വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ 17ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 04682 2322762.
വാഹന ലേലം
സമഗ്രശിക്ഷാ കേരളം പത്തനംതിട്ടയുടെ 2009 മോഡല്‍ ടാറ്റ സുമോ വാഹനം 22ന് ഉച്ചയ്ക്ക് 2.30ന് എസ്എസ്‌കെ ജില്ലാ ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 19ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍: 0469 2600167.
കര്‍ഷകര്‍ക്ക് സൗജന്യമായി വാഴ വിത്തുകള്‍
ജില്ലാ പഞ്ചായത്തും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വാഴകൃഷി വികസന പദ്ധതിയുടെ ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും സൗജന്യമായി വാഴവിത്തുകള്‍ വിതരണം ചെയ്യും. ഞാലിപ്പൂവന്‍, പൂവന്‍ വിത്തുകളാണ് വിതരണം നടത്തുക. ആവശ്യമുള്ളവര്‍ ജൂണ്‍ 24 ന് മുമ്പായി കരം രസീത് പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ് എന്നിവുമായി വാര്‍ഡ് മെമ്പര്‍മാരെ സമീപിച്ച് അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കണം. ജൂണ്‍ 17 മുതല്‍ 24 വരെ അപേക്ഷ നല്‍കാം. ഫോമുകള്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ കൈയില്‍ നിന്നും ലഭ്യമാകും. അപേക്ഷ നല്‍കുന്നവര്‍ക്ക് ജൂലൈ ആദ്യം വിത്തുകള്‍ എല്ലാ വാര്‍ഡുകളിലും എത്തിച്ച് വിതരണം നടത്തും.
ടെന്‍ഡര്‍
പട്ടി കജാതി വികസന വകുപ്പ് പന്തളം ഐടിഐയിലെ ഐഎംസി ഭാഗമായി എംഎംവി ആന്‍ഡ് ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ആവശ്യമായ ടൂള്‍സ് ലഭ്യമാക്കുന്നതിന് ഈ മാസം 29 വരെ ടെന്‍ഡര്‍ നല്‍കാം. അന്നേദിവസം ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ ഫോറം വാങ്ങാം.
ഭാഗ്യകൂപ്പണ്‍, മാസ്‌ക് വിതരണം
2020 മെയ് 18 മുതല്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുതുക്കിയ അംഗങ്ങള്‍ക്ക് ഭാഗ്യകൂപ്പണ്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ വിതരണം ചെയ്യും. അംഗത്വം പുനസ്ഥാപിച്ച അംഗങ്ങള്‍ ഈ മാസം 30ന് മുമ്പ് അംഗത്വ പാസ്ബുക്കുമായി ഓഫീസിലെത്തി ഇവ കൈപ്പറ്റണം. അംശദായ അടവില്‍ കുടിശിക വരുത്തിയതുമൂലം അംഗത്വം നഷ്ടമായവര്‍ക്ക് ജൂണ്‍ 30 വരെ അംഗത്വം പുനസ്ഥാപിക്കാന്‍ അവസരമുണ്ട്. ഫോണ്‍: 0468 2222709. (പിഎന്‍പി 2602/20)
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് സൗജന്യ ധനസഹായം സുഗമമായി ലഭിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ഇതുവരെ ധനസഹായത്തിന് അപേക്ഷിക്കാത്ത തൊഴിലാളികള്‍ക്ക് www.kmtwwfb.org എന്ന വെബ്‌സൈറ്റിലൂടെയോ motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടലിലൂടെയോ ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം.