വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസിക ആരോഗ്യപദ്ധതി പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ മാനസിക ആരോഗ്യ ക്ലിനിക്കുകളില്‍ സന്ദര്‍ശനം നടത്തുന്നതിന് ടാക്‌സി ടൂറിസ്റ്റ് പെര്‍മിറ്റുള്ള ഒരു വാഹനം 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി ഈ മാസം 29 ന് വൈകിട്ട് അഞ്ച് വരെ. സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് രാവിലെ 11 വരെ. വിശദവിവരങ്ങള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04682-214108
കര്‍ഷകമിത്രം ജോലി ഒഴിവ്
കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ പന്തളം, അടൂര്‍, പുല്ലാട് എന്നീ ബ്ലോക്കുകളില്‍ കര്‍ഷകര്‍, എക്കോ ഷോപ്പുകള്‍, ഗ്രാമീണ വിപണികള്‍, ജില്ലാ സംഭരണ കേന്ദ്രങ്ങള്‍, മറ്റ് വിപണികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്ക് കാര്‍ഷിക സംരഭങ്ങള്‍ ആദായകരമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകമിത്ര തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നു.
31.03.2022 വരെ ആയിരിക്കും കര്‍ഷക മിത്രയുടെ പ്രവര്‍ത്തന കാലയളവ്. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ സ്ഥിരതാമസക്കാരായ കാര്‍ഷികവൃത്തിയുമായി പരിചയം ഉള്ള രജിസ്റ്റേര്‍ഡ് കര്‍ഷകര്‍, കര്‍ഷകരുടെ മക്കള്‍ (കൃഷിയില്‍ താല്പര്യം ഉള്ളവര്‍) എന്നിവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു /വി.എച്ച്.എസ്.ഇ പ്രായപരിധി 18നും 40നും ഇടയില്‍. ഡേറ്റാ എന്‍ട്രി, എം.എസ് ഓഫീസ്, സ്‌പ്രെഡ് ഷീറ്റ് എന്നിവ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം, ടു വീലര്‍ / ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്, സ്വന്തമായി ആന്‍ഡ്രോയിഡ് മൊബൈല്‍ എന്നിവ ഉണ്ടായിരിക്കണം.
താത്പര്യമുള്ളവര്‍ പന്തളം, അടൂര്‍ പുല്ലാട് എന്നീ ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത്തല കൃഷി ഓഫീസുകള്‍ മുഖേന ഈ മാസം 25 നകം നിശ്ചിത മാതൃകയില്‍ ഉള്ള അപേക്ഷ സമര്‍പ്പിക്കണം. പ്രതിമാസ ഇന്‍സെന്റീവ് – 5000 രൂപ (പ്രവര്‍ത്തനത്തിന് ആനുപാതികമായി മറ്റ് പ്രോത്സാഹനങ്ങളും) കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്തല കൃഷി അസി. ഡയറക്ടറുടെ ഓഫീസുമായോ ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത്തല കൃഷി ഓഫീസുമായോ ബന്ധപ്പെടുക.
വനിതാ ഹോംഗാര്‍ഡ് ഒഴിവ്
എറണാകുളം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ള വനിതകള്‍ ഒക്ടോബര്‍ 10 ന് മുന്‍പായി എറണാകുളം ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍ മുതലായ സംസ്ഥാന യൂണിഫോം സര്‍വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35 നും 58 വയസിനുമിടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. 10-ാം ക്ലാസ് പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുള്ളവരേയും പരിഗണിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഹോം ഗാര്‍ഡ്‌സില്‍ അംഗമായി ചേരാന്‍ കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയര്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0484-2207710, 9497920454
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം
പത്തനംതിട്ട ജില്ലയില്‍ അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ഒറ്റത്തവണ ധനസഹായം അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ ധനസഹായത്തിന് അര്‍ഹതയായിട്ടുള്ളവര്‍ ഫോറം -1 അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലറുടെ കത്ത്, ആധാറിന്റെ പകര്‍പ്പ്, ബാങ്ക്പാസ് ബുക്കിന്റെ പകര്‍പ്പ് ഉള്‍പ്പെടെ സെപ്റ്റംബര്‍ 30 നകം അടുത്തുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നല്‍കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഈ നസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ : 0468-2222234.
റാന്നി ഗവ. ഐ.ടി.ഐ 20 വരെ അപേക്ഷിക്കാം
റാന്നി ഗവ. ഐ.ടി.ഐ 2021 ലെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ www.iti.admission.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റില്‍ ഉള്ള ലിങ്ക് മുഖനേയോ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഈ മാസം 20 നകം ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി അപേക്ഷ ഫീസായ 100 രൂപ ഓണ്‍ലൈനായി ഒടുക്കേണ്ടത്. എന്‍.സി.വി.ടി ട്രേഡുകള്‍ ഡ്രാഫ്റ്റ്‌സാമാന്‍ സിവില്‍ (രണ്ടു വര്‍ഷം), ഇലക്ട്രോണിക്‌സ് മെക്കാനിക്ക് (രണ്ട് വര്‍ഷം) എന്നിവയിലേക്കാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് www.itiranni.kerala.gov.in എന്ന വെബ് സൈറ്റില്‍ സന്ദര്‍ശിക്കുകയോ 04735-296090 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
കിലെ-സിവില്‍ സര്‍വീസ് അക്കാഡമി-പ്രിലിമിനറി പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ-സിവില്‍ സര്‍വീസ് അക്കാഡമി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് (മക്കള്‍ /ഭാര്യ /ഭര്‍ത്താവ് /സഹോദരന്‍ /സഹോദരി) സിവില്‍ സര്‍വീസ് കോഴ്‌സ് നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ഒക്ടോബര്‍ 1 ന് ആരംഭിക്കും. ഈ കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 20 ആണ്. കൂടുതല്‍ വിവരങ്ങളും അപേക്ഷസ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.
ഭിന്നശേഷി വിഭാഗക്കാര്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് വെള്ളിയാഴ്ച
ആരോഗ്യവകുപ്പ്, സാമൂഹിക നീതിവകുപ്പ്, വനിതാശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി രണ്ടാംഡോസ് വാക്‌സിനേഷന്‍ ക്യാമ്പ് വെള്ളിയാഴ്ച സംഘടിപ്പിക്കും. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 84 ദിവസം പൂര്‍ത്തീയാക്കിയ ഭിന്നശേഷിവിഭാഗക്കാര്‍ക്ക് ഈ ദിവസം അതാത് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി രണ്ടാം ഡോസ് വാക്‌സിന്‍ ലഭ്യമാക്കും. ബന്ധപ്പെട്ട അംഗന്‍വാടി പ്രവര്‍ത്തകര്‍ അറിയിക്കുന്ന സമയങ്ങളില്‍വേണം ക്യാമ്പുകളിലെത്തി വാക്‌സിന്‍ സ്വീകരിക്കേണ്ടത്. രാവിലെ പത്ത് മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കും.
ഡോ.എസ്.ശ്രീകുമാര്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റു
ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജരായി വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.എസ് ശ്രീകുമാര്‍ ചുമതലയേറ്റു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
മൃഗ സംരക്ഷണ മേഖലയിലെ സംരംഭകര്‍ക്ക് ഏകദിന പരിശീലനം
റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട സംരംഭകര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, ഏകദിന പരിശീലന പരിപാടി വെള്ളിയാഴ്ച (സെപ്റ്റംബര്‍ 17) രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നടക്കും. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പരിശീലനം ഉദ്ഘാടനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അധ്യക്ഷത വഹിക്കും.
ആട് വളര്‍ത്തല്‍ ശാസ്ത്രീയ രീതിയില്‍, വരുമാന വര്‍ധന മൂല്യവര്‍ധനയിലൂടെ, മൃഗസംരക്ഷണ മേഖലയിലെ ബാങ്ക് വായ്പകളും നബാര്‍ഡ് പദ്ധതികളും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈവ്‌സ്റ്റോക്ക് ഫാമുകള്‍ക്കുള്ള അനുമതിയും മാലിന്യ സംസ്‌കരണവും എന്നീ വിഷയങ്ങളെ അധികരിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പത്തനംതിട്ട ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
പഴുത്ത ചക്കയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം 22 ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചക്കയുടെ സംസ്ഥാന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പഴുത്ത ചക്കയുടെ മൂല്യവര്‍ധിത ഉലന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും 20 ന് വൈകിട്ട് നാലിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ നിലവില്‍ ഒഴിവുള്ള മൂന്ന് പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നോ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ യോഗ പാസായവരോ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ ഇന്‍ യോഗ പാസായവരോ ആയിരിക്കണം.
ബിഎന്‍വൈഎസ്, എം.എസ്.സി (യോഗ), എംഫില്‍ (യോഗ) എന്നി യോഗ്യതകളുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ 40 വയസില്‍ താഴെ പ്രായമുള്ളവരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും ആയിരിക്കണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും [email protected] എന്ന വിലാസത്തിലേക്ക് ഈ മാസം 18 വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ ചെയ്യണം. ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട സമയം സംബന്ധിച്ച വിവരം ഇ-മെയില്‍ മുഖേന അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം. ഫോണ്‍: 0468 2324337
മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ മൃസംരക്ഷണ വകുപ്പിന്റെ 2021-22 വര്‍ഷത്തെ മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സന്നദ്ധ സേവനമായി മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ചെയ്തിട്ടുളള പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ, പ്രവര്‍ത്തന റിപ്പോര്‍ട്ട്, പത്ര വാര്‍ത്തകള്‍ എന്നിവ സഹിതം അപേക്ഷ അതാത് സ്ഥലത്തെ വെറ്ററിനറി സര്‍ജന്മാര്‍ക്ക് ഈ മാസം 22 ന് ഉച്ചയ്ക്ക് ശേഷം മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍: 0468 2270908.
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ അപകട ഇന്‍ഷുറന്‍സ് പുതുക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്കായി നടപ്പിലാക്കി വരുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കുന്നതിനായി നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഈ മാസം 18നകം തിരുവല്ല കറ്റോടുള്ള ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0469 2603074.
കിലെ- സിവില്‍ സര്‍വീസ് കോഴ്‌സിന് പരിശീലനം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള തൊഴിലാളികളുടെ ആശ്രിതരില്‍ (മക്കള്‍ /ഭാര്യ /ഭര്‍ത്താവ്/ സഹോദരന്‍/ സഹോദരി ) ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉളളവര്‍ക്ക് തിരുവനന്തപുരം വഞ്ചിയൂരുളള കിലെ സിവില്‍ സര്‍വീസ് അക്കാഡമിയില്‍ സിവില്‍ സര്‍വീസ് കോഴ്‌സിന് പരിശീലനം നല്‍കുന്നു. 8 മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഒക്‌ടോബര്‍ ഒന്നിന് ക്ലാസ് ആരംഭിക്കും. താത്പര്യമുളളവര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വാങ്ങിയ ആശ്രിതത്വം സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 20.