കണ്ണൂര്‍ : കണ്ണുരില്‍ സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും ഐ.എന്‍.എല്‍ മന്ത്രിയെയും നേതാക്കളെയും ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹത്തില്‍ സിപിഎം അബ്ദുല്‍ വഹാബ് പക്ഷത്തിനോട് രഹസ്യ പിന്‍തുണ നല്‍കുന്നതായാണ് ആരോപണം. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ നിന്നാണ് ഐഎന്‍എല്‍ പ്രതിനിധികളെ പടിക്ക് പുറത്താക്കിയത്.
ചൊവ്വാഴ്‌ച്ച നടക്കുന്ന ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് ഐഎന്‍എല്‍ മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലിനെയും മറ്റു നേതാക്കളെയും ഒഴിവാക്കിയത്. എല്‍ഡിഎഫിലെ മറ്റെല്ലാ ഘടകക്ഷികളുടെ പ്രതിനിധികളെയും യുഡിഎഫ് നേതാക്കളെയും ഉള്‍പ്പെടുത്തിയപ്പോഴാണ് ഈ വിവേചനം. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ അറിയിച്ചു. കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം രണ്ടാം പിണറായി സര്‍ക്കാരിലാണ് ഐ.എന്‍.എല്ലിന് മന്ത്രി സ്ഥാനം നല്‍കി എല്‍.ഡി.എഫ് മുന്നണിയിലെടുക്കുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ – മ്യൂസിയം വകുപ്പ് മന്ത്രിസ്ഥാനവും നല്‍കി. ഐഎന്‍എല്‍ രൂപീകൃതമായശേഷം ആദ്യമായാണ് പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത്. പിന്നീട് ഐഎന്‍എലിനുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമാകുകയും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡന്റ് അബ്ദുള്‍ വഹാബും രണ്ടു ചേരികളിലായി മാറുകയുമായിരുന്നു. അഭിപ്രായഭിന്നത പാര്‍ട്ടിയോഗത്തില്‍ കൈയാങ്കളിയിലെത്തുകയും ചെയ്തു.
ഇതോടെ കാസിം ഇരിക്കൂര്‍ അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായും അബ്ദുള്‍ വഹാബ് കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പ്രഖ്യാപിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം ഇതു വരെ വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിലും വഹാബ് വിഭാഗത്തെ പിന്തുണയ്ക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു.
ഇത്തവണത്തെ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ കാര്യത്തിലും ഐഎന്‍എല്ലിനെ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതിനു ശേഷമാണ് എല്‍.ഡി.എഫ് ഘടകകക്ഷിയായ ഐ.എന്‍.എല്ലിന് മറ്റൊരു വിവേചനം കൂടി നേരിട്ടത്. നേരത്തെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഐ.എന്‍.എല്‍ നേതാക്കള്‍ അദാനി ഗ്രുപ്പ് പ്രതിനിധികളുമായി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ രഹസ്യ ചര്‍ച്ച നടത്തിയത് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. ഇതു കൂടാതെ പാര്‍ട്ടിക്കുള്ളിലെ പരസ്യപോര് തെരുവിലെത്തിയതും മുന്നണിയെ നയിക്കുന്ന സിപിഎമ്മിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ഐ.എന്‍.എല്‍ നേതാക്കളെ തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ വിളിച്ചു വരുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ താക്കീതു നല്‍കിയിരുന്നു. എന്നിട്ടും ഇരുവിഭാഗവും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഐ.എന്‍.എല്ലിലെ കാസിം ഇരിക്കൂര്‍ പക്ഷത്തെ അകറ്റി നിര്‍ത്തുന്ന തെന്നാണ് സൂചന.