ഗാന്ധി ജയന്തി ദിനാഘോഷം ; മന്ത്രി വീണാ ജോര്‍ജ് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും
ഗാന്ധിജയന്തി ദിനതത്തില്‍ രാവിലെ എട്ടിന് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാ ഗാന്ധി പ്രതിമയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, എഡിഎം അലക്സ് പി.തോമസ്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ബി.വേണുഗോപാലകുറുപ്പ് തുടങ്ങിയവരും ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയാണ് ചടങ്ങ് സംഘടിപ്പിക്കുക.
ഗതാഗത നിയന്ത്രണം
കുടുത്ത-ഇളമണ്ണൂര്‍, ചായലോട് -പട്ടാഴി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇളമണ്ണൂര്‍ മുതല്‍ കിന്‍ഫ്രാ വരെയുളള ഭാഗത്ത് റോഡിന്റെ പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ നാലു മുതല്‍ ഇതുവഴിയുളള ഗതാഗതത്തിന് താത്കാലിക നിയന്ത്രണം. ഇതിന്റെ ഭാമായി ഈ റോഡില്‍ കൂടി പോകേണ്ടതും വരേണ്ടതുമായ വാഹനങ്ങള്‍ മങ്ങാട്-ചായലോട്-പുതുവല്‍ റോഡ് വഴി പോകേണ്ടതും വരേണ്ടതുമാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 8086395059.
‘ആസാദി കാ അമൃത് മഹോത്സവ്’: തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണത്തിലെ അംഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണത്തിന്റെയും പ്രചാരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ട് ശനിയഴ്ച് ഓണ്‍ലൈനായി കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍വഹിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ കെ.ആര്‍ മധുകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. വിഷയത്തെക്കുറിച്ചുള്ള പ്രത്യേക പ്രഭാഷണം ‘ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പ്രത്യേക പ്രഭാഷണം നടത്തും.
പത്തനംതിട്ട മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ ദേവന്‍ കെ മേനോന്‍, പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.സി.വി ജ്യോതിരാജ് സംസാരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ക്ലാസുകള്‍ പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ പ്രതിനിധി അഡ്വ.കമലാസനന്‍ നായര്‍ നയിക്കും.
ധീരതയ്ക്കുള്ള അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു
2021 വര്‍ഷത്തെ ധീരതക്കുള്ള അവാര്‍ഡിനായി ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സാഹസികമായി മറ്റുള്ളവരുടെ ജീവന്‍ രക്ഷപ്പടുത്തുന്നതിലേക്കും /സാമൂഹ്യതിന്മകള്‍ക്കെതിരെ ധൈര്യപൂര്‍വം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രത്തോടെ അപേക്ഷിക്കാം. 2020 ജൂലൈ ഒന്നിനും 2021 സെപ്റ്റംബര്‍ 30 നും ഇടയില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അപേക്ഷ ഫോം ഐസിസിഡബ്ല്യൂ വിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്‍മുള 689533 നിന്നും ലഭിക്കും. ഫോണ്‍ : 8547907404
തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകള്‍
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ഡിഗ്രി പാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി.ഡി.സി.എ, എസ്.എസ്.എല്‍.സി പാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി /എസ്.ടി /ഒ.ഇ.സി കുട്ടികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ്സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ തൊഴിലധിഷ്ടിത സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്ന 25 വയസില്‍ താഴെ പ്രായമുള്ള അവിവാഹിതരും തൊഴില്‍രഹിതരുമായ ആശ്രിതര്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷം അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. ഫോണ്‍ നമ്പര്‍ : 0468-2961104.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം 2021 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജിഎന്നീ ട്രേഡുകളിലേക്ക് അഡ്മിഷന് അപേക്ഷിച്ചവരുടെ റാങ്ക്ലിസ്റ്റ് ഐ.ടി.ഐ വെബ്സൈറ്റിലും (http://www.womenitimezhuveli.kerala.gov.in) നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468-2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ അധ്യാപക ഒഴിവ്
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷം ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഗണിതശാസ്ത്രം:- യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും നെറ്റും. ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്:- യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം. ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്:- യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/ഡിപ്ലോമ.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം /തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ആറിന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04735-266671.
കെപ്കോ ഏജന്‍സികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ സംരംഭമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ (കെപ്കോ) ഉല്‍പാദിപിക്കുന്ന കെപ്കോ ചിക്കനും അനുബന്ധ ഉല്‍പന്നങ്ങളും വില്‍പന നടത്തുന്നതിന് പത്തനംതിട്ട ജില്ലയിലെ വില്‍പന സാധ്യതയുള്ള സ്ഥലങ്ങളില്‍ ഏജന്‍സികള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സ്വന്തം വിശദാംശങ്ങളും ഏജന്‍സി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും വ്യക്തമാക്കി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഈ മാസം ആറിന് മുന്‍പ് മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം. ഇ-മെയില്‍ വിലാസം: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടേണ്ട ഫോണ്‍ നമ്പര്‍ : 9495000921.
താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ വികസനത്തിന് റീ ലൈഫ് സ്വയം തൊഴില്‍ വായ്പ
താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര /ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാപദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു.
ഈ പദ്ധതി പ്രകാരം പച്ചക്കറി കൃഷി, മത്സ്യകൃഷി, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്‌ക്കരണം, കാറ്ററിംഗ്, പെട്ടിക്കട, തട്ടുകട, പപ്പടനിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, നോട്ട് ബുക്ക് ബൈന്‍ഡിംഗ്, കര കൗശല നിര്‍മ്മാണം, ടെയ്ലറിംഗ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി ചെറിയ മൂലധനത്തില്‍ തുടങ്ങാവുന്ന നാമമാത്ര /ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാം. നിലവില്‍ ബാങ്കുകള്‍ /ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാതെ സ്വന്തം ഫണ്ടുപയോഗിച്ച് നാമമാത്ര സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് ആയത് വികസിപ്പിക്കുന്നതിലേക്കും വായ്പാതുക ഉപയോഗിക്കാം. 1,20,000 രൂപയില്‍ അധികരിക്കാത്ത കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 25 വയസിനും 55 വയസിനും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അഞ്ച് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. സമയബന്ധിതമായി തവണ തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ബാക്ക ്എന്‍ഡ് സബ്സിഡിയായി വായ്പാതുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) അനുവദിക്കും. ഈ സാമ്പത്തികവര്‍ഷം പദ്ധതി പ്രകാരം സബ്സിഡി അനുവദിക്കുന്നതിന് ഒരു കോടിരൂപ പിന്നാക്ക വിഭാഗ വികസന വകുപ്പ് വകയിരുത്തിയിട്ടുണ്ട്.
കോര്‍പ്പറേഷന്റെ വെബ്സൈറ്റായ www.ksbcdc.com ല്‍ നിന്നും വായ്പാ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തശേഷം പൂരിപ്പിച്ച് ജില്ല /ഉപജില്ലാഓഫീസുകളില്‍ സമര്‍പ്പിക്കം. അപേക്ഷാ ഫോറം ഓഫീസുകളില്‍ നിന്ന് നേരിട്ടും വാങ്ങാം. പദ്ധതി വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ജാമ്യ വ്യവസ്ഥകള്‍ സംബന്ധിച്ച വിശദാംശങ്ങക്ക് കോര്‍പ്പറേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടുക.
അപ്രന്റിസ് മേള ഒക്‌ടോബര്‍ നാലിന്
അപ്രന്റിസ് ട്രെയിനികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ നാലിന് രാജ്യമൊട്ടാകെ അപ്രന്റിസ് മേള നടത്തുന്നു. ഇതിന്റെ ഭാഗമായി ഗവ: ഐ.ടി.ഐ ചെന്നീര്‍ക്കരയിലും അപ്രന്റിസ് മേള നടത്തും. അപ്രന്റിസ് ട്രെയിനികളെ നിയമിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും അപ്രന്റിസ് ട്രെയിനിംഗിന് താല്പര്യമുള്ള ട്രെയിനികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപ്രന്റിസ് ആയി നിയമിക്കപ്പെടുന്ന ട്രെയിനികള്‍ക്ക് പ്രതിമാസ സ്റ്റൈപ്ന്റ് ലഭിക്കും. ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കി അപ്രന്റിസ് പരീക്ഷ എഴുതി പാസാകുന്നവര്‍ക്ക് നാഷണല്‍ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഓവര്‍സീയര്‍ നിയമനം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : മൂന്നുവര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ. പ്രവൃത്തിപരിചയം അഭികാമ്യം. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെള്ള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 15 ന് നാലിന് മുന്‍പായി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.