കോഴിക്കോട് : ഐ.എന്‍.എല്ലിലെ തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിവിന് സിപിഎം നിരീക്ഷണം. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ മൂന്നു സിപിഎം അംഗങ്ങളെ നിയോഗിക്കാനാണ് പാര്‍ട്ടി തീരുമാനം. മുതിര്‍ന്ന സിപിഎം അംഗങ്ങള്‍ തന്നെയാകും മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.
ഐഎന്‍എല്ലില്‍ തര്‍ക്കവും ആരോപണവും തുടരുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ ഇടപെടല്‍. നേരത്തെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രി പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയോടോ മുന്നണിയോടൊ ആലോചിക്കാതെയാണെന്നാണ് വിമര്‍ശനം. ചില ലീഗ് നേതാക്കളുമായി മന്ത്രി അഹമ്മദ് ദേവര്‍കോവിന് ബന്ധമുണ്ടെന്നും വിമര്‍ശനമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സിപിഎം നേതാക്കളെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. മന്ത്രിക്ക് മൂക്കൂകയര്‍ ഇട്ടില്ലെങ്കില്‍ അതു ദോഷം ചെയ്യുമെന്നാണ് സിപിഎം നിരീക്ഷണം. ഇതാണ് മന്ത്രിയുടെ സ്റ്റാഫില്‍ സിപിഎം നേതാക്കളെ അടിയന്തിരമായി നിയമിക്കുന്നത്. അതിനിടെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം ചര്‍ച്ചചെയ്യാനായി പാര്‍ട്ടി സെക്രട്ടറിയേറ്റ് ചേരുന്നതില്‍ പാര്‍ട്ടി പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ തര്‍ക്കം തുടരുകയാണ്. തര്‍ക്കം പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകളുമുണ്ട്.