സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം
ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഇരുപത് ശതമാനം സബ്‌സിഡിയോടെ ഒരു ലക്ഷം രൂപ വായ്പ തുകയുള്ള കെസ്‌റു പദ്ധതിയില്‍ ഒരു ലക്ഷം രൂപ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്/ജോബ് ക്ലബിലേക്ക് രണ്ട് അംഗങ്ങള്‍ വീതം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ജോബ് ക്ലബിന് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം സബ്‌സിഡി ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
തൊഴില്‍രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗക്കാരിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നിവര്‍ക്ക് ശരണ്യ പദ്ധതി പ്രകാരം സ്വയംതൊഴില്‍ സംരംഭത്തിന് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25000 രൂപ) സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരം എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0468 2222745.
മത്സ്യകൃഷിക്ക് അപേക്ഷിക്കാം
ജില്ലയില്‍ വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് സെന്റ് വിസ്തൃതിയുള്ള പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക് യൂണിറ്റിലെ മത്സ്യകൃഷി എന്നിവയില്‍ താല്പര്യമുള്ള വ്യക്തികള്‍ക്കും ഗ്രൂപ്പിനും അപേക്ഷിക്കാം. അപേക്ഷ ജൂലൈ അഞ്ചിനുള്ളില്‍ ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാക്കണം.ഫോണ്‍: 0468 2223134.
ഫെസിലിറ്റേറ്റര്‍ ഒഴിവ്
ജില്ലയിലെ പാമ്പിനി, അടിച്ചിപ്പുഴ, കൊടുമുടി എന്നീ സങ്കേതങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സാമൂഹ്യപഠന മുറികളില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് ജൂലൈ മൂന്നിന് രാവിലെ 10 മുതല്‍ റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഡിഗ്രിയോടൊപ്പം ഏതെങ്കിലും വിഷയത്തില്‍ ബിഎഡ്/ടിടിസി/ഡി.എഡുമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് പങ്കെടുക്കാം. പത്തനംതിട്ട ജില്ലയില്‍ താമസക്കാരായ 40ന് താഴെ പ്രായമുള്ളവരായിരിക്കണം. മേല്‍ സങ്കേതങ്ങളില്‍ നിന്നുള്ള ഉദേ്യാഗാര്‍ഥികള്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഉദേ്യാഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04735 227703.
ഉന്നതപഠനത്തിന് വഴികാട്ടാന്‍ കരിയര്‍ ഗൈഡന്‍സുമായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ്
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ പത്തനംതിട്ട കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനു വഴികാട്ടാന്‍ ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ആരംഭിച്ചു. പത്താം ക്ലാസിനുശേഷം വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണ്ടെത്തി അനുയോജ്യമായ കോഴ്‌സുകളും സ്ഥാപനങ്ങളും കണ്ടെത്തുവാന്‍ രക്ഷകര്‍ത്താക്കളേയും വിദ്യാര്‍ഥികളേയും സഹായിക്കുക എന്നതാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
ജൂലൈ എട്ടുവരെയാണു പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദിവസവും വൈകുന്നേരം അഞ്ചു മുതല്‍ ഏഴുവരെ വിവിധ വിഷയ കോമ്പിനേഷനുകളും അവയുടെ ജോലി സാധ്യതയും പരിചയപ്പെടുത്തുന്നു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിശീലന പരിപാടിയില്‍ 100 പേര്‍ക്കു പങ്കെടുക്കാന്‍ കഴിയും. രജിസ്ട്രേഷന്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്. ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്ട്രേഷന്‍ നടത്തണം.
ജൂണ്‍ 30ന്(ചൊവ്വ) കൊമേഴ്സ് ആന്റ് ലോ, ജൂലൈ 1 ഹ്യുമാനിറ്റീസ് ആന്റ് ലോ, ജൂലൈ 2 ബയോളജി ആന്റ് മെഡിസിന്‍, ജൂലൈ 3 ഫിസിക്സ്, കെമിസ്ട്രി, ഫാര്‍മസി, ജൂലൈ 4 മാത്തമാറ്റിക്സ് ആന്റ് എഞ്ചിനിയറിംഗ്, ജൂലൈ 5 കംപ്യൂട്ടര്‍ സയന്‍സ്, ജൂലൈ 6 അഗ്രികള്‍ച്ചര്‍, ജൂലൈ 7 ആര്‍മി, നേവി, എയര്‍ഫോഴ്സ്, ജൂലൈ 8 സിവില്‍ സര്‍വീസ് എന്നിവയില്‍ പരിശീലനം നല്‍കും. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും ജില്ലാ കോര്‍ഡിനേറ്റര്‍ ജി.സുനില്‍കുമാര്‍ 9447359137, ജില്ലാ കണ്‍വീനര്‍ ഡോ.ചന്ദ്രകുമാര്‍ 8304986552, ബിജുവര്‍ഗീസ് 9447565128, ഗിരീഷ്‌കുമാര്‍ 9447594211, രേഖാനന്ദന്‍ 9447594207, എന്‍.സ്മിത 9495380168, സിന്ധു പി.നായര്‍ 8113842343, അമ്പിളിദേവി 9846079435 എന്നിവരുമായി ബന്ധപ്പെടുക.
മസ്റ്ററിംഗ്
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി, കുടുംബ സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ നിലവില്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യുന്നതിന് ജൂലൈ 15 വരെ അവസരമുണ്ട്. മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്ക് അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കുന്നതല്ല. ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ നമ്പര്‍ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിംഗ് നടത്തിയശേഷം രസീത് സൂക്ഷിക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കോന്നിയിലും ഏഴംകുളത്തും (കൈതപ്പറമ്പ്) നടത്തുന്ന കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂലൈ മൂന്നിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2350229.
മസ്റ്ററിംഗ്
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ജൂലൈ 15 നകം അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കി മസ്റ്ററിംഗ് നടത്തേണ്ടതും മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ജൂലൈ 16 മുതല്‍ 22 വരെയുള്ള തീയതികളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണമെന്നും സെക്രട്ടറി അറിയിച്ചു.