റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് ഒഴിവ്
ഡെന്റല്‍ ഹൈജിനിസ്റ്റ്(റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഒഴിവുണ്ട്. യോഗ്യത:- ഇഎസ്എം /സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍. വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജന്‍നില്‍ നിന്നുള്ള ഓഫീസ് സീലോടു കൂടിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
ക്ലാസ് ഒന്ന് ഡിഎച്ച് /ഡിഎച്ച്ഒആര്‍എ കോഴ്സ് (സായുധ സേന) നേടിയിരിക്കണം / അംഗീകൃത ബോര്‍ഡ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായ 10 + 2 പാസായിരിക്കണം. കൂടാതെ രണ്ടു വര്‍ഷം ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് / ഡെന്റല്‍ മെക്കാനിക് കോഴ്‌സ് സെന്‍ട്രല്‍ /സ്റ്റേറ്റ് ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഡെന്റല്‍ ഹൈജിനിസ്റ്റായി കുറഞ്ഞതു രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. കേരളത്തില്‍ സ്ഥിരതാമസകാരാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. പ്രതീക്ഷിക്കുന്ന ശമ്പളം -പ്രതി മാസം 14,700.
ഉദ്യോഗാര്‍ഥികള്‍ അപേക്ഷകള്‍ താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ഇസിഎച്ച്എസ് പോളിക്ലിനിക് ടൈപ്പ് ഡി, ഹൗസ് നമ്പര്‍ 2/387, പഴവങ്ങാടി പി.ഒ, റാന്നി, പത്തനംതിട്ട -689673 എന്ന വിലാസത്തില്‍ ജൂലൈ 15 ന് നാലിന് മുന്‍പായി തപാല്‍ മുഖേനയോ ഇ-മെയില്‍ ([email protected]) വഴിയോ സമര്‍പ്പിക്കണം. ബയോഡാറ്റാ, ഡിസ്ചാര്‍ജ് ബുക്ക്, പിപിഒ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷാര്‍ഥികള്‍ കോണ്‍ടാക്ട് അഡ്രസും മൊബൈല്‍ നമ്പറും അപേക്ഷഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍: 04735 229991, 7909189947.
വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ സാക്ഷ്യപത്രം ഹാജരാക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവപെന്‍ഷന്‍ / 50 വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റിവരുന്ന ഗുണഭോക്താക്കള്‍ എന്നിവര്‍ താന്‍ പുനര്‍ വിവാഹിതയല്ല/ വിവാഹിതയല്ലാ എന്ന സാക്ഷ്യപത്രം ജൂലൈ അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 31/12/2020 ന് 60 വയസ് കഴിഞ്ഞവര്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ല.
ഭക്ഷ്യ സുരക്ഷാ നിയമവും ക്ഷീര മേഖലയും ഓണ്‍ലൈന്‍ പരിശീലനം; രജിസ്റ്റര്‍ ചെയ്യാം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ജൂലൈന് ഒന്നിന് രാവിലെ 11 മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമവും ക്ഷീര മേഖലയും-ഉത്പാദകരും ഉപഭോക്താക്കളും സംരഭകരും അറിയേണ്ടത് എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 29ന് (ചൊവ്വ) രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സ് ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550.
ശൈശവവിവാഹം തടയാന്‍ പൊന്‍വാക്ക്
ശൈശവവിവാഹം തടയാന്‍ വേണ്ടി വനിതാശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പൊന്‍വാക്ക്. ഈ പദ്ധതിപ്രകാരം ശൈശവവിവാഹം ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്‍കൂട്ടി വിവരം അറിയിക്കാം. വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. അറിയിപ്പ് നല്കുന്ന വ്യക്തിയുടെ വിവരം രഹസ്യമായി സൂക്ഷിക്കും. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 0468-2966649
വനിതകളുടെ രക്ഷക്കായ് രക്ഷാദൂത്
ഗാര്‍ഹിക പീഡനത്തില്‍ നിന്നു സ്ത്രീകളെ രക്ഷിക്കാനുള്ള വനിതാശിശുവികസന വകുപ്പിന്റെ പദ്ധതിയാണു രക്ഷാദൂത്. തപാല്‍ വകുപ്പുമായി ചേര്‍ന്നാണു രക്ഷാദൂത് പദ്ധതി നടപ്പിലാക്കുന്നത്. അതിക്രമങ്ങളില്‍പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലളിതമായി പരാതിപ്പെടാനുള്ള പദ്ധതിയാണിത്. അതിക്രമത്തിനിരയായ വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താം.
അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ‘തപാല്‍’ എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ് മാസ്റ്റര്‍/ പോസ്റ്റ് മിസ്ട്രസിന്റെ സഹായത്തോടുകൂടിയോ അല്ലാതെയോ പിന്‍കോഡ് സഹിതമൂള്ള സ്വന്തം മേല്‍വിലാസം എഴുതിയ പേപ്പര്‍ ലെറ്റര്‍ ബോക്‌സില്‍ നിക്ഷേപിക്കാം. വെള്ള പേപ്പറില്‍ പൂര്‍ണമായ മേല്‍വിലാസം എഴുതി പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ കവറിനു പുറത്ത് ‘തപാല്‍’ എന്ന് രേഖപ്പെടുത്തണം. സ്റ്റാമ്പ് പതിക്കേണ്ടതില്ല.
ഇത്തരത്തില്‍ ലഭിക്കുന്ന മേല്‍വിലാസം എഴുതിയ പേപ്പറുകള്‍ പോസ്റ്റ് മാസ്റ്റര്‍/പോസ്റ്റ് മിസ്ട്രസ് സ്‌കാന്‍ ചെയ്ത് വനിതാ ശിശു വികസന വകുപ്പിന് ഈ – മെയില്‍ വഴി അയച്ചു കൊടുക്കും. ഗാര്‍ഹികാതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ അതാത് ജില്ലകളിലെ വനിതാ സംരക്ഷണ ഓഫീസര്‍മാരും കുട്ടികള്‍ക്കെതിരെയുള്ള പരാതികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാരും അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.സര്‍ക്കിള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി വനിതാശിശുവികസന വകുപ്പ് ഒപ്പുവച്ച ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്.
പരാതികള്‍ എഴുതാന്‍ കഴിയാത്തവരെപ്പോലും പീഡനങ്ങളില്‍ നിന്നു രക്ഷപെടുത്താന്‍ സഹായിക്കുകയെന്ന ഉദ്ധേശത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. മേല്‍വിലാസം മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നതിനാല്‍ പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മഹിള ശക്തികേന്ദ്രയുമായി ബന്ധപ്പെടുക. ഫോണ്‍: 8330862021, 0468-2329053.
അറൈസ് രണ്ടാഘട്ട പരിശീലന പരിപാടികള്‍ 30നും ജൂലൈ 14നും
ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ /മൂല്യ വര്‍ധിത ഉത്പന്നങ്ങളിലെ വിവിധ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മൂല്യവര്‍ധന ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക എന്നി ലക്ഷ്യങ്ങളോടെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റിന്റെ (കെഐഇഡി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണ് അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ് (എആര്‍ഐഎസ്ഇ-അറൈസ്).
വിവിധ ജില്ലകളില്‍ നടത്തിയ ഒന്നാംഘട്ട പരിശീലനത്തിന്റെ തുടര്‍ച്ചയായി രണ്ടാം ഘട്ടമായ വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ പ്രൊജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ചെറുകിട സംരഭകര്‍ക്ക് തുടങ്ങുവാന്‍ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനുകള്‍ സംഘടിപ്പിക്കും. ജില്ല വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഈ മാസം 30ന് മത്സ്യവുമായി ബന്ധപ്പെട്ടും ജൂലൈ 14ന് പഴം പച്ചക്കറിയുമായി ബന്ധപ്പെട്ടുമുള്ള ഓണ്‍ലൈന്‍ സെഷനുകള്‍ സംഘടിപ്പിക്കും. ഈ സൗജന്യ ഓണ്‍ലൈന്‍ ട്രെയ്‌നിങ്ങിനുള്ള രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കെഐഇഡി യുടെ വെബ്‌സൈറ്റായ www.kied.info സന്ദര്‍ശിക്കുകയോ 7403180193, 9605542061 എന്നീ നമ്പറുകളിലോ ജില്ല വ്യവസായ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാം. സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.
കോവിഡ് മരണം: പ്രത്യേക വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കോവിഡിന്റെ രണ്ടാംതരംഗത്തില്‍ രോഗം പിടിപെട്ട് മരിച്ച പട്ടികജാതിയില്‍പെട്ടവരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വായ്പ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗം അടഞ്ഞ കുടുംബാംഗങ്ങളുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കിയ വായ്പ്പാ പദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പ്പയും നിശ്ചിത നിരക്കില്‍ നല്‍കുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണു നടപ്പിലാക്കുന്നത്.
കോവിഡ് പിടിപെട്ട് മരിച്ച പട്ടികജാതിയില്‍പ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അയാളുടെ തൊട്ടടുത്ത ആശ്രിതനു പദ്ധതിയില്‍ വായ്പ്പയ്ക്ക് അപേക്ഷിക്കാം. പരമാവധി അഞ്ചു ലക്ഷം രൂപ വരെ മുതല്‍ മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നല്‍കുന്ന വായ്പയുടെ 20% അഥവാ ഒരു ലക്ഷം രൂപ, ഇതില്‍ ഏതാണോ കുറവ് അത് സബ്സിഡി ആയി കാണിക്കാം. വായ്പയുടെ പലിശനിരക്ക് ആറു ശതമാനം ആയിരിക്കും. മരിച്ച വ്യക്തിയുടെ പ്രായം 18 നും 60 വയസുനിമിടയിലായിരിക്കണം.
അപേക്ഷകന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ അധികരിക്കുവാന്‍ പാടുള്ളതല്ല. പ്രധാന വരുമാനദായകന്‍ മരിച്ചത് കോവിഡ് മൂലമാണെന്നു തെളിയിക്കന്നതിനാവശ്യമായ ആധികാരിക രേഖ അപേക്ഷകന്‍ ഹാജരാക്കണം. മാത്രമല്ല കോര്‍പ്പറേഷന്റെ നിലവിലെ മറ്റു വായ്പ്പ നിബന്ധനകള്‍ പാലിക്കുന്നതിനും അപേക്ഷകര്‍ ബാധ്യസ്ഥനായിരിക്കും. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബിഎല്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍: 9400068503
ഫോട്ടോ ജേര്‍ണലിസം കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍ 30 ന്
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്‌സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 30 ന് ഓണ്‍ലൈനായി നടത്തും. അഡ്മിഷന് അപേക്ഷ അയച്ച് ആദ്യ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം.
തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 0484 2422275 , 9447225524
മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് പത്തനംതിട്ട ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 40% സബ്‌സിഡി ലഭിക്കും. കാര്‍പ്പ് മത്സ്യകൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, കരിമീന്‍ വിത്തുല്പാദന യൂണിറ്റ് എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7. അപേക്ഷകള്‍ക്ക് ബന്ധപ്പെടുക. ജില്ലാ ഓഫീസ്:- 0468 2967720. മത്സ്യഭവന്‍, പത്തനംതിട്ട:-0468 2223134, 7012119759, 9605663222. മത്സ്യഭവന്‍, തിരുവല്ല:- 9446771720.