ക്ഷേമ സ്ഥാപനങ്ങളിലെ കോവിഡ് ടെസ്റ്റിംഗ് തുടരുന്നു
ജില്ലയിലെ ക്ഷേമ സ്ഥാപനങ്ങളില്‍ ആരംഭിച്ച കോവിഡ് ടെസ്റ്റിംഗ് പുരോഗമിക്കുന്നു. ജില്ലാ കളക്ടറുടെയും സാമൂഹ്യ നീതി – ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാരുടെയും നിര്‍ദേശം അനുസരിച്ചാണ് ക്ഷേമ സ്ഥാപനങ്ങളില്‍ കോവിഡ് ടെസ്റ്റിംഗ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ വയോജന മന്ദിരങ്ങളിലാണ് ടെസ്റ്റിംഗ് നടത്തുന്നത്. പത്തനംതിട്ട ഡിഎംഒയുടെ നിര്‍ദ്ദേശമനുസരിച്ച് ബ്ലോക്ക് അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു. ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുവാന്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എല്ലാ ക്ഷേമ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റുകളും പാസുകളും ഉപയോഗിക്കാം
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും, പാസുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണെന്ന് ഭിന്നശേഷി കമ്മീഷണര്‍ ഉത്തരവായതായി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ മൂലം സര്‍ട്ടിഫിക്കറ്റുകളുടെയും, പാസുകളുടെയും കാലാവധി പുതുക്കുന്നതിന് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഉത്തരവ്.
അപേക്ഷാതീയതി നീട്ടി
സാമൂഹ്യ നീതി വകുപ്പില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന പദ്ധതികളുടെ അപേക്ഷകള്‍ നല്‍കാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ച് സാമൂഹ്യ നീതി ഡയറക്ടര്‍ ഉത്തരവായി. അപേക്ഷകള്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നല്‍കാം.
താല്‍പര്യ പത്രം ക്ഷണിച്ചു
മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കുന്നതിന് സംസ്ഥാന തലത്തില്‍ ഒരു ഹോം ആരംഭിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് പദ്ധതി തയാറാക്കുന്നു. ഹോം ആരംഭിക്കാന്‍ പരിചയ സമ്പന്നരായ സംഘടനകളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിച്ചു. വിശദ വിവരങ്ങള്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. (വെബ് സൈറ്റ് swd.kerala.gov.in)
ഭിന്ന ശേഷിക്കാരായ ലോട്ടറി ഏജന്റുമാര്‍ക്ക് ധനസഹായം
പുതുതായി ലോട്ടറി ഏജന്‍സി എടുത്ത് ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് 5000 രൂപ ധനസഹായം നല്‍കുന്നു. അപേക്ഷകര്‍ 40 ശതമാനത്തില്‍ അധികം ഭിന്നശേഷിത്വം ഉള്ളവരും പ്രതിവര്‍ഷം ഒരുലക്ഷത്തില്‍ അധികം വരുമാനം ഇല്ലാത്തവരുമായിരിക്കണം. അപേക്ഷാ ഫോം കേരളാ വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ www.hpwc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15ന് വൈകുന്നേരം അഞ്ചുവരെ. വിവരങ്ങള്‍ക്ക് 0471-2347768, 7152, 7153, 7156 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.