വനവത്കരണ വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. സുനില്‍ ബാബു, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയുഷ്‌കുമാര്‍ കോറി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സി.കെ. ഹാബി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി മോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കര്‍മ്മ പരിപാടിയാണ് വനസൗഹൃദസദസ്. വയനാട് മാനന്തവാടിയില്‍ ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ച വന സൗഹൃദസദസ് സംസ്ഥാനത്ത് 20 വേദികളിലായി സംഘടിപ്പിക്കും. ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് സമാപിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നതിനും വനംവകുപ്പ് കൈകൊണ്ടതും സ്വീകരിച്ച് വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരണം നല്‍കുന്നതിനുമാണ് വനസൗഹൃദസദസ് സംഘടിപ്പിക്കുന്നത്. വനത്തിനുള്ളിലും വനാതിര്‍ത്തിയിലും താമസിക്കുന്ന ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ച്, പ്രാദേശിക പരിഗണന നല്‍കി നൂതനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും പൊതുജനപങ്കാളിത്തത്തിലൂടെ വനപരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വനസദസ് ലക്ഷ്യമിടുന്നു. വനാതിര്‍ത്തി പങ്കിടുന്ന റാന്നി, കോന്നി നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളായ അങ്ങാടി, കൊറ്റനാട്, കോട്ടങ്ങല്‍, നാറാണമൂഴി, പഴവങ്ങാടി, പെരുനാട്, വടശേരിക്കര, അരുവാപ്പുലം, ചിറ്റാര്‍, കലഞ്ഞൂര്‍, കോന്നി, മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, റാന്നി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ വനസൗഹൃദസദസില്‍ ചര്‍ച്ച ചെയ്യും.
എന്‍എഫ്എസ്എ ഗോഡൗണ്‍ ശിലാസ്ഥാപനം ഏപ്രില്‍ 25ന്
ഗോഡൗണ്‍ വരുന്നത് കോന്നി സിഎഫ്ആര്‍ഡിയില്‍
ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ (എന്‍എഫ്എസ്എ) ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോന്നി/ കോഴഞ്ചേരി താലൂക്കുകള്‍ക്കായി കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്(സിഎഫ്ആര്‍ഡി) അങ്കണത്തില്‍ നിര്‍മിക്കുന്ന ഗോഡൗണിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 25ന് രാവിലെ 10ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കും. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഒപ്പം പദ്ധതി ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 25ന്
കടയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ റേഷന്‍ നേരിട്ടു വീട്ടിലെത്തിക്കും
റേഷന്‍ കടയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ റേഷന്‍ നേരിട്ടു വീട്ടിലെത്തിച്ചു നല്‍കുന്ന ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 25ന് രാവിലെ 11ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥിയാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കുന്നന്താനം ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ്
എക്‌സലന്‍സ് ഉദ്ഘാടനം ഏപ്രില്‍ 25ന്
പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഉദ്ഘാടനം ഏപ്രില്‍ 25ന് വൈകുന്നേരം മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അസാപ് ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റസ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍, ഐഎസ്‌ഐഇ ഫൗണ്ടറും പ്രസിഡന്റുമായ വിനോദ് കെ ഗുപ്ത, വിഎവിഇ-എംജി നര്‍ച്വര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ സമീര്‍ ജിന്‍ഡല്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുവാക്കളെയും വാഹനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും ഇതില്‍ നൈപുണ്യമുള്ളവരാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ നഷ്ടം തടയാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നോവേറ്റീവ് എന്‍ജിനിയേഴ്‌സ് ഇന്ത്യയുടെ സാങ്കേതിക പങ്കാളികളായി എംജി മോട്ടോഴ്‌സ്, ഹീറോ ഇലക്ട്രിക് എന്നിവയുടെ വ്യാവസായിക പങ്കാളിത്തത്തോടെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.
വടശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഏപ്രില്‍ 25ന്
വടശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഏപ്രില്‍ 25ന് രാവിലെ 11.30ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയാണ് വില്ലേജ് ഓഫീസ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം:
മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഒരുങ്ങി കോന്നി;
ഒരുക്കങ്ങള്‍ അവസാനലാപ്പില്‍
കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തിനായെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. ഏപ്രില്‍ 24ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തുന്നതിനു മുന്നോടിയായി വിപുലമായ സന്നാഹങ്ങളാണ് അങ്കണത്തില്‍ തയാറാകുന്നത്. കാല്‍ലക്ഷത്തോളം ജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനായി 25,000 ചതുരശ്ര അടി വലുപ്പത്തിലുള്ള പന്തലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളജ് കാമ്പസില്‍ അക്കാദമിക്ക് ബ്ലോക്കിന് മുന്‍വശത്തായാണ് പന്തല്‍ തയാറാകുന്നത്. കടുത്ത വേനലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ശീതീകരിച്ച സ്റ്റേജ് ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളോടെയാണ് പവിലിയന്‍ നിര്‍മാണം പുരോഗമിക്കുന്നത്. ആവശ്യമായ പാര്‍ക്കിംഗ് സൗകര്യവും മെഡിക്കല്‍ കോളജ് പരിസരത്ത് തയാറാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനെത്തുന്നവര്‍ക്കായി ഭക്ഷണവും പാനീയവും മറ്റ് അവശ്യസേവനങ്ങള്‍ക്കായുള്ള സൗകര്യവും മെഡിക്കല്‍ കോളജ് കാമ്പസില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇ-ടോയ്ലെറ്റ് സംവിധാനവും അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഉദ്ഘാടന പരിപാടിയുടെ ലൈവ് സംപ്രേക്ഷണത്തിനായി മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ എല്‍ഇഡി വാളുകളും സ്ഥാപിക്കും.
അവകാശം അതിവേഗം പദ്ധതി പൂര്‍ത്തീകരണം:
സംസ്ഥാനതല പ്രഖ്യാപനം 24ന് പത്തനംതിട്ടയില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും
സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീ കരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ, ഏക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ചടങ്ങില്‍ അധ്യ ക്ഷത വഹിക്കും. അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം ഭക്ഷ്യ പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും. അതി ദരിദ്രര്‍ക്കുള്ള ആരോഗ്യ ഉപകരണ വിതരണം ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അതി ദരിദ്രര്‍ക്കുള്ള ഉപ ജീവന ഉപാധി വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയാകും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജ മാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കിര്‍ ഹുസൈന്‍, ജന പ്രതിനിധികള്‍, വിവിധ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അവകാശം അതിവേഗം പദ്ധതി
ലോകത്തിനു മുന്‍പില്‍ ഒട്ടേറെ വികസന ക്ഷേമ മാതൃകകള്‍ സൃഷ്ടിക്കുകയും അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത സംസ്ഥാനത്തിന്റെ പുത്തന്‍ ചുവടുവയ്പ്പാണ് അവകാശം അതിവേഗം പദ്ധതി. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യം എന്നീ നാലു ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് അതി ദാരിദ്ര്യരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുള്ളത്. വിപുലമായ ജനപങ്കാളിത്തത്തിലൂടെയും ശാസ്ത്രീയ രീതികളിലൂടെയും നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയും സംസ്ഥാനത്ത് 64006 അതിദരിദ്രരെ കണ്ടെത്തുകയുണ്ടായി. ഓരോ കുടുംബത്തിന്റെയും അതിദാരിദ്ര്യാവസ്ഥ മാറ്റുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടുത്തി മൈക്രോ പ്ലാനുകള്‍ തയാറാക്കുന്നതിനോടൊപ്പം ഗുണഭോക്താക്കളില്‍ അവകാശ രേഖകള്‍ ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാന്‍ വേണ്ടി അവകാശം അതിവേഗം എന്ന പ്രത്യേക പദ്ധതി രൂപപ്പെടുത്തുകയും ചെയ്തു. അഞ്ചു വര്‍ഷം കൊണ്ടു സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഥമ മുന്‍ഗണനകളില്‍ ഒന്നാണ്. ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍ ഉള്‍പ്പെടാതെ പോയവരുമായ അതിദരിദ്രരെ കണ്ടെത്തി അവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള സഹായവും, പദ്ധതികളും മൈക്രോപ്ലാനിലൂടെ നടപ്പാക്കുക എന്നതാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന ഉപപദ്ധതിയുടെ ലക്ഷ്യം.