പത്തനംതിട്ട : സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണത്തിനു പകരം ലോക്കറില്‍ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തുകയും 40 ലക്ഷത്തോളം രൂപ കൈക്കലാക്കിയ ശേഷം വിദേശത്തേക്ക് കടക്കുകയും ചെയ്ത യുവതിയടക്കം രണ്ടു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോളജ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മണിമുറ്റത്ത് നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ ആയിരുന്ന കൊടുമണ്‍ ഇടത്തിട്ട ദേവരാഗത്തില്‍ എല്‍. ശ്രീലത (50), സ്ഥാപനത്തിലെ ജോയിന്റ് കസ്റ്റോഡിയന്‍ ആയിരുന്ന ഓമല്ലൂര്‍ സ്വദേശിയും ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി കോട്ടയില്‍ വീട്ടില്‍ താമസമാക്കുകയും ചെയ്ത ആതിര ആര്‍. നായര്‍ (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പ്രണയ വിവാഹിതയായ ആതിര ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വര്‍ണം പണയം വച്ച് സ്ഥാപനത്തില്‍ നിന്ന് 21 ലക്ഷത്തിനു മുകളില്‍ തുക എടുത്തിരുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ അറിയാതെ ലോക്കല്‍ തുറന്ന് ഈ സ്വര്‍ണം തിരികെ എടുത്ത ശേഷം പകരം മുക്കുപണ്ടങ്ങള്‍ വയ്ക്കുകയായിരുന്നു. പലപ്പോഴായി കൃത്യം നടത്തിയ ശേഷം ആതിര തനിക്ക് അസുഖം ആണെന്നും ഓഫീസില്‍ വരാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇതിനിടെ ഇവര്‍ വിദേശത്തേക്ക് കടക്കുകയും ചെയ്തു.
തട്ടിയെടുത്ത പണം കൊണ്ട് ആതിര വീടു വെയ്ക്കുകയും കാര്‍ വാങ്ങുകയും ചെയ്തതായും പറയുന്നു. തട്ടിപ്പ് മനസിലാക്കിയ സ്ഥാപന ഉടമകള്‍ പത്തനംതിട്ട ഡിവൈ.എസ്‌പിക്ക് പരാതി നല്‍കി. നഷ്ടപ്പെട്ട സ്വര്‍ണവും പണവും പലിശയും തിരികെ നല്‍കിയാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന് കഴിയാതെ വന്നതോടെ ആതിരയെ വിദേശത്ത് നിന്നും നാട്ടിലെത്തിച്ചു. തുടര്‍ന്ന് ശ്രീലതയെയും ആതിരയെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഓഗസ്റ്റ് 24 ന് പത്തനംതിട്ട ഡി.വൈഎസ്‌പിക്ക് നല്‍കിയ പരാതിയില്‍ സെപ്റ്റംബര്‍ 13 നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആതിരയും ശ്രീലതയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് മണി മുറ്റത്ത് നിധി ലിമിറ്റഡ് ജനറല്‍ മാനേജര്‍ കെ.ബി. ബൈജു , ഹെഡ് ആഡിറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്ത വാര്‍ത്ത പോലീസ് പുറത്തുവിടാതെ രഹസ്യമാക്കി വെച്ചുവെന്ന ആരോപണമുണ്ട്. എന്നാല്‍ വാര്‍ത്ത പുറത്ത് വരുന്നതിനെ തുടക്കംമുതല്‍ എതിര്‍ത്തിരുന്നത് മണിമുറ്റം ഗ്രൂപ്പ് തന്നെയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് പണയം വെച്ചവര്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ എടുത്തെങ്കിലും വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മണിമുറ്റം ഗ്രൂപ്പിന് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അന്നേദിവസം രാത്രി മനോരമയുടെ യുട്യൂബില്‍ വീഡിയോ പബ്ലിഷ് ചെയ്തെങ്കിലും രാത്രിയോടെ ആ വീഡിയോ പിന്‍വലിക്കപ്പെട്ടു. സത്യം ഇതായിരിക്കെ പോലീസ് വാര്‍ത്ത മുക്കി എന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്.