വായന അനുഭവ കുറിപ്പ് മത്സര വിജയികള്‍
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായന അനുഭവ കുറിപ്പ് തയ്യാറാക്കല്‍ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്എസ്എസിലെ ശ്രീപ്രിയ രാജേഷ് ഒന്നാം സ്ഥാനവും ഇതേ സ്‌കൂളിലെ സ്നേഹ എസ്. നായര്‍ രണ്ടാം സ്ഥാനവും മാങ്കോട് ഗവ.എച്ച്എസ്എസിലെ ആദിത്യ എം. നായര്‍ മൂന്നാംസ്ഥാനവും നേടി.
യുപി വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസിലെ എസ്. ആരുഷ് ഒന്നാംസ്ഥാനവും സീതത്തോട് കെആര്‍പിഎംഎച്ച്എസ്എസിലെ കെ.എസ്. ആരതിമോള്‍ രണ്ടാം സ്ഥാനവും നിരണം എംഎസ്എം യുപി സ്‌കൂളിലെ ഷെല്‍ബി തോമസ് മൂന്നാംസ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലൈ 23ന് രാവിലെ 11.30ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും.
ധനസഹായത്തിന് അപേക്ഷിക്കാം
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കേരള കെട്ടിട നിര്‍മാണ ക്ഷേമ ബോര്‍ഡില്‍ നിന്ന് ആനുകൂല്യം ഇതുവരെ ലഭിക്കാത്ത അംഗത്തൊഴിലാളികള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കാം. ബോര്‍ഡിലെ ഐഡി ബുക്ക്, പാസ് ബുക്ക്, അപേക്ഷകന്റെ ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി ഹാജരാക്കണം.
ആര്‍മി പൊതുപ്രവേശന പരീക്ഷ ജൂലൈ 25 ന്
ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളച്ചല്‍ സ്റ്റേഡിയമാണ് പരീക്ഷാ കേന്ദ്രം. 2021 ഏപ്രില്‍ 25ന് നടത്താനിരുന്ന പരീക്ഷയാണ് ഇപ്പോള്‍ നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ കാര്‍ഡ് സഹിതം ജൂലൈ 25ന് പുലര്‍ച്ചെ നാലിന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ബ്ലാക്ക് ബോള്‍ പെന്‍, ക്ലിപ്ബോര്‍ഡ് എന്നിവ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്ക്നിക്കല്‍/ സോള്‍ജിയര്‍ ടെക്ക്നിക്കല്‍ നഴ്സിംഗ് അസിസ്റ്റന്‍ഡ്/ എന്‍എ വെറ്ററിനറി, സോള്‍ജിയര്‍ ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്ക്നിക്കല്‍/ ഇന്‍വെന്ററി മാനേജ്മെന്റ്, സോള്‍ജിയര്‍ ട്രേഡ്സ്മെന്‍(10), സോള്‍ജിയര്‍ ട്രേഡ്സ്മെന്‍(8) എന്നീ വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്. ഫോണ്‍: 0471 – 2351762
ക്ഷീര മേഖലയിലെ സാമാന്യ നിയമങ്ങള്‍; ഓണ്‍ലൈന്‍ പരിശീലനം 22ന്
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ഈ മാസം 22 ന് രാവിലെ 11 മുതല്‍ ക്ഷീരകര്‍ഷകരും സംരംഭകരും അറിഞ്ഞിരിക്കേണ്ട സാമാന്യ നിയമങ്ങള്‍ എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ ലൈന്‍ പരിശീലനം നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 22 ന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ്ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550.
വനിതാ കമ്മീഷന്‍ സിറ്റിംഗ് 26ന്
കേരള വനിതാ കമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ സിറ്റിങ് ഈ മാസം 26ന് രാവിലെ 10 മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം റദ്ദായവര്‍ക്ക് പുന:സ്ഥാപിക്കാന്‍ അവസരം
2019 ഏപ്രില്‍ മുതല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ അംശാദായ അടവ് മുടങ്ങിയതു മൂലം അംഗത്വം റദ്ദായവര്‍ക്ക് ജൂലൈ 31 വരെ അംഗത്വം പുനഃസ്ഥാപിക്കുവാന്‍ അവസരം ഉണ്ടായിരിക്കും. അംശാദായ കുടിശിക പിഴ സഹിതം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കുവാന്‍ അംഗത്വ പാസ്ബുക്ക് ടിക്കറ്റ് അക്കൗണ്ട് ബുക്ക് ടിക്കറ്റ് വില്പന നടത്തിയതിന്റെ രേഖകള്‍ (പ്രതിമാസം 25000 രൂപ) എന്നിവ സഹിതം പ്രസ്തുത തീയതിക്കു മുന്‍പായി പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 – 2222709, 8330010857.
ആറന്മുള വള്ളംകളി: ആലോചനാ യോഗം നാളെ (20)
ആറന്മുള വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജൂലൈ 20 ചൊവ്വ രാവിലെ 11ന് ഓണ്‍ലൈനായി യോഗം ചേരും.
പാര്‍ട്ട് ടൈം സ്വീപ്പര്‍; ഇന്റര്‍വ്യൂ മാറ്റിവച്ചു
കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലേക്കുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ഈ മാസം 21 ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ മാസം 23 ന് നേരത്തേ അറിയിച്ച കത്തുപ്രകാരം അതേ സ്ഥലത്ത് അതേ സമയത്ത് നടത്തുമെന്ന് പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.ഫോണ്‍ : 0468 2222417.
കാര്‍ത്തികപ്പളളി അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കാര്‍ത്തികപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഈ മാസം വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 23 നകം നല്‍കണം. പിജിഡിസിഎ ഡിഗ്രിയാണ് യോഗ്യത. ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ കോഴ്സിന് എസ്.എസ്.എല്‍.സി പാസായിരിക്കണം. ഡി.സി.എ കോഴ്സിന് പ്ലസ് ടു കഴിഞ്ഞിരിക്കണം.
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് (സി.സി.എല്‍.ഐ.എസ്) എസ്.എസ്.എല്‍.സി പാസാകണം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗിന് പ്ലസ് ടു പാസാകണം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സിന് (എ.ഡി.ബി.എം.ഇ) ഇലക്‌ട്രോണിക്സ് അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ് .എം) കോഴ്സിന് ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ കോഴ്സിന് എം-ടെക്/ബി-ടെക്/എം.എസ്.സി പാസാകണം. ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.ടി, മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമ വിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.ihrd.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം അതത് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പളളിയിലേക്ക് അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പി.ജി.ഡി.സി.എ, ഡി.സി.എ, സി.എല്‍.ഐ.എസ്, സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജമെന്റ് എന്നീ കോഴ്സുകള്‍ ഉണ്ടായിരിക്കും. താത്പര്യമുളളവര്‍ കോളജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04792485370, 04792485852, 8547005018, 9495069307. ക്ലാസുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രം. പാര്‍ട്ട് ടൈം, ഫുള്‍ ടൈം ബാച്ചുകള്‍ ഉണ്ടായിരിക്കും.