ദേവസ്വം മന്ത്രിയുടെ യോഗം പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നാളെ (ഫെബ്രുവരി 16) രാവിലെ 11ന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ അവലോകന യോഗം ചേരും.
മന്ത്രിയുടെ അവലോകന യോഗം കളക്ടറേറ്റില്‍
പട്ടികജാതി – പട്ടികവര്‍ഗ വികസന വകുപ്പുകളുടെ പത്തനംതിട്ട ജില്ലയിലെ അവലോകന യോഗം പട്ടികജാതി – പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നാളെ (ഫെബ്രുവരി 16) വൈകുന്നേരം മൂന്നിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കരിയിലമുക്ക് പാലം ഉദ്ഘാടനം നാളെ (ഫെബ്രുവരി 16)
പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 16) വൈകുന്നേരം മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
കള്ളുഷാപ്പുകളുടെ വില്‍പ്പന
വില്‍പ്പനയില്‍ പോകാതെ അവശേഷിക്കുന്ന പത്തനംതിട്ട എക്സൈസ് ഡിവിഷനിലെ പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, ഗ്രൂപ്പ് മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് , അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച് എന്നീ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ആകെ 20 കളളുഷാപ്പുകള്‍ 2022-23 വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലയളവിലേക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഫെബ്രുവരി 22 ന് രാവിലെ 11 ന് പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ വില്‍പ്പന നടത്തും. അന്നേ ദിവസം വില്‍പ്പനയില്‍ പോകാത്ത കള്ളുഷാപ്പുകള്‍ വാര്‍ഷിക റെന്റലില്‍ 50 ശതമാനം കുറവ് വരുത്തി ഫെബ്രുവരി 23 ന് രാവിലെ 11 ന് മേല്‍ സ്ഥലത്തു വെച്ചുതന്നെ വില്‍പ്പന നടത്തും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുളള വ്യക്തികള്‍ ആവശ്യമായ ഡിമാന്റ് ഡ്രാഫ്റ്റും, അപേക്ഷയും അനുബന്ധ രേഖകളും സഹിതം അന്നേ ദിവസം നേരിട്ട് വില്‍പ്പനയില്‍ പങ്കെടുക്കണം. വില്‍പ്പന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പത്തനംതിട്ട, അടൂര്‍ എന്നീ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും, പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും (ഫോണ്‍ : 0468 2222873) അറിയാം.
ലേലം
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 വെളളപ്പാറ-ചന്ദനപ്പളളി റോഡില്‍ വെളളപ്പാറ- വിളയില്‍പടി ഭാഗത്ത് തോടിനോട് ചേര്‍ന്ന് പഞ്ചായത്ത് പുറമ്പോക്കില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് മൂട് ആഞ്ഞിലി മരങ്ങളുടെ ലേലാവകാശം ഫെബ്രുവരി 24 ന് 2.30 ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 0468 2350229.
ഇംഗ്ലീഷ് അക്കാദമിക് അസിസ്റ്റന്റ് ഒഴിവ്
ടൂറിസം വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ അക്കാദമിക് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ കോണ്‍ട്രാക്ട് വേതനം 15000 രൂപ. അപേക്ഷകര്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും ഒറിജനലുകള്‍ സഹിതം കിറ്റ്സ് തൈക്കാടുളള സ്ഥാപനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഫെബ്രുവരി 17 ന് രാവിലെ 11 ന ് എത്തിചേരണം. വെബ് സൈറ്റ് : www.kittsedu.org. ഫോണ്‍ : 0471 2329468.
ശിശുക്ഷേമ സമിതിയോഗം നാളെ (16)
ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്സിക്യൂട്ടീവ് യോഗം നാളെ (ഫെബ്രുവരി 16) വൈകിട്ട് നാലിന് ഓമല്ലൂര്‍ ഐമാലി ശിശു പരിപാലന കേന്ദ്രത്തില്‍ (തണല്‍) ചേരും.
ഫെസിലിറ്റേറ്റര്‍ നിയമനം
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ കോളനിയായ പാമ്പിനിയില്‍ പട്ടികവര്‍ഗവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2022 -23 അധ്യയന വര്‍ഷത്തേയ്ക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പാമ്പിനി കോളനിയിലോ സമീപത്തുള്ള മറ്റ് കോളനികളിലോ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യത ഉള്ളവരോ ആയിരിക്കണം. പാമ്പിനി നിവാസികളായ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. പ്രതിമാസ ഹാജരിന്റെ അടിസ്ഥാനത്തില്‍ പരമാവധി 15000 രൂപ ഓണറേറിയം ലഭിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും, ജാതി – പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ (അസല്‍/ അറ്റസ്റ്റഡ്) എന്നിവ സഹിതം ഫെബ്രുവരി 21 ന് രാവിലെ 10ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇറ്റര്‍വ്യൂവില്‍ പങ്കെടുക്കാം.
യോഗം 21 ന്
മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് രണ്ടു മുതല്‍ 12 വരെ നടക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ സേവനം ക്രമീകരിക്കുന്നതിനുള്ള യോഗം പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചേംബറില്‍ ചേരും.
മദ്രാസ് റജിമെന്റ് പൂര്‍വ സൈനികരുടെ ക്ഷേമം
കരസേനയുടെ മദ്രാസ് റജിമെന്റ്റ് റെക്കോര്‍ഡ് ഓഫീസില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഫെബ്രുവരി 21 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ മദ്രാസ് റജിമെന്റില്‍ നിന്നും പിരിഞ്ഞു പോന്ന വിമുക്തഭടന്മാര്‍, അവരുടെ വിധവകള്‍ / ആശ്രിതര്‍, വീര്‍നാരി തുടങ്ങിയവരില്‍ നിന്നും മദ്രാസ് റജിമെന്റ്റ് റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ (ഡോക്യൂമെന്റേഷന്‍ തുടങ്ങിയവ) സ്വീകരിക്കും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട മിലിട്ടറി, സിവില്‍ രേഖകളും, പരാതി/ അപേക്ഷയുമായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിചേരണമെന്ന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468-2961104.
നിക്ഷേപസമാഹരണ യജ്ഞം: സഹകരണ വകുപ്പ്
450 കോടി രൂപ സമാഹരിക്കും
സഹകരണ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ 43-ാമത് നിക്ഷേപസമാഹരണ യജ്ഞത്തിന്റെ ഭാഗമായി 450 കോടി രൂപ സമാഹരിക്കും. സഹകരണ നിക്ഷേപം കേരള വികസനത്തിന് എന്നതാണ് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ നടക്കുന്ന നിക്ഷേപസമാഹരണ യജ്ഞത്തിന്റെ സന്ദേശം. സംസ്ഥാനതലത്തില്‍ 9000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നിക്ഷേപസമാഹരണത്തിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ യോഗം ചേര്‍ന്ന് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയതായി പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു.
പ്രീഡിഡിസി യോഗം തീയതി മാറ്റം
പ്രീഡിഡിസി യോഗം ഫെബ്രുവരി 20 ല്‍ നിന്നും 22 ലേക്ക് മാറ്റി. രാവിലെ 11ന് ഓണ്‍ലൈനായി യോഗം ചേരും.
മൂലൂര്‍ ജയന്തി ആഘോഷം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
സരസകവി മൂലൂര്‍ എസ്. പദ്മനാഭ പണിക്കരുടെ 154-ാമത് ജയന്തിയും സ്മാരകത്തിന്റെ 34-ാമത് വാര്‍ഷികവും ഫെബ്രുവരി 16 മുതല്‍ 18 വരെ ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ആഘോഷിക്കും. 16ന് ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിടിസിആര്‍ഐ) ഡയറക്ടറായി നിയമിതനായ ഡോ. ബൈജു ഗംഗാധരനെ സമ്മേളനത്തില്‍ അനുമോദിക്കും. സ്മാരക കമ്മിറ്റി പ്രസിഡന്റ് കെ.സി. രാജഗോപാലന്‍ എക്‌സ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. 17ന് രാവിലെ 10ന് നവകേരളവും മെഴുവേലിയുടെ വികസനവും എന്ന വിഷയത്തില്‍ നടക്കുന്ന വികസന സെമിനാര്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്‌സ് ഉദ്ഘാടനം ചെയ്യും. റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ മുഖ്യാതിഥിയാകും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും.
17ന് ഉച്ചകഴിഞ്ഞ് 3.30ന് നവോഥാന സ്മൃതി സമ്മേളനത്തില്‍ പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ വി.കെ. രവിവര്‍മ്മ തമ്പുരാന്‍ മുഖ്യപ്രഭാഷണം നടത്തും. മാനേജിംഗ് കമ്മിറ്റി അംഗം ടി.വി. സ്റ്റാലിന്‍ അധ്യക്ഷത വഹിക്കും. 18ന് രാവിലെ 10ന് കവിസമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി.കെ. ശോഭനാകുമാരിയുടെ മഴവിത്ത് എന്ന കാവ്യസമാഹാരം പ്രകാശനം ചെയ്യും. പ്രമുഖരായ കവികള്‍ തങ്ങളുടെ കവിത അവതരിപ്പിക്കും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും. 18ന് ഉച്ചകഴിഞ്ഞ് 3.30ന് 37-ാമത് മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. സരസകവി മൂലൂര്‍ എസ് പദ്മനാഭപണിക്കരുടെ സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതി ഏറ്റവും മികച്ച മലയാള കവിതാ സമാഹാരത്തിന് നല്‍കി വരുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന മൂലൂര്‍ അവാര്‍ഡിന് ഡോ. ഷീജ വക്കം രചിച്ച ശിഖണ്ഡിനി എന്ന കാവ്യാഖ്യായികയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
പ്രൊഫ. മാലൂര്‍ മുരളീധരന്‍, പ്രൊഫ. പി.ഡി. ശശിധരന്‍, പ്രൊഫ. കെ. രാജേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണയ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ചടങ്ങില്‍ മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരന്‍ അധ്യക്ഷത വഹിക്കും. പി.ഡി. ബൈജു പ്രശസ്തിപത്ര അവതരണം നടത്തും. അവാര്‍ഡ് കവിതയുടെ ആലാപനം ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും.