ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷിക്കാം
കേരളത്തിലെ സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി ഇന്‍ ഇന്‍സ്റ്റിറ്റിയുഷന്‍സിന് 2022-2023 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റ് ഇന്‍ എയ്ഡ് അനുവദിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15 ന് വൈകുന്നേരം അഞ്ചു വരെ. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ :0468 2325168. നിശ്ചിത തീയതി കഴിഞ്ഞതും നിബന്ധനകള്‍ പാലിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
അതിഥി അധ്യാപക നിയമനം
പത്തനംതിട്ട ഇലന്തൂര്‍ സര്‍ക്കാര്‍ കോളജില്‍ 2023-24 അക്കാദമിക് വര്‍ഷത്തേക്ക് അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 15 മുതല്‍ 19 വരെ നടക്കും. മേയ് 15 ന് രാവിലെ 10.30 ന് മലയാളം, 11.30 ന് സംസ്‌കൃതം, ഉച്ചയ്ക്ക് രണ്ടിന് ഹിന്ദി, മേയ് 17 ന് രാവിലെ 11 ന് ഇംഗ്ലീഷ്, മേയ് 18 ന് രാവിലെ 10.30 ന് കൊമേഴ്സ്, മേയ് 19 ന് രാവിലെ 10.30 ന് കെമിസ്ട്രി ഉച്ചയ്ക്ക് രണ്ടിന് ബോട്ടണി എന്നീ സമയങ്ങളില്‍ അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, യോഗ്യത, പ്രവര്‍ത്തി പരിചയം, പാനല്‍ രജിസ്ട്രേഷന്‍ തുടങ്ങിയവയുടെ അസല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. വെബ് സൈറ്റ് : www.gcelanthoor.ac.in
ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നൂറുദിനകര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ സര്‍വേയ്ക്ക് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. സര്‍വേ ഉദ്ഘാടനം വള്ളംകുളം കാവുങ്കല്‍ ജംഗ്ഷനില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ നിര്‍വഹിച്ചു. സാക്ഷരതാ മിഷന്‍, കൈറ്റ് കേരള, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണ് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടത്തുന്നത്. സാധാരണ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ മേഖലയെക്കുറിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സര്‍വേ. ഡിജിറ്റല്‍ സര്‍വേ ഫോം ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഓരോ വാര്‍ഡിലും സര്‍വേ ടീം ഇതിനായി രൂപീകരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് ലഭ്യതയും ഉള്ളവരുടെ വിവരങ്ങള്‍ സര്‍വേയിലൂടെ ശേഖരിക്കും. ഡിജിറ്റല്‍ മേഖലയിലെ പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം കണ്ടെത്തുന്നതിന് പതിമൂന്നു ചോദ്യങ്ങള്‍ സര്‍വേഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതാമിഷന്‍ ജില്ലാ കോഓര്‍ ഡിനേറ്റര്‍ പദ്ധതി വിശദീകരണം നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ എസ് രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ വിജയമ്മ, അനില്‍ ബാബു, എം എസ് മോഹനന്‍, ബിജി ബെന്നി,അമ്മിണി ചാക്കോ, ഷേര്‍ലി ജയിംസ്, ആര്‍ ജയശ്രീ, പൊതുപ്രവര്‍ത്തകരായ കെ എന്‍ രാജപ്പന്‍, കെ ആര്‍ പ്രസാദ്, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനെറ്റര്‍ വൈ സജീന, ഇ മുറ്റം കോഓര്‍ഡിനേറ്റര്‍ വനമാലി ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ മണ്ണ് പരിശോധനയും മണ്ണ് പരിശോധന കാര്‍ഡും ലഭിക്കും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ കര്‍ഷകരുടെ മണ്ണ് സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് മണ്ണ് പരിശോധന കാര്‍ഡ് നല്‍കും. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വികസിപ്പിച്ചെടുത്ത മണ്ണിനെ അറിയാം മൊബൈലിലൂടെ (എംഎഎം) എന്ന മൊബൈല്‍ ആപ്പിലൂടെ അതത് സ്ഥലത്തിലെ മണ്ണിന്റെ ഗുണനിലവാരം അറിയാനും പോരായ്മകള്‍ മനസിലാക്കി വളപ്രയോഗം നടത്തുന്നതിനുളള ശുപാര്‍ശയും ലഭിക്കും. ഫോണ്‍ : 0468 2323105, 9495117874.
ചന്ദനപ്പള്ളി പിഎച്ച്‌സി പുതിയ കെട്ടിട നിര്‍മ്മാണത്തിന്
ഒരു കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി
ചന്ദനപ്പള്ളി പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ഔട്ട് പേഷ്യന്റ് വിഭാഗത്തിന് പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ഒരു കോടി 40 ലക്ഷം അടങ്കലിന് ഭരണാനുമതി ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഫണ്ട് വിനിയോഗത്തിലൂടെയാണ് പദ്ധതി സാധ്യമാകുന്നത്. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി എന്‍എച്ച്എം ചുമതലപ്പെടുത്തിയിരുന്ന കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കി സമര്‍പ്പിച്ച വിശദ പദ്ധതി രേഖയ്ക്കാണ് സംസ്ഥാന മിഷന്‍ ഡയറക്ടറേറ്റില്‍ നിന്നും കഴിഞ്ഞ ദിവസം ഭരണാനുമതി ലഭ്യമായത്. നിലവിലുള്ള പഴയ കെട്ടിടം, വാട്ടര്‍ ടാങ്ക് അടക്കമുള്ള ചില പഴയ നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി മണ്ണ് പരിശോധന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അതിനുശേഷം മാത്രമേ പദ്ധതിയുടെ സാങ്കേതിക അനുമതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയൂ എന്നും നിര്‍വഹണ ഏജന്‍സിയായ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിന്നു. സമയബന്ധിതമായി പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തുടര്‍നടപടി കാല വിളമ്പം ഒഴിവാക്കി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
ജില്ലാ ശിശുക്ഷേമ സമിതി അനുശോചിച്ചു
മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ നിര്യാണത്തിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനദാസിന്റെ വേര്‍പാടിലും പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി അനുശോചനം രേഖപ്പെടുത്തി.
ജില്ല ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഷിക പൊതുയോഗം , എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് വര്‍ക്ക് ഷോപ്പുകള്‍, ക്രഷുകളുടെ പ്രവര്‍ത്തനം കാര്യമാക്കല്‍ തുടങ്ങിയവ നടത്താനും സമിതി തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് ആര്‍.അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറര്‍ എ.ജി. ദീപു, കെ. ജയകൃഷ്ണന്‍, ടി.രാജേഷ്‌കുമാര്‍, സുമാ നരേന്ദ്ര, എസ്. മീരാസാഹിബ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രവാസി പുനരധിവാസ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്സുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിനായി വിവിധ ജില്ലകളിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട സംരംഭകത്വ ഗുണമുളള യുവതീയുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍രഹിതരും 18 നും 55 നും മധ്യേ പ്രായം ഉളളവരും ആയിരിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. നല്‍കുന്ന വായ്പയുടെ 15 ശതമാനം ബാക്ക് എന്റഡ് സബ്സിഡി ആയും തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ നാല് വര്‍ഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയായും നോര്‍ക്ക റൂട്സ് അനുവദിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കമുസരിച്ച് ഉദ്യോഗസ്ഥ /വസ്തു ജാമ്യം ഹാജരാക്കണം. താത്പര്യമുളള അപേക്ഷകര്‍ കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ് എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ : 04734 253381.
ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് കീഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് ഡവലപ്മെന്റ് സെന്റര്‍ (ഇഡിസി) സംഘടിപ്പിക്കുന്ന ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിലേക്ക് നിലവില്‍ സംരംഭങ്ങള്‍ നടത്തിവരുന്ന സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എംഎസ്എംഇ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയില്‍ പിന്തുണയ്ക്കുക, എം എസ് എം ഇ യൂണിറ്റുകളെ മത്സരാധിഷ്ഠിതവും വളര്‍ച്ചാ കേന്ദ്രീകൃതവുമാക്കുക തുടങ്ങിയവയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍. www.edckerala.org എന്ന വെബ് സൈറ്റ് മുഖേന മെയ് 20 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2550322, 2532890.
വസ്തു നികുതി നിരക്കുകള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ അറിയിക്കാം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 01.04.2023 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ വസ്തു നികുതി നിരക്കുകള്‍ പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുളളതും ആയത് പരിശോധിച്ച് അഭിപ്രായങ്ങളും ആക്ഷേപങ്ങളും 30 ദിവസത്തിനുളളില്‍ പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്നും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കെട്ടിട ഉടമകള്‍ വിവരങ്ങള്‍ അറിയിക്കണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കെട്ടിടം പുതുക്കി പണിയുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടുളള കെട്ടിട ഉടമകള്‍ പഞ്ചായത്ത് ഓഫീസിലും citizen.lsgkerala.gov.in, lsgkerala.gov.in എന്ന സൈറ്റുകളിലും ലഭ്യമായ ഫാറം 9 ബി യില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വസ്തു നികുതി നിരക്കുകള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ അറിയിക്കാം
മെഴുവേലി ഗ്രാമപഞ്ചായത്തിലെ 01.04.2023 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ വസ്തു നികുതി നിരക്കുകള്‍ പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുളളതും ആയത് പരിശോധിച്ച് അഭിപ്രായങ്ങളും ആക്ഷേപങ്ങളും ജൂണ്‍ നാലിന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്നും മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കെട്ടിട ഉടമകള്‍ വിവരങ്ങള്‍ അറിയിക്കണം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിട നിര്‍മ്മാണം/ പുനര്‍ നിര്‍മ്മാണം എന്നിവ നടത്തിയിട്ടുള്ളവര്‍ മെയ് 15 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അറിയിച്ചു.
വസ്തു നികുതി നിരക്കുകള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2023 വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതുക്കിയ നികുതി നിരക്കുകളുടെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച നിരക്കുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും ജൂണ്‍ ഏഴിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.