കോഴിക്കോട് : ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും പിരിച്ചുവിട്ടു. പാര്‍ട്ടിയുടെ ഏക എം എല്‍ എയും മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു. ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നിലവിലെ പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറും അഡ്‌ഹോക്ക് കമ്മിറ്റിയിലുണ്ട്.
മാര്‍ച്ച് 31ന് മുമ്പ് അംഗത്വ വിതരണവും ഭാരവാഹി തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പ്രതികരിച്ചു. നേരത്തേ നടത്തിയ മധ്യസ്ഥ ചര്‍ച്ചാ തീരുമാനങ്ങളുടെ ലംഘനമാണ് ഇത്. സംസ്ഥാന നേതൃത്വത്തിന്റെ കാര്യത്തില്‍ ദേശീയ നേതൃത്വം ഇടപെടരുത് എന്നതാണ് മധ്യസ്ഥ ചര്‍ച്ചയിലെ പ്രധാന തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.