കെട്ടിടനികുതി, ലൈസന്‍സ് ഫീസ് അടയ്ക്കാം
2023-24 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 വരെയുളള പൊതുഅവധി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതും കെട്ടിടനികുതി, ലൈസന്‍സ് ഫീസ് തുടങ്ങിയവ അടക്കുന്നതിന് സൗകര്യമുണ്ടായിരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തെരഞ്ഞെടുപ്പ് നീരീക്ഷകര്‍
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനായി അരുണ്‍ കുമാര്‍ കേംഭവി ഐഎസിനെ നിയമിച്ചു. ചെലവ് നിരീക്ഷകന്‍ ആയി കമലേഷ് കുമാര്‍ മീണ ഐആര്‍എസ് പോലീസ് നിരീക്ഷകനായി എച്ച് രാംതലെഗ്ലിയാന ഐപിഎസിനെയും നിയമിച്ചിട്ടുണ്ട്. ചെലവ് നിരീക്ഷനായ കമലേഷ് കുമാര്‍ മീണ 27 ന് ജില്ലയില്‍ എത്തും.
ലോക്‌സഭ തെരഞ്ഞെടുപ്പ്: പൊതുജനപങ്കാളിത്തം
ഉറപ്പാക്കാന്‍ സെല്‍ഫി പോയിന്റ്
തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്ന സെല്‍ഫി പോയിന്റുകള്‍ ശ്രദ്ധേയമാകുന്നു. തെരഞ്ഞെടുപ്പില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കാനായി ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവ സംയുക്തമായാണ് സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്. ‘ഞാന്‍ വോട്ട് ചെയ്യും’ എന്ന സന്ദേശമാണ് സെല്‍ഫി പോയിന്റിലൂടെ നല്‍കുന്നത്. കളക്ടറേറ്റ് പരിസരത്ത് സ്ഥാപിച്ച സെല്‍ഫി പോയിന്റ് രണ്ടു ദിവസം മുമ്പ് കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സെല്‍ഫിയെടുത്ത് ഉദ്ഘാടനം ചെയ്തിരുന്നു. അടൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍ റവന്യു ടവറിലും കോന്നി, റാന്നി മണ്ഡലങ്ങളില്‍ മിനി സിവില്‍ സ്റ്റേഷനുകളിലുമാണ് സെല്‍ഫി പോയിന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പരസ്യം: മീഡിയ സര്‍ട്ടിഫിക്കേഷന്‍ സമിതിയുടെ
അംഗീകാരം ഉറപ്പാക്കണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ര-ദൃശ്യ-ശ്രവ്യ-സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി.) മുന്‍കൂര്‍ അംഗീകാരം നേടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്വര്‍ക്കുകള്‍, റേഡിയോ/ പ്രൈവറ്റ് എഫ്.എം. ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ്, വോയിസ് മെസേജ്, ഇ-പേപ്പറുകള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കാണ് എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം നേടേണ്ടത്.
അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ…..
പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ സംപ്രേഷണം ചെയ്യുന്നതിന് മൂന്നു ദിവസം മുമ്പെങ്കിലും നിശ്ചിത ഫോമില്‍ എം.സി.എം.സി സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികളോ വ്യക്തികളോ ആണെങ്കില്‍ ഏഴു ദിവസം മുന്‍പ് അപേക്ഷ നല്‍കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ആശയ കുറിപ്പും (ട്രാന്‍സ്‌ക്രിപ്റ്റും) സമര്‍പ്പിക്കണം. ബള്‍ക്ക് എസ്എംസ്, വോയ്സ് മെസേജുകള്‍, സാമൂഹ്യ മാധ്യമം, ഇ-പേപ്പറുകള്‍ എന്നിവയ്ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് സി.ഡി. പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം നല്‍കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം/ സംപ്രേഷണം ചെയ്യുന്നതിനുള്ള ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോയെന്ന് എംസിഎംസി സെല്‍ പരിശോധിക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് അനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്.
റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചു
2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുളള സാധന സാമഗ്രികളുടെ അംഗീകരിക്കപ്പെട്ട റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.pathanamthitta.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.