ദാക്ഷായണി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതകളില്‍ നിന്നും 2023-24 വര്‍ഷത്തെ ദാക്ഷായണി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളും നോമിനേഷനുകളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 ന് വൈകുന്നേരം അഞ്ചു വരെ. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍ (പുസ്തകം, സി.ഡി കള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷക കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രയോജനപ്പെടുന്ന വിധത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജ്ജിച്ച വനിതകള്‍ക്കും പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കും മുന്‍ഗണന നല്‍കും. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും നിശ്ചിത മാതൃകയിലല്ലാത്ത അപേക്ഷകളും അവാര്‍ഡിന് പരിഗണിക്കുന്നതല്ല. അവാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ് സൈറ്റ് /ജില്ലാ വനിതാശിശുവികസന ഓഫീസ്/പ്രോഗ്രാം ഓഫീസ്/ശിശുവികസനപദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും. ഫോണ്‍ : 04682 966649.
പത്താം തരം/ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും പിഎസ്സി നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുപരീക്ഷാ ബോര്‍ഡുമാണ്.
പത്താംതരം / പത്താം ക്ലാസ് പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവര്‍ക്കും ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കണ്ടറി കോഴ്സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് ) അപേക്ഷിക്കാം. പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 1950 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസുമുള്‍പ്പെടെ 2600 രൂപയുമാണ്. എസ് സി/എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. അവര്‍ക്ക് പത്താംതരത്തിന് 100 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 300 രൂപയും അടച്ചാല്‍ മതിയാകും. 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കും കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപാ വീതവും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 1250 രൂപാ വീതവും പഠനകാലയളവില്‍ ലഭിക്കും.വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍/ വികസനവിദ്യാകേന്ദ്രങ്ങളെയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 2024ഫെബ്രുവരി ഒന്നു മുതല്‍ 2024 മാര്‍ച്ച് 15 വരെ ഫൈനില്ലാതെ അപേക്ഷിക്കാം.
സാക്ഷരതാ മിഷന്‍ നടത്തുന്ന സാക്ഷരതാ കോഴ്സ്, നാലാം തരം തുല്യതാ കോഴ്സ്, ഏഴാം തരം തുല്യതാ കോഴ്സ് എന്നീ കോഴ്‌സുകളിലേക്കും ഇക്കാലയളവില്‍ അപേക്ഷിക്കാം. www.literacymissionkerala.org വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍ -0468 2220799.