സ്‌കോള്‍ കേരള യോഗ കോഴ്സ് ഉദ്ഘാടനം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 10 ന് രാവിലെ 10.30 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. റോഷന്‍ നായര്‍ മുഖ്യാതിഥി ആയിരിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ്, പത്തനംതിട്ട യോഗ അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി മുതലായവര്‍ പങ്കെടുക്കും.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ നില്‍ക്കുന്ന ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്‍ ജൂണ്‍ 20 രാവിലെ 11 ന് അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20 ന് രാവിലെ 10 വരെ. ഫോണ്‍ : 9447107085.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. എം.ബി.എ./ബി.ബി.എ. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം / ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ടി.ഒ.ടി. കോഴ്സ് വിജയിച്ച സര്‍ട്ടിഫിക്കറ്റും ആണ് അടിസ്ഥാന യോഗ്യതകള്‍ . കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും ഉള്ളവര്‍ ജൂണ്‍ 12 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐ യില്‍ ഹാജരാകണം .
ഫോണ്‍: 0468- 2258710
ഇലന്തൂര്‍ ഗവ.നഴ്സിംഗ് സ്‌കൂളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ ഗവ. നഴ്സിംഗ് സ്‌കൂളില്‍ 2023 അധ്യയന വര്‍ഷത്തേക്കുള്ള നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 20 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 9446301881, 9388888461. വെബ്സൈറ്റ് : WWW.DHS.GOV.IN
അങ്കണവാടി വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു.
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍. എസ്.എസ്.എല്‍.സി പാസായവര്‍ ആയിരിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ജൂണ്‍ 22. ഫോണ്‍. 0469 2997331
പ്രതിരോധ കുത്തിവെയ്പിനെത്തുന്നവര്‍ ശ്രദ്ധിക്കുക
ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും പ്രതിരോധ കുത്തിവെയ്പുകള്‍ ഏകീകൃത പോര്‍ട്ടലായ യൂവിന്‍ ല്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങി. ഗര്‍ഭിണികളുടേയും, കുട്ടികളുടേയും രോഗപ്രതിരോധ കുത്തിവെയ്പിനായി ആരോഗ്യ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സമയത്ത് രജിസ്ട്രേഷനായി നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണമെന്നും പ്രതിരോധ കുത്തിവെയ്പ് കാര്‍ഡ് കൊണ്ടുവരണമെന്നും ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി അറിയിച്ചു.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പെര്‍ ;
സെലക്ഷന്‍ ലിസ്റ്റിനുളള അഭിമുഖം 13 മുതല്‍
പുളിക്കീഴ് ഐ.സി.ഡി.എ.സ് പ്രോജെക്ട് പരിധിയില്‍ നിരണം ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പെര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിന് സെലക്ഷന്‍ ലിസ്റ്റ് തയാറാക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ 13, 14, 15 തീയതികളില്‍ പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടത്തും. ഇത് സംബന്ധിച്ച കത്ത് എല്ലാ അപേക്ഷകര്‍ക്കും അയച്ചിട്ടുണ്ട്. കത്ത് ലഭിക്കാത്തവര്‍ പുളിക്കീഴ് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0469-2610016.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8078140525.
ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബയോമെഡിക്കല്‍ വിഭാഗം ജൂണ്‍ 12 നും കമ്പ്യൂട്ടര്‍ വിഭാഗം ജൂണ്‍ 13 നും രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടക്കുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.
സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി
മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ രണ്ട് ടീമുകളും സംയുക്തമായി പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം 700 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 25 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ ബള്‍ക്ക് ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നും കൂടുതല്‍ നിരോധപ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മുനിസിപ്പല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബൈജു പോള്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്വാതി, പത്തനംതിട്ട നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കെ-മാറ്റ് രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്
എംബിഎ പ്രവേശനത്തിനുളള കേരള മാനേജ്മെന്റ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് അപേക്ഷ സമര്‍പ്പിക്കാനുളള ഹെല്‍പ്പ് ഡെസ്‌ക് പുന്നപ്ര കേപ്പ് ക്യാമ്പസ്, ഐഎംടി പുന്നപ്ര എം.ബി.എ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ജൂണ്‍ 12 വരെ ഈ സേവനം ലഭിക്കും. ഡിഗ്രി പാസായവര്‍ക്കും ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും കെ-മാറ്റിന് അപേക്ഷിക്കാം. ഹെല്‍പ്പ് ഡെസ്‌ക് സേവനം ഉപയോഗപ്പെടുത്തി കെ മാറ്റ് പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ കെ-മാറ്റ് പരിശീലന ക്ലാസും ഐഎംടി പുന്നപ്രയുടെ നേതൃത്വത്തില്‍ നടത്തും. ഫോണ്‍: 0477 2267602, 9188067601, 9526118960, 9747272045, 9746125234.
ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍പ്പെട്ട അരുവാപ്പുലം, കോന്നി, തണ്ണിത്തോട് എന്നീ പഞ്ചായത്തുകളിലെ 95 അംഗന്‍വാടികളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റ് ലഭ്യമാക്കുന്നതിന് ടെന്‍ഡറുകള്‍ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന സമയം ജൂണ്‍ 19 ന് ഉച്ചയ്ക്ക് 2.30 വരെ. ഫോണ്‍. 0468 2334110.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15 ന് വൈകുന്നേരം മൂന്നുവരെ. ഫോണ്‍: 0468 2322014.
പരിസ്ഥിതി ദിനം ആഘോഷമാക്കി ഭവന്‍സ് വിദ്യാമന്ദിര്‍
വാര്യാപുരം ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജി ബേബി, വൈസ് പ്രിന്‍സിപ്പല്‍ പി.ആര്‍ ആശ, സുവര്‍ണ ശശി എന്നിവര്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സന്ദേശം നല്‍കി. ലിറ്റില്‍ ഗാര്‍ഡന്‍ എന്ന പേരില്‍ കുട്ടികള്‍ക്കായിയുള്ള പ്രവൃത്തി പരിചയ പദ്ധതിക്ക് പ്രിന്‍സിപ്പല്‍ തുടക്കം കുറിച്ചു. ചടങ്ങില്‍ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവായ ടി.കെ കൃഷ്ണദാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ചിത്ര അനീഷ്, അന്നാസ് പി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ക്യാഷ് അവാര്‍ഡ്
2023-24 അധ്യയനവര്‍ഷം നടന്ന വിവിധ മത്സര പരീക്ഷകളില്‍ ഉയര്‍ന്നമാര്‍ക്ക് വാങ്ങി വിജയിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തിനകത്ത് പഠിച്ചവര്‍ ആയിരിക്കണം. പത്താം ക്ലാസ് അപേക്ഷകരില്‍ എസ്എസ്എല്‍സി പരീക്ഷ പാസായവര്‍ ആഗസ്റ്റ് 15 ന് മുന്‍പായി ഇഗ്രാന്റ്സ് 3.0- ല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം.