പെരുനാട്ടില്‍ ജനകീയാസൂത്രണം, കുടുംബശ്രീ
രജതജൂബിലി ആഘോഷം നാളെ (ജനുവരി 31)
കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും
റാന്നി പെരുനാട് പഞ്ചായത്തില്‍ ജനകീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണ ഉദ്ഘാടനവും കാര്‍ഷിക കര്‍മ്മ സേന ഗുണഭോക്തൃ സംഗമവും നാളെ (ജനുവരി 31) മഠത്തുമൂഴി ശബരിമല ഇടത്താവളത്തില്‍ നടക്കും. രാവിലെ 10ന് പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജനകീയാസൂത്രണവും കുടുംബശ്രീ പ്രസ്ഥാനവും കേരളത്തിനു നല്‍കിയ സംഭാവനകള്‍ എന്ന വിഷയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുസമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പദ്ധതി നിര്‍വഹണം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും കുടുംബശ്രീ രജത ജൂബിലി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
താത്കാലിക അധ്യാപക നിയമനം
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ച്ചര്‍, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീറിംഗ് എന്നിവയില്‍ ഓരോ ഒഴിവുകളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 31 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഹാജരാകണം. 60 ശതമാനം മാര്‍ക്കോടെ അതാത് വിഷയങ്ങളില്‍ ബാച്ചിലര്‍ ഡിഗ്രിയാണ് കുറഞ്ഞ യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കുന്നതാണ്. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതയും ഉണ്ടായിരിക്കണം.
കായികക്ഷമതാ പരീക്ഷ ഒന്ന് മുതല്‍
പോലീസ് (ടെലികമ്യൂണിക്കേഷന്‍സ്) വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍സ്) തസ്തികയുടെ (കാറ്റഗറി നമ്പര്‍. 250/2021) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളില്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിലുള്ള രണ്ട് പരീക്ഷ കേന്ദ്രങ്ങളിലായി രാവിലെ അഞ്ച് മണി മുതല്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത മെമ്മോ അയയ്ക്കുന്നതല്ല.
ഫോണ്‍: 0474 2 745 674.
സംരംഭകത്വ വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് സംരംഭം ആരംഭിക്കാനുളളവര്‍ക്കായി അഞ്ച് ദിവസത്തെ ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ സംരംഭകത്വ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതല്‍ 24 വരെ എറണാകുളം കളമേശരിയിലുളള കീഡ് ക്യാമ്പസില്‍ പരിശീലനം നടക്കും. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജി എസ് ടി ഉള്‍പ്പെടെ 1800 രൂപയാണ് ഫീസ്.അപേക്ഷിക്കാനുളള അവസാന തീയതി ഫെബ്രുവരി ഏഴ്.
വെബ്സൈറ്റ്: www.kied.info . ഫോണ്‍ : 0484 2 532 890, 2 550 322.
ലാപ് ടോപ്പ് വിതരണോദ്ഘാടനം നടന്നു
വളളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.ഗീതാകുമാരി, വാര്‍ഡ് അംഗങ്ങളായ പത്മാ ബാലന്‍, എം.വി സുധാകരന്‍, ജെ.ജയശ്രീ, ജി.ലക്ഷ്മി, ലിസി ജോണ്‍സണ്‍, പ്രസന്നകുമാരി, അഡ്വ. തോമസ് ജോസ് അയ്യനേത്ത്, ആതിര മഹേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജെ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി മിനി തോമസ് എന്നിവര്‍ പങ്കെടുത്തു.
ലക്ചറര്‍ അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സില്‍ ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സര്‍ക്കാര്‍, അക്കാദമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലാവും നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാലിന് വൈകുന്നേരം 5 മണി. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.keralamediaacademy.org ഫോണ്‍: 0484 2 422 275,2 422 068.
അംശദായം അടയ്ക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മുഴുവന്‍ അധ്യാപകരും 2022-2023 സാമ്പത്തിക വര്‍ഷത്തെ അംശദായം മാര്‍ച്ച് 10 ന് മുന്‍പ് അടയ്ക്കണമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2 966 577.
ഗതാഗത നിയന്ത്രണം
കായംകുളം-പത്തനാപുരം റോഡില്‍ പറക്കോട് മുതല്‍ പട്ടാഴിമുക്ക് വരെയുളള ഭാഗത്ത് നാളെ (31) ടാറിംഗ് പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറ് മുതല്‍ 17 വരെ എറണാകുളം കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് പ്രമോഷന്‍, സര്‍ക്കാര്‍ സ്‌കീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് ലോണുകള്‍, എച്ആര്‍ മാനേജ്മന്റ്, കമ്പനി രജിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 5900 രൂപയാണ് പരിശീലന ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റില്‍ www.kied.info ഫെബ്രുവരി മൂന്നിനു മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ : 0484 2 532 890, 2 550 322, 7012 376 994.
പൊതുമേഖലാ വ്യവസായ സ്ഥാപന
മാധ്യമ റിപ്പോര്‍ട്ട് : അവാര്‍ഡിന് എന്‍ട്രി നല്‍കാം
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മാധ്യമ റിപ്പോര്‍ട്ട് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകമായാണ് ബഹുമതികള്‍. ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാന ജേതാവിന് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. 2021-ലെയും 2022-ലെയും കലണ്ടര്‍ വര്‍ഷത്തെ മാധ്യമ റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏതു സ്വഭാവത്തിലെ റിപ്പോര്‍ട്ടുകളും അയയ്ക്കാം. എന്‍ട്രിയുടെ 3 കോപ്പികള്‍, ബയോഡേറ്റ, പത്രത്തിന്റെ ഒറിജിനല്‍ എന്നിവ ഉള്‍പ്പടെ അയയ്ക്കണം. ദൃശ്യമാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഡി.വി.ഡിയിലോ പെന്‍ ഡ്രൈവിലോ ലഭ്യമാക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എന്‍ട്രികള്‍ അയയ്ക്കാം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ഫെബ്രുവരി 20 നകം ലഭിക്കണം. ഫോണ്‍ :0484 2 422 275. ഇ-മെയില്‍ : [email protected] . വെബ്‌സൈറ്റ:് www.keralamediaacademy.org
ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കോഴ്‌സ്
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഐഇഎല്‍റ്റിഎസ്) കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 100 മണിക്കൂര്‍ ആണ് കോഴ്സിന്റെ കാലാവധി. യോഗ്യത: ബി.എസ് സി നഴ്‌സിംഗ്/ എം.എസ് സി നഴ്‌സിംഗ്/ ജിഎന്‍എം ബിരുദദാരികള്‍. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലസ്‌മെന്റ് അവസരം ഒഡിഇപിസി വഴി ലഭിക്കും. തിരുവല്ല അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കോഴ്സ് നടത്തപ്പെടുക. അവസാന തീയതി ഫെബ്രുവരി ഏഴ് ഫോണ്‍: 8592086090.
കളക്ടറേറ്റില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ്;
നാളെ (31) ടെസ്റ്റിംഗ്, മറ്റന്നാൾ മുതല്‍ (ഫെബ്രുവരി 1) പ്രാബല്യത്തില്‍
നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും സമയക്രമം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ജീവനക്കാരുടെ ഹാജര്‍ സ്പാര്‍ക്ക് ബന്ധിത ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗിലൂടെ രേഖപ്പെടുത്തുന്ന സംവിധാനം പത്തനംതിട്ട കളക്ടറേറ്റില്‍ നടപ്പാക്കുന്നു. കളക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി. ഇതിന്റെ ടെസ്റ്റിംഗ് നാളെ (31) നടക്കും. വിജയകരമായാല്‍ മറ്റന്നാൾ മുതല്‍ (ഫെബ്രുവരി 1) കളക്ടറേറ്റിലെ റവന്യു ജീവനക്കാര്‍ക്ക് പഞ്ചിംഗ് പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. റവന്യുവിനു പുറമേ കളക്ടറേറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ടൂറിസം ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം, പൊതുമരാമത്ത് ഇലക് ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്‍ഡ് എന്‍ജിനിയറുടെ ഓഫീസ്, ജില്ലാ പ്ലാനിംഗ് ഓഫീസ്, സ്‌പെഷല്‍ തഹസീല്‍ദാര്‍ എല്‍എ ജനറല്‍, ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസ്, അസിസ്റ്റന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ സര്‍വെ സൂപ്രണ്ട് ഓഫീസ്, ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് സര്‍വേ എന്നിങ്ങനെ 10 ഓഫീസുകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ജീവനക്കാരുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ ഓഫീസുകളിലും പഞ്ചിംഗ് പ്രാബല്യത്തില്‍ വരും. പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം എന്നീ നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും സമയക്രമം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഭരണനവീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനുമാണ് സ്പാര്‍ക്ക് ബന്ധിത ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. കളക്ടറേറ്റിനെ ഒറ്റ യൂണിറ്റായി കണക്കാക്കി ഇതിനാവശ്യമായ പഞ്ചിംഗ് മെഷീനുകള്‍ കെല്‍ട്രോണ്‍ മുഖേന സ്ഥാപിക്കുന്നത് റവന്യു വകുപ്പാണ്. കളക്ടറേറ്റിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ അഞ്ചും, ഫസ്റ്റ് ഫ്‌ളോറില്‍ രണ്ടും, സെക്കന്‍ഡ് ഫ്‌ളോറിലും തേഡ് ഫ്‌ളോറിലും ഒന്നു വീതവും ഫോര്‍ത്ത് ഫ്‌ളോറില്‍ രണ്ടും ഉള്‍പ്പെടെ ആകെ 11 പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം നാളെ(31) പൂര്‍ത്തിയാകും. സിവില്‍ സ്റ്റേഷനിലെ ഏത് ഓഫീസിലെ ജീവനക്കാരനും ഏത് മെഷീനിലും പഞ്ച് ചെയ്ത് ഹാജര്‍ രേഖപ്പെടുത്താം. ജീവനക്കാര്‍ക്ക് മാസത്തില്‍ 300 മിനിറ്റ് ഗ്രേസ് ടൈം അനുവദിക്കും. ഒരു ദിവസം പരമാവധി 60 മിനിറ്റ് മാത്രമേ വിനിയോഗിക്കാനാവു. അനുവദനീയമായ ഗ്രേസ് ടൈം കഴിഞ്ഞ് താമസിച്ച് വരുകയും നേരത്തെ പോകുകയും ചെയ്യുകയാണെങ്കില്‍ അര്‍ഹമായ അവധി അപേക്ഷ സമര്‍പ്പിക്കാത്തപക്ഷം ഹാജരായില്ലെന്ന് കണക്കാക്കുകയും ഈ ദിവസത്തെ ശമ്പളം കുറവു ചെയ്യുകയും ചെയ്യും. ഒരു മാസത്തില്‍ 10 മണിക്കൂറോ അതില്‍ അധികം സമയമോ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് (ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) അപേക്ഷിക്കുന്ന പക്ഷം മാസത്തില്‍ ഒരു ദിവസം കോമ്പന്‍സേറ്ററി ഓഫായി അനുവദിക്കും. കോമ്പന്‍സേറ്ററി ഓഫീന് നിലവിലുള്ള മാനദണ്ഡങ്ങള്‍ ഇതിനും ബാധകമാണ്. ഒരു മാസത്തില്‍ അധിക സമയം ജോലി ചെയ്യുന്ന മണിക്കൂര്‍ കണക്കാക്കുന്നത് ഓരോ ദിവസത്തെയും നിര്‍ബന്ധിത പ്രവര്‍ത്തി സമയം ( ഏഴു മണിക്കൂര്‍) കഴിച്ച് വരുന്ന സമയമാണ്. ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്യണം. ഒരു തവണ മാത്രം പഞ്ച് ചെയ്താല്‍ ബാക്കി സമയം ലീവായി കണക്കാക്കുകയും അവധി അപേക്ഷ നല്‍കാത്തപക്ഷം ശമ്പളത്തില്‍ കുറവു വരുകയും ചെയ്യും. ഫെബ്രുവരി 28 വരെ ബയോമെട്രിക് പഞ്ചിംഗിനു സമാന്തരമായി നിലവിലുള്ളതുപോലെ ഹാജര്‍ പുസ്തകത്തില്‍ കൂടി ഹാജര്‍ രേഖപ്പെടുത്തും. പഞ്ചിംഗ് സംവിധാനം കളക്ടറേറ്റില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസാണ് നിര്‍വഹിക്കുന്നത്. ബയോമെട്രിക് പഞ്ചിംഗ് പദ്ധതിയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍ കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ് ഹനീഫാണ്.
നോളജ് വില്ലേജ്: വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ തല സമിതി
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനുമായി വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ തല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചെയര്‍മാനും റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ വൈസ് ചെയര്‍മാനും തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായുള്ള സമിതിയാണ് രൂപീകരിക്കുന്നത്. ആധുനിക വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി, അംഗന്‍വാടികള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ നടത്തുന്ന അക്കാഡമിക് പ്രവര്‍ത്തനങ്ങളുടെ മികവ്, തൊഴില്‍ സംരംഭകത്വ സംസ്‌കാരം മെച്ചപ്പെടുത്തല്‍ എന്നീ ലക്ഷ്യത്തോടെ റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ ആവിഷ്‌കരിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്നതോടെ പദ്ധതിയുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും സുപ്രധാനമായ ചുവടുവെയ്പ്പാണ് സാധ്യമാകുന്നത്. റാന്നിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌കില്‍ ആന്‍ഡ് ഇന്നവേഷന്‍ ഹബിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി റാന്നി നോളജ് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തിനാകെ മാതൃകയാകുന്ന പദ്ധതിക്ക് മുഖ്യമന്ത്രിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.
വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍, ശിശുക്ഷേമം, പ്രവാസി ക്ഷേമം, നൈപുണ്യ പരിശീലനം തുടങ്ങി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ റാന്നി നോളജ് വില്ലേജ് പദ്ധതിക്കായി ഏകോപിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം ആണ്. മുന്‍ മാതൃകകളില്ലാത്ത റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ മുന്നൊരുക്കത്തിനും അക്കാഡമിക് തല ആസൂത്രണത്തിനുമായി സമാനതകളില്ലാത്ത വിപുലമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടത്തിയത്. പ്രീ പ്രൈമറി തലം, സ്‌കൂള്‍ തലം, ഉന്നത വിദ്യാഭ്യാസ തലം എന്നിവയില്‍ മൂന്ന് അക്കാദമിക് കൗണ്‍സിലുകള്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ചു. മൂന്ന് കൗണ്‍സിലുകളുടെയും ഏകോപിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സമിതി രൂപീകരിച്ചു
മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും അക്കാദമിക് വിദഗ്ധനുമായ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ശില്പശാല മുതല്‍ തുടര്‍ന്ന് നടന്ന വിവിധതലത്തിലുള്ള അക്കാദമിക്ക്ചര്‍ച്ചകളിലും വര്‍ക്ക് ഷോപ്പുകളിലും കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉണ്ടായി.
ഒരു വിദ്യാഭ്യാസ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുകയും ആ അഭിപ്രായ രൂപീകരണത്തില്‍ പങ്കാളികളാവുകയും ചെയ്യുക എന്ന അപൂര്‍വ മാതൃകയ്ക്കും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച റാന്നി നോളജ് അസംബ്ലിയില്‍ റാന്നി അസംബ്ലി മണ്ഡലത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. മുന്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ആയിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ് റാന്നിയില്‍ സ്ഥാപിതമാകുന്ന സ്‌കില്‍ ആന്‍ഡ് ഇന്നവേഷന്‍ ഹബ്. ഈ പദ്ധതിയുടെ ആസൂത്രണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ റാന്നിയിലെ എല്ലാ വിദ്യാലയങ്ങളെയും കോര്‍ത്തിണക്കി ഒട്ടേറെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്. അംഗന്‍വാടി, പ്രീ സ്‌കൂള്‍ എന്നിവയ്ക്കായുള്ള മോണ്ടിസോറി അധിഷ്ഠിത കരിക്കുലം രൂപീകരണം, കരിക്കുലം പരിഷ്‌കരണം, റാന്നിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അഭിരുചികള്‍ അടയാളപ്പെടുത്തുന്ന ആപ്റ്റിറ്റിയൂഡ് മാപ്പിംഗ്, കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ അവരുടെ പഠനാനുഭവങ്ങളും സാമൂഹ്യ ജീവിതത്തിന്റെ കാഴ്ചകളും ഒപ്പിയെടുത്ത് രൂപം നല്‍കിയ കേരളത്തിലെ ആദ്യത്തെ ഇ -ബുക്ക് ആവിഷ്‌ക്കാറിന്റെ പ്രകാശനം, ഗണിതത്തിന് വിവിധ കാരണങ്ങളാല്‍ മികവ് തെളിയിക്കാന്‍ കഴിയാതെ പോയ സ്‌കൂള്‍ കുട്ടികള്‍ക്ക് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രത്യേകമായ പരിശീലനം നല്‍കുന്ന ജ്വാല എന്ന കേരളത്തെ ആകെ ആകര്‍ഷിച്ച പദ്ധതി. ഉന്നത വിദ്യാഭ്യാസ രംഗത്ത് നവ്യാനുഭവമായി മാറിയ ഒരു കോളജിലെ അധ്യാപകര്‍ മറ്റൊരു കോളജില്‍ പോയി വിഷയങ്ങളും ആശയങ്ങളും കൈമാറ്റം ചെയ്യുന്ന ഇന്റര്‍ ഡിസിപ്ലിനറി ലേണിംഗ് പദ്ധതി, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ റാന്നിയില്‍ നടപ്പിലാക്കിയത്. വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിയുടെചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കീഫ്ബിസിഇഒയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. കെ.എം. എബ്രഹാം, അസാപ് എംഡി ഡോ. ഉഷ ടൈറ്റ്സ്, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, ഐസിടിഎകെ സിഇഒ സന്തോഷ് കുറുപ്പ്, ഡിഡിയു-ജികെവൈ പ്രോഗ്രാം മാനേജര്‍ പി.എന്‍. ഷിബു, കെഎഎസ്ഇ ഓപ്പറേഷന്‍ മാനേജര്‍സുബിന്‍ ദാസ്, ഐസിടിഎകെ, ഇ ഗവ. ഹെഡ് ആര്‍. അഭിലാഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
റാന്നി നോളജ് വില്ലേജ്
മലയോര റാണിയായ റാന്നിയുടെ വൈഞ്ജാനിക വികാസത്തിലൂടെ മാനവ വിഭവ ശേഷിയുടെ ഫലപ്രദവും ക്രമീകൃതവുമായ വളര്‍ച്ച മുന്നില്‍ കണ്ടു ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് റാന്നി നോളജ് വില്ലേജ്… നഴ്സറി / അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലവരെയുള്ള സ്ഥാപനങ്ങളെ കോര്‍ത്തിണക്കി വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സാമൂഹികാവശ്യങ്ങളോടും സാമൂഹിക പ്രശ്‌നങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്ന സ്ഥാപനങ്ങളാക്കുകയും ആധുനിക കാലഘട്ടത്തിന് അനുയോജ്യരായ മത്സരാധിഷ്ഠിത ലോകത്തില്‍ മുന്‍പന്തിയില്‍ എത്തുന്ന യുവജന സമൂഹത്തെ ഒരുക്കിയെടുക്കുന്നതിനുമുള്ള കര്‍മ്മപദ്ധതികളാണ് റാന്നി നോളജ് വില്ലേജ് മുന്നോട്ട് വെയ്ക്കുന്നത്… റാന്നി നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെ 250 അങ്കണ വാടികളും 173 വിദ്യാലയങ്ങളും എട്ട് ഉന്നത – സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു കുടക്കീഴില്‍ അണി നിരത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് റാന്നി നോളജ് വില്ലേജ് തുടക്കമിട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഹയര്‍ എഡ്യുക്കേഷന്‍ അക്കാദമിക് കൗണ്‍സിലും -2 മുതല്‍ +2 വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി സ്‌കൂള്‍ അക്കാഡമിക് കൗണ്‍സിലും ഇതിനായി രൂപീകരിച്ചു. അനൗപചാരിക വിദ്യാഭ്യാസ ഏജന്‍സികളെ ഉള്‍പ്പെടുത്തി മറ്റൊരു സമിതിക്കും ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, സന്നദ്ധ യുവജന സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു പിന്തുണാ സംവിധാനത്തിനും രൂപം നല്‍കിയിട്ടുണ്ട്… പൊതു വിദ്യാഭ്യാസ വകുപ്പ്, എസ്‌സിഇആര്‍ടി, എസ്എസ്‌കെ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കെഡിസ്‌ക്, തുടങ്ങി വിവിധങ്ങളായ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഏജന്‍സികള്‍ എന്നിവയുടെ ഏകോപനത്തിലൂടെ റാന്നി നോളജ് വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പിന്തുണ ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു…
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ശില്പശാലയിലൂടെ റാന്നി നോളജ് വില്ലേജിലൂടെ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ഒരു മാര്‍ഗ രേഖ തയാറാക്കുകയുണ്ടായി. അക്കാദമിക് ലിങ്കേജ്, എംപ്ലോയ്‌മെന്റ് എന്‍ഹാന്‍സ്‌മെന്റ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് മാര്‍ഗ രേഖ തയാറാക്കിയിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള മീറ്റ് ദി മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് തുടക്കം കുറിക്കുവാന്‍ കഴിഞ്ഞു. ആദ്യ പ്രോഗ്രാമില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സാഹിത്യകാരന്‍ ബെന്യാമിന്‍ എന്നിവരാണ് കുട്ടികളുമായി സംവദിച്ചത്. ഓരോ മാസവും പ്രമുഖ വ്യക്തിത്വങ്ങള്‍ കുട്ടികളുമായി സംവദിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശവും പ്രചോദനവുമേകുന്നതിനാണ് മീറ്റ് ദി മാസ്റ്റേഴ്‌സ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലത്തിലെ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സ്‌കൂള്‍ അക്കാദമിക് കൗണ്‍സില്‍ പ്രാഥമികമായി ചേരുകയും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. കേരളത്തിന്റെ മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഇതിന് നേതൃത്വം നല്‍കി. നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ആലോചനാ യോഗങ്ങള്‍ സംഘടിപ്പിക്കുകയും നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ ആപ്റ്റിറ്റിയൂഡ് മാപ്പിംഗ് ശാസ്ത്രീയമായി തയാറാക്കുകയാണ് മറ്റൊരു പ്രധാന പ്രവര്‍ത്തനം. സ്‌കില്‍ പാര്‍ക്ക്, പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും നോളജ് വില്ലേജിന്റെ ഭാഗമായി ഒരുക്കും. കോവിഡ് കാലത്ത് റാന്നി മണ്ഡലത്തിലെ മുഴുവന്‍ കുട്ടികളുടെയും സര്‍ഗാത്മക പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ കേരളത്തിലെ ആദ്യത്തെ ബ്രഹത് ഇ-ബുക്ക് ആവിഷ്‌കാര്‍ പ്രസിദ്ധീകരിച്ചു. ഈ പദ്ധതി നടപ്പാക്കാനുള്ള ചുമതല സംസ്ഥാന തൊഴില്‍ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 30.08.2022 ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിനെ (സിഎംഡി) ഇതിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി (എസ് പി വി) നിശ്ചയിച്ച് കൊണ്ടും സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ചെയര്‍മാനും റാന്നി എംഎല്‍എ വൈസ് ചെയര്‍മാനും ലേബര്‍ സെക്രട്ടറി കണ്‍വീനറും കെ ഡിസ്‌ക്ക് സിഇഒ, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, കെയിസ് എംഡി, അസാപ് സിഎംഡി, എസ്‌ഐഇറ്റി ഡയറക്ടര്‍, റാന്നി നോളജ് വില്ലേജ് അക്കാഡമിക് കൗണ്‍സില്‍ മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള മേല്‍നോട്ട സമിതിയെ നിശ്ചയിച്ചുകൊണ്ടും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. (ഉത്തരവ് നം. സ.ഉ.( സാധാ)നം.1474/2022/എല്‍ബിആര്‍ തീയതി 16.12.2022) പദ്ധതിയുടെ ഏകോപനത്തിനായും നിര്‍വഹണത്തിനായും വിദഗ്ധരടങ്ങിയ അക്കാഡമിക് കൗണ്‍സില്‍ രൂപീകരിക്കുകയും കുട്ടികളില്‍ സ്‌കില്‍ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയുമാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പിന്തുണ നല്‍കുന്ന പ്രവാസി സമൂഹം ഏറെയുള്ള റാന്നിയില്‍ ഇത്തരത്തിലുള്ള ഒരു പദ്ധതി വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. കേരളത്തിന്റെയാകെ വൈജ്ഞാനിക മുന്നേറ്റത്തിനും പദ്ധതി മുതല്‍ക്കൂട്ടാകും.