കാലിഫോർണിയ : ഉപഭോക്താക്കള്‍ കൗമാരക്കാരാണോ പ്രായപൂര്‍ത്തിയായവരാണോ എന്ന് തിരിച്ചറിയാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാരംഭിച്ച് ഇന്‍സ്റ്റഗ്രാം. തിങ്കളാഴ്ചയാണ് പ്ലാറ്റ്‌ഫോമിലെ കൗമാരക്കാരായ ഉപഭോക്താക്കളെ കണ്ടുപടിക്കാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഇന്‍സ്റ്റഗ്രാം അറിയിച്ചത്. ഇങ്ങനെ കണ്ടെത്തുന്ന കൗമാരക്കാരുടെ അക്കൗണ്ടുകള്‍ ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറ്റും. പ്രായപൂര്‍ത്തിയായവരുടെ ജനനതീയ്യതി നല്‍കി നിര്‍മിച്ച അക്കൗണ്ടുകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും. നിലവില്‍ യു.എസില്‍ മാത്രമാണ് ഈ എഐ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അധികാരികളുടെ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമായ സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാം പ്രായനിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രായത്തിന് അനുയോജ്യമല്ലാത്ത ഇന്‍സ്റ്റഗ്രാം ഉള്ളടക്കങ്ങള്‍ കൗമാരക്കാരായ ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്നും അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നുമുള്ള കണ്ടെത്തലില്‍ യു.എസില്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഉള്ളടക്കങ്ങളുടെ സ്വഭാവം, ഇടപഴകുന്ന മറ്റ് അക്കൗണ്ടുകള്‍ ഏതെല്ലാം, എപ്പോഴാണ് അക്കൗണ്ട് നിര്‍മിക്കപ്പെട്ടത്, പ്രൊഫൈല്‍ വിവരങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചതിന് ശേഷമാണ് പുതിയ എഐ സാങ്കേതികവിദ്യ ഇന്‍സ്റ്റഗ്രാം ഉപഭോക്താവിന്റെ പ്രായം നിശ്ചയിക്കുന്നത്.
കൗമാരക്കാരാണെന്ന് കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക് ആയി ‘ടീന്‍ അക്കൗണ്ട്’ ആയി മാറും. കഴിഞ്ഞ വര്‍ഷമാണ് ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിക്കപ്പെട്ടത്. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുമായാണ് ഇത് അവതരിപ്പിച്ചത്. 16 വയസിന് താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ് ടീന്‍ അക്കൗണ്ടുകളായി മാറ്റുക. ഇതില്‍ ശക്തമായ പാരന്റല്‍ കണ്‍ട്രോളുകളും ഉണ്ടാവും.