കൊച്ചി: ഇൻകെൽ സോളാർ തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് തയ്യാറാകാതെ സർക്കാർ. ഇൻകെൽ നടത്തുന്ന അന്വേഷണം പൂർത്തിയാകട്ടെ എന്നാണ് വ്യവസായ മന്ത്രിയുടെ വാദം. ഇൻകെൽ റിപ്പോർട്ട് വന്ന ശേഷം വിജിലൻസ് അന്വേഷണത്തിൽ തീരുമാനം എടുക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. എന്നാൽ 34 കോടിയുടെ കെഎസ്ഇബി-ഇൻകെൽ സോളാർ പദ്ധതിയുടെ അന്തിമ കരാറിലുള്ള രേഖകളിലുള്ളത് തന്റെ ഒപ്പ് അല്ലെന്നുള്ള ഇൻകെൽ മുൻ എംഡി കെ വേണുഗോപാലിന്റെ ആക്ഷേപവും ഇതുവരെ അന്വേഷിച്ചിട്ടില്ല. ഫോറൻസിക്ക് പരിശോധന കൂടി അനിവാര്യമായ ഈ അക്ഷേപത്തിലാണ് ഉന്നത തല അന്വേഷണം വൈകുന്നത്.
40 കോടിക്ക് കെഎസ്ഇബിയിൽ നിന്നും നേടിയെടുത്ത സൗരോർജ്ജ പദ്ധതി ഇൻകെൽ ആറ് കോടി ലാഭമെടുത്ത് തമിഴ്നാട് കമ്പനിക്ക് മറിച്ചുകൊടുക്കുന്നത് 2020 ലാണ്. ഇങ്ങനെ ഉപകരാർ കൊടുക്കുന്നത് കരാർ ലംഘനമായിട്ടും ഈ ഇടപാട് നടക്കുകയായിരുന്നു. 2020 ജൂണ്‍ എട്ടിന് ആദ്യപടിയായി സ്വകാര്യ കമ്പനിയുമായി 7 മെഗാവാട്ട് സോളാർ പദ്ധതിയുടെ വർക്ക് ഓർഡർ ഒപ്പിടുന്നത് അന്നത്തെ ഇൻകെൽ എംഡി കെ വേണുഗോപാലാണ്. എന്നാൽ ഈ പദ്ധതിയിൽ സംഭവിക്കാൻ പോകുന്ന അഴിമതിയും കോഴപ്പണത്തിലെ ധാരണകളും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ 2020 ജൂണ്‍ മാസം തന്നെ ഒരു പരാതി എത്തിയിരുന്നു. വ്യവസായ വകുപ്പിന് കീഴിലെ ഇൻകലിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി കൈമാറുകയും ചെയ്തു.