തിരുവനന്തപുരം : ഇന്നോവേഷൻ ഇൻക്യുബേഷൻ സ്റ്റാർട്ടപ്പ് അന്തരീക്ഷം എല്ലാ കലാലയങ്ങളിലും പ്രത്യേകിച്ച് സാങ്കേതിക വിദ്യാലയങ്ങളിലും ഉണ്ടാകണമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി ദേശീയ തലത്തില്‍ ഹൈസ്‌കൂള്‍ മുതല്‍ എഞ്ചിനീയറിങ് വരെയുള്ള വിദ്യാര്‍ഥികളുടെ സാങ്കേതിക-കലാപരമായ പരിപാടികള്‍ ഉള്‍പ്പെടുത്തി ഒരുക്കിയ തരംഗ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നൂതന ആശയങ്ങൾ മുന്നോട്ടു വെക്കുന്ന പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്ക് 5 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി നൽകാൻ കഴിയും. സർഗ്ഗശേഷി ഉപയോഗിച്ചുകൊണ്ട് ജീവിത പരിസരങ്ങളിൽ പോസിറ്റീവായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയാണ് ലോകം ഇന്ന് ഉറ്റുനോക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും വലിയ അഭിമാനമാണ് ഐഎച്ച്ആർഡി സ്ഥാപനങ്ങൾ. കാലത്തിനനുസരിച്ച് സാങ്കേതികവിദ്യ അപ്ലൈഡ് സയൻസുമായി ബന്ധപ്പെട്ട് ഏറ്റവും നൂതനമായ ചലനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങൾ മുന്നോട്ടുപോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച ഇന്റർനാഷണൽ സെമിനാറുകൾ സംഘടിപ്പിക്കാൻ ഐ എച്ച് ആർ ഡി യ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികൾ തന്നെ കണ്ടെത്തിയ പുതിയ കാര്യങ്ങൾ പൊതുജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാനുള്ള വേദിയും ഇത്തരം മേളകളിലൂടെ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയികളായവരെ ചടങ്ങിൽ ആദരിച്ചു.
ആളൂർ പ്രസിഡൻസി കൺവെൻഷൻ സെന്ററിൽ നടന്ന സമാപന സമ്മേളനത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജോജോ അധ്യക്ഷത വഹിച്ചു. സിനിമാതാരം ബാഗിയോ ജോർജ്ജ് മുഖ്യാതിഥിയായി. ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ അരുൺകുമാർ, സിഎഎസ് കോഡിനേറ്റർ ഡോ. എസ്. സിന്ധു, ഐഎച്ച്ആർഡി ടിഎച്ച്എസ്എസ് കോഡിനേറ്റർ ടി.കെ ആനന്ദക്കുട്ടൻ, അധ്യാപകർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.