റാന്നി : ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ശയ്യാവലംബികളായ കുട്ടികളുടെ ഭവനങ്ങളിൽ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങൾ അവിസ്മരണീയമാക്കി റാന്നി ബി.ആർ.സി.യുടെ ചങ്ങാതിക്കൂട്ടം. വെച്ചൂച്ചിറയിലെ ഏദൻ ബിനോയ് യുടെ വീട്ടിൽ നക്ഷത്രവിളക്ക് നിർമ്മിച്ചും ഏദനിഷ്ടപ്പെട്ട ചോക്ലേറ്റ് കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി നൽകിയുമാണ് ആഘോഷങ്ങൾ തുടങ്ങിയത്. റാന്നി ബി.ആർ.സി ശയ്യാവലംബികളായ കുട്ടികളുടെ വീടുകളിൽ നടക്കുന്ന ക്രിസ്മസ് നവവത്സരാഘോഷം ‘ചങ്ങാതിക്കൂട്ടം’ വെച്ചൂച്ചിറ പഞ്ചയത്ത് അംഗം പൊന്നമ്മ ചാക്കോ ഏദന്റെ വീട്ടിൽ ഉദ്ഘാടനം ചെയ്തു. റാന്നി ബി.പി.സി ഷാജി.എ.സലാം അധ്യക്ഷത വഹിച്ചു.
ഏദനെ എൻറോൾ ചെയ്തിട്ടുള്ള വെച്ചുച്ചിറ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമാധ്യാപിക വി.റ്റി. ലിസ്സിയുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ പാടിയപ്പോൾ ഏദനും ഏറ്റുപാടി. സ്കൂളിൽ ഡയപ്പർ ബാങ്ക് തുറന്ന് അത് വഴി ആവശ്യമായ ഡയപ്പറുകൾ കുട്ടിക്ക് നൽകുമെന്ന് പ്രഥമാധ്യാപിക പറഞ്ഞു. കുടമുരുട്ടി ഗവ.യു.പി സ്കൂൾ അധ്യാപിക ലീന സൂസൻ ജോസ് ക്രിസ്മസ് കേക്ക് ഉണ്ടാക്കി. സ്പെഷ്യൽ എഡ്യുക്കേറ്റർ മാരായ വിഞ്ചു. വി.ആർ, രാജശ്രീ എന്നിവർ നക്ഷത്ര വിളക്ക് നിർമിച്ചു. ഹിമ മോൾ സേവ്യർ, സീമ എസ്.പിള്ള, സോണിയ മോൾ ജോസഫ് എന്നിവരും ക്ലസ്റ്റർ കോ -ഓർഡിനേറ്റർമാരും പരിപാടികൾക്ക് നേതൃത്വം നൽകി. പാട്ടും ഫോട്ടോ ഷൂട്ടും ഏറെ ഇഷ്ടപ്പെടുന്ന ഏദന്റെ വീട്ടിലെ ക്രിസ്മസ് ആഘോഷം അടിപൊളിയാക്കിയാണ് ബി.പി.സിയും സംഘവും മടങ്ങിയത്.