വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ : അപേക്ഷ ക്ഷണിച്ചു
പി.ആര്‍.ഡി യുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കളക്ടറേറ്റ് ഒന്നാംനിലയിലുള്ള പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷിക്കുന്ന ജില്ലയില്‍ സ്ഥിര താമസക്കാരനാകണം. പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം. സ്വന്തമായി ഫുള്‍ എച്ച്ഡി പ്രൊഫഷണല്‍ ക്യാമറ, ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകണം. ദൃശ്യങ്ങള്‍ വേഗത്തില്‍ അയയ്ക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം.
അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 20. അപേക്ഷാ ഫോം www.prd.kerala.gov.in എന്ന വെബ് സൈറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ പിആര്‍ഡി വെബ്സൈറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേയ്സ്ബുക്ക് പേജിലും ലഭിക്കും.
സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി സ്‌കീമില്‍ സൗരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇതിനായി www.buymysun.com എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന് കിലോ വാട്ടിന് 40 ശതമാനം സബ്‌സിഡിയും , അധികമായി വരുന്ന 10 കിലോ വാട്ട് വരെയുളള നിലയങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡിയും ലഭ്യമാകും. മുന്‍ഗണനാ ക്രമം അനുസരിച്ച് സാധ്യതാ പഠനം നടത്തിയാകും നിലയങ്ങള്‍ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിനുശേഷം അധിക വൈദ്യുതി ശൃംഖലയിലേക്ക് നല്‍കുന്നതിലൂടെ വൈദ്യുത ബില്ലില്‍ ഗണ്യമായ കുറവ് വരുത്താന്‍ ആകുമെന്നതാണ് ഓണ്‍ ഗ്രിഡ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത. കൂടുതല്‍ വിവരങ്ങള്‍ www.buymysun.com വെബ്‌സൈറ്റിലും ടോള്‍ഫ്രീ നമ്പരായ 1800-425-1803 നമ്പറിലും ലഭിക്കും.
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുളള നോളജ് സെന്ററില്‍ നടത്തി വരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ ആറുമാസം) , വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (മൂന്നു മാസം) എന്നീ കോഴ്‌സുകളിലേക്കു അപേക്ഷിക്കാം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് (ഡി.സി.എ ആറുമാസം) കോഴസിന് 25 ശതമാനം ഫീസ് ഇളവ് നേടാം. ഫോണ്‍ : 9526229998, 8547632016, മേല്‍വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ് , ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍.
പുനര്‍ലേലം
ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കോമ്പൗണ്ടിലുളള ആഞ്ഞിലി, പ്ലാവ്, മാവ്,പന, ഉണങ്ങിയ വയണ എന്നീ മരങ്ങള്‍ ഈ മാസം 10 ന് രാവിലെ 11 ന് അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റ ഓഫീസില്‍ പുനര്‍ പരസ്യലേലം നടക്കും. പുനര്‍ ക്വട്ടേഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സീല്‍ ചെയ്ത കവറില്‍ ഈ മാസം 10 ന് രാവിലെ 10.30 ന് മുമ്പായി ക്വട്ടേഷന്‍ ഓഫീസില്‍ എത്തിക്കേണ്ടതും നിരതദ്രവ്യമായി 2800 രൂപയുടെ ഡി.ഡി പ്രിന്‍സിപ്പലിന്റെ പേരില്‍ എടുത്തത് ഒപ്പം വെക്കണം.
വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് മികച്ച തൊഴിലവസരം
എല്ലാ തൊഴില്‍ മേഖലയിലുമുളള വിദഗ്ദ്ധ- അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിനുളള ഒരു നൂതന സംരംഭം വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്നു. ഓരോ പ്രദേശത്തെയും തൊഴിലാളികള്‍ക്ക് പ്രയോജനം സിദ്ധിക്കുന്ന വിധത്തില്‍ വ്യവസായ സഹകരണ സംഘങ്ങള്‍ മുഖേന പ്രാവര്‍ത്തികമാക്കുന്ന പ്രക്രിയയുടെ ഗുണഭോക്താക്കളാകാന്‍ താത്പര്യമുളളവര്‍ ജില്ലാ വ്യവസായ കേന്ദ്രവുമായോ , താലൂക്ക് വ്യവസായ ഓഫീസുമായോ, ബ്ലോക്കിലെ വ്യവസായ വികസന ഓഫീസുമായോ അല്ലെങ്കില്‍ 0468 2214639, 9446593790 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാം.
ബി കോം ഫിനാന്‍സ് കോഴ്‌സിലേക്ക് പ്രവേശനം
കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, കാര്‍ത്തികപ്പളളിയില്‍ പുതിയതായി അനുവദിച്ച ബി കോം ഫിനാന്‍സ് കോഴ്‌സിന് ഒരാഴ്ചയ്ക്കകം അപേക്ഷിക്കാം. കോളജ് സീറ്റായ 50 ശതമാനത്തിലേക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൈറ്റില്‍ കയറി തിരുത്തലുകള്‍ വരുത്താം. കോളജില്‍ ഒഴിവുളള ഏതാനും ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് സീറ്റുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: www.ihrd.ac.in,www.keralauniversity.ac.in, http://caskarthikapally.ihrd.ac.in, ഫോണ്‍: 9495069307, 04792485852, 8547005018.
നവോദയ പ്രവേശന പരീക്ഷ 2021
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയാ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തെ ആറാംക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനായുളള ഓണ്‍ ലൈന്‍ അപേക്ഷകള്‍ https://navodaya.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നവോദയ വിദ്യാലയം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം. ഫോണ്‍ 04735 265246.
കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കണം
പി.എസ്.സി നടത്തുന്ന വിവിധ പരീക്ഷകളില്‍ കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുളള അനുമതിക്ക് ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ജില്ലാ പി.എസ്.സി ഓഫീസര്‍ക്ക് [email protected] എന്ന ഇ മെയില്‍ മേല്‍വിലാസത്തിലോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. പരീക്ഷ എഴുതാന്‍ അനുമതി ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ആരോഗ്യവകുപ്പിന്റെ അനുമതി പത്രം , കോവിഡ് 19 പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഉദ്യോഗാര്‍ഥികള്‍ പി.പി.ഇ കിറ്റ് ധരിച്ച് ആരോഗ്യപ്രവര്‍ത്തകനൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ സ്വന്തം ചെലവില്‍ ഹാജരാകണം. ഉദ്യോഗാര്‍ഥിയുടെ ഐഡിന്റിറ്റി തെളിയിക്കുന്നതിന് ഡോക്ടറുടെ സാക്ഷ്യപത്രം അഡ്മിഷന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഹാജരാക്കണം. ഫോണ്‍ : 0468 2222665
നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി
നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ രാവിലെ 10ന് തൃശൂര്‍ ജില്ലാ പ്ലാനിംഗ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേന നിര്‍വഹിക്കും. കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
നെല്‍കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകള്‍ക്കാണ് ഹെക്ടറിന് ഓരോ വര്‍ഷവും 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുന്നത്. നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളില്‍ വിള പരിക്രമണത്തിന്റെ ഭാഗമായി പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും.
നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്ന ഭൂവുടമകള്‍ ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍/ഏജന്‍സികള്‍ മുഖേനയോ ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കും. ഈ ഭൂമി തുടര്‍ന്നും മൂന്ന് വര്‍ഷം തുടര്‍ച്ചയായി തരിശിട്ടാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കില്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുമ്പോള്‍ റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. കൃഷി വകുപ്പ് മന്ത്രിയുടെ ഫേസ് ബുക്ക് പേജിലൂടെ പരിപാടി തത്സമയം കാണാന്‍ സാധിക്കും. റോയല്‍റ്റിക്കായുള്ള അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കര്‍ഷകര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.
പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്
2020-21 ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, വനം വകുപ്പ്, ദേവസ്വം ബോര്‍ഡ് സംയുക്തമായി പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലെ (ഇ.എം.സി) സൂപ്പര്‍വൈസറായി നാലു പുരുഷ നേഴ്സുമാരെ (ദിവസ വേതനത്തില്‍) ആവശ്യമുണ്ട്. അംഗീകൃത കോളജില്‍ നിന്നും ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് പാസായിട്ടുള്ളവരും, കേരളാ നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുള്ളവര്‍ക്കും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ (എ.എച്ച്.എ) എ.സി.എല്‍. എസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ ഫോണ്‍, ഇ മെയില്‍ ഐഡി, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം [email protected] എന്ന മെയിലില്‍ ഈ മാസം ഒന്‍പതിന് വൈകുന്നേരം അഞ്ചിന് മുന്‍പായി അയക്കണം. ഫോണ്‍: 9495549794