പന്തളം : പന്തളത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കായി പ്രാരംഭ നടപടികൾ തുടങ്ങി. ഡീറ്റയിൽഡ് പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. പന്തളം ചന്തയ്ക്കും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിനും സമീപമുള്ള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ജൈവ മാലിന്യത്തെ വളമാക്കി മാറ്റുന്നതിനുള്ള ഡീ-വാട്ടേർഡ് കംപോസ്റ്റിങ് സിസ്റ്റമാണ് ഇതിൽ പ്രധാനം. കൂടാതെ പാഴ്‌വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലം (ആർ.ആർ.എഫ്.), വാതക ശ്മശാനം, ഡയപ്പർ, സാനിട്ടറി പാഡ് സംസ്‌കരണത്തിനിള്ള പദ്ധതി, തുറന്ന ജിംനേഷ്യം, കുട്ടികളുടെ പാർക്ക് തുടങ്ങിയവയാണ് നടപ്പാക്കുന്നതിനായി ഉദ്ദേശിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ആദ്യമായി സാനിട്ടറി നാപ്കിൻ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കിയ പാലക്കാട് നഗരസഭയിലെ മാതൃകയിലാണ് പന്തളത്തും ഇതാരംഭിക്കുന്നത്. ഇത്തരം മാലിന്യം വീടുകളിൽ നിന്ന് ശേഖരിക്കുന്നതിന് പ്രത്യേകം ഫീസും ഈടാക്കും. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഡീ-വാട്ടേർഡ് കംപോസ്റ്റിങ് സിസ്റ്റം ഉപയോഗിച്ച് ജൈവ മാലിന്യത്തെ വളമാക്കി മാറ്റുന്ന പദ്ധതി പ്രാവർത്തികമാകുന്നതോടെ ജൈവ മാലിന്യത്തിന്റെ പ്രശ്‌നത്തിൽ നിന്നും നഗരസഭയ്ക്ക് മോചനം ലഭിക്കുമെന്ന് ചെയർപേഴ്‌സൺ സുശീല സന്തോഷ്, സെക്രട്ടറി ഇ.ബി.അനിത, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബെന്നിമാത്യു എന്നിവർ പറഞ്ഞു.