കോന്നി : കോന്നിയിൽ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി പോലീസ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധനകളും സുരക്ഷയും ശക്തമാക്കും. കോന്നി നഗരത്തിൽ കുട്ടികളും സ്ത്രീകളും നടന്നു പോകുന്ന വഴികളിൽ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം മൊബൈൽ ഫോണിൽ കുട്ടികളുടെ ചിത്രങ്ങൾ പകർത്തുന്നത് അടക്കമുള്ള സംഭവങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന ഗതാഗത ഉപദേശക സമിതി ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടകളിൽ മദ്യം, മയക്കുമരുന്ന് കച്ചവടങ്ങൾ വ്യാപകമാകുന്ന സംഭവത്തിൽ നടപടി സ്വീകരിക്കുവാനും കോന്നി പോലീസ് എക്സൈസ് അധികൃതർ തീരുമാനിച്ചു.
നഗരത്തിൽ മുൻ വർഷങ്ങളിൽ വിദ്യാർത്ഥി സംഘർഷങ്ങൾ വ്യാപകമായിരുന്നു. എന്നാൽ ഈ തവണ ഇത് കുറക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കോന്നി പോലീസ് അറിയിച്ചു. കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡ് അടക്കം വിദ്യാർത്ഥികൾ കൂടി നിൽക്കുന്ന ഇടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനും തീരുമാനമായി. സംസ്ഥാന പാത നിർമ്മാണം പൂർത്തിയായതോടെ നിരവധി വാഹനങ്ങൾ ആണ് അപകടത്തിൽ പെടുന്നത്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി തീരുന്നത്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുവാനും അധികൃതർ തീരുമാനിച്ചു. നഗരത്തിലെ വാഹനങ്ങളുടെ വേഗത കുറക്കുന്നതിനും അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.