പത്തനംതിട്ട : മലയോര മേഖലയിലെ ജനങ്ങളോട് വനം വകുപ്പ് ഉദ്യോഗസ്ഥർ തുടരുന്ന അനീതി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിരപരാധികളായ കർഷകരെ കസ്റ്റഡിയിലെടുത്ത് നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. കഴിഞ്ഞദിവസം കാട്ടാന ചരിഞ്ഞതുമായി ബന്ധപ്പെട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിൽ പ്രദേശവാസികളായ നിരവധി കർഷകരെയും തൊഴിലാളികളെയുമാണ് അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. വന്യജീവികളുടെ ആക്രമണത്തിൽ നിന്നും പ്രതിരോധം തീർക്കേണ്ടതിനു പകരം വനാതിർത്തിയിലുള്ള കർഷകരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ സമീപനം നീതീകരിക്കാനാവില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. എന്നാൽ ഈ സംഭവത്തിൽ കെ യു ജനീഷ് കുമാർ എംഎൽഎ ഫോറസ്റ്റ് ഓഫീസിലെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് മാതൃകാപരമല്ല.
ഈ രാഷ്ട്രീയ നാടകത്തിന് പിന്നിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണം. കേരള വനനിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ അടുത്തിടെയാണ് സംസ്ഥാന സർക്കാർ നീക്കം നടത്തിയത്. യുഎപിഎ പോലെയുള്ള ഭീകര നിയമങ്ങൾക്ക് സമാനമായ ഭേദഗതികളാണ് സർക്കാർ കൊണ്ടുവന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കിൽ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫീസർക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽ നിന്ന് ആരെയും അറസ്റ്റുചെയ്ത് തടങ്കലിൽ വെക്കുന്നതു ഉൾപ്പെടെയുള്ള നിരവധി ഭേദഗതികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ വിഷയത്തിൽ കെ യു ജനീഷ് കുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അന്ന് മൗനം തുടരുകയാണ് ചെയ്തത്. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും കടുത്ത എതിർപ്പ് ഉയർന്നതോടെയാണ് സർക്കാർ നിയമത്തിൽ നിന്നും പിന്മാറിയത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നിലപാടിൽ വെള്ളം ചേർക്കുന്ന ഇത്തരക്കാരുടെ കുതന്ത്രങ്ങളിൽ ജനങ്ങൾ വീണുപോകരുത്.
പത്തനംതിട്ട ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനമേഖലയോട് ചേർന്നാണ് കിടക്കുന്നത്. ഈ പ്രദേശങ്ങളിലെല്ലാം വന്യമൃഗ ശല്യം രൂക്ഷമായിട്ടുണ്ട്. പകൽ സമയങ്ങളിൽ പോലും ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നു. ഇവിടെയെല്ലാം വനം വകുപ്പ് ശത്രുത മനോഭാവത്തോടെയാണ് ജനങ്ങളോട് പെരുമാറുന്നത്. മനുഷ്യജീവന് വിലകൽപ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും വനം വകുപ്പ് പിന്മാറണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. സലിം മൗലവി, സുധീർ കോന്നി, ഷെയ്ക്ക് നജീർ, സിയാദ് നിരണം, ഷാജി കോന്നി എന്നിവര്‍ പങ്കെടുത്തു.