പുസ്തകോത്സവം 2023
പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതി മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട പുസ്തകോത്സവം 2023 സംഘടിപ്പിക്കുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (സി.ആര്‍ അച്യുതന്‍ നായര്‍ നഗര്‍ ) നടക്കുന്ന പുസ്തകോത്സവത്തില്‍ കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാധകരും പങ്കെടുക്കും. മേയ് ആറിന് രാവിലെ ഒന്‍പതിന് കോന്നി എംഎല്‍എ അഡ്വ. കെ.യു വെള്ളിജനീഷ് കുമാര്‍ പുസ്തകോത്സവം ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.ജെ ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് പുസ്തക പ്രകാശനവും നടക്കും. രാവിലെ 11 ന് ബാലസംഘം ജില്ലാ പ്രസിഡന്റ് വി.കെ നീരജ ബാലവേദി സംഗമം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് വയലാര്‍ അവാര്‍ഡ് ജേതാവ് വി.ജെ ജയിംസ് സാഹിത്യ സംഗമം ഉദ്ഘാടനം നിര്‍വഹിക്കും. മേയ് ഏഴിന് രാവിലെ 11 ന് നടക്കുന്ന കവി സമ്മേളനം കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. കോന്നിയൂര്‍ ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളും മറ്റ് പ്രമുഖ കവികളും പങ്കെടുക്കും. വൈകുന്നേരം മൂന്നിന് ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമവും മുന്‍കാല നേതാക്കളെ ആദരിക്കലും ചടങ്ങ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍കാല നേതാക്കളെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ആദരിക്കും. മേയ് എട്ടിന് രാവിലെ 11 ന് നടക്കുന്ന വനിതാവേദി സംഗമം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.എ.ജി ഒലീന ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കോമളം അനിരുദ്ധന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തക ഡോ.എം.എസ് സുനില്‍ മുഖ്യ പ്രഭാഷണം നടത്തും.
കൊയ്ത്ത് ഉത്സവം നടത്തി
അടൂര്‍ കൃഷി ഭവന്‍ പരിധിയില്‍ വര്‍ഷങ്ങളായി തരിശ് കിടന്ന കൊക്കാട്പടി പാടശേഖരത്തിലെ 10 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്ത് നെല്ലു കൊയ്ത്ത് ഉദ്ഘാടനം നടത്തി. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി സജി സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കൊയ്ത്ത് ഉദ്ഘാടനം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യ ക്ഷന്‍മാരായ അജി പാണ്ടിക്കുടി, ബീന ബാബു, കൗണ്‍സിലര്‍മാരായ അഡ്വ. ഷാജഹാന്‍, ബിന്ദു കുമാരി, പാടശേഖര സമിതി സെക്രട്ടറി ബാബു, പ്രസിഡന്റ് എച്ച് ഹരിദാസ്, കാര്‍ഷിക വികസന സമിതി അംഗം ബോബി മാത്തുണ്ണി, സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യോതി ലക്ഷ്മി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, കൃഷി ഓഫീസര്‍ ആലിയ ഫര്‍സാന, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി ഒ രാജീവ്, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 092/2016) തസ്തികയിലേക്ക് 15.10.2019 തീയതിയില്‍ നിലവില്‍വന്ന 544വെള്ളി/19/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 14.10.2022 തീയതി അര്‍ദ്ധരാത്രിയില്‍ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 15.10.2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
വട്ടക്കാവ് – നെല്ലിക്കാല പാതയില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഈ പാതയില്‍ കൂടിയുളള ഗതാഗതം നാളെ (6) മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. ഇതിനു പകരം നെല്ലിക്കാല-നാരങ്ങാനം പാത ഉപയോഗിക്കണമെന്ന് കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ലേലം
പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ് ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ കടമുറികളുടെ ലേലം മേയ് എട്ടിന് രാവിലെ 11 ന് പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2242215, 2240175.
വസ്തു നികുതി പുതുക്കിയ നിരക്ക് വിജ്ഞാപനം ചെയ്തു
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ 01/04/2023 മുതല്‍ പുതുക്കി നിശ്ചയിച്ച വിജ്ഞാപനം ഗ്രാമപഞ്ചായത്ത് ഓഫീസിലും ഘടകസ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാന നിരക്കുകളും മേഖലകളും സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും മെയ് 30 ന് വൈകിട്ട് അഞ്ചിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കാവുന്നതാണെന്ന് വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.