ചെങ്ങന്നൂര്‍ : ആര്‍.ഡി.ഒ ഓഫീസില്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നു. പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ എ.അലക്സാണ്ടറിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തുകയാണ്. കെട്ടികിടക്കുന്ന 2,250 ഫയലുകൾ 16-ാം തീയതിക്കകം തീര്‍പ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.750 ഫയലുകള്‍ ഇതിനോടകം തീര്‍പ്പാക്കിയതായി കളക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു.
തണ്ണീര്‍ത്തട നിയമപ്രകാരം തരം മാറ്റലിനായി ആര്‍.ഡി.ഒ ഓഫീസില്‍ ലഭിച്ച ഫയലുകളാണ് തീര്‍പ്പാകാതെ കെട്ടികിടക്കുന്നത്. വില്ലേജ് ഓഫീസില്‍ നിന്നും കൃഷി ഓഫീസില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കിയ 2250 ഫയലുകള്‍ ഇവിടെയുണ്ട്. കൂടാതെ വില്ലേജ് ഓഫീസിലും കൃഷി ഓഫീസിലും പരിശോധനക്ക് ഇവിടെ നിന്നും അയച്ചവ വേറേയും. ഫയലുകള്‍ തീര്‍പ്പാക്കാത്തതിനാല്‍ ഒന്‍പത് ജീവനക്കാരെ ചെങ്ങന്നൂരില്‍ നിന്നും സ്ഥലം മാറ്റിയിരുന്നു. പിന്നീട് ഈ ഫയലുകള്‍ തീര്‍പ്പാക്കാനായി നടത്തിയ അദാലത്തുകള്‍ പ്രഹസനമായി മാറി.
നൂറില്‍ താഴെ അപേക്ഷകളില്‍ മാത്രമേ നടപടികള്‍ക്കായി പരിഗണിച്ചുള്ളു. ഇതില്‍ 30 എണ്ണം മാത്രമാണ് തീര്‍പ്പാക്കിയത്. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ സ്ഥലം മാറ്റിയതും അദാലത്ത് നടപടികള്‍ക്ക് തിരിച്ചടിയായി. തുടര്‍ന്നാണ് കളക്ടറുടെ നടപടി. ഓഫീസ് നടപടികള്‍ ലഘൂകരിക്കാനായി കളക്ടര്‍ ഉത്തരവും നല്‍കി. ഫയലുകള്‍ തീര്‍പ്പാക്കുന്നതിലേക്കായി രണ്ട് എല്‍.ആര്‍ തഹസില്‍ദാര്‍മാര്‍, ആറു സൂപ്രണ്ട്, പത്ത് ക്ലാര്‍ക്ക് ഉള്‍പ്പെടെ ആവശ്യമായ ജീവനക്കാരെ നിയമിച്ചതായി ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു.