തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ രോഗാവധിയെടുത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതായി പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ഇന്റലിജന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപടിയെടുക്കാതെ പൂഴ്ത്തി. തിരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് മതിയായ പോലീസ് ഉദ്യോഗസ്ഥരില്ലാതിരിക്കുമ്പോഴാണ് അസോസിയേഷന്‍ നേതാക്കളുടെ ഇലക്ഷന്‍ വര്‍ക്കിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സാധാരണ ഒരുദിവസം ഓരോ ജില്ലയിലും പത്ത് മുതല്‍ ഇരുപത് വരെ പേരാണ് ഓരോ ദിവസവും രോഗാവധിയെടുക്കുന്നത്. എന്നാല്‍, തലസ്ഥാന നഗരിയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ നൂറിനടുത്ത് പേര്‍ അവധിയില്‍ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് നടത്തിയ അന്വേഷണമാണ് റിപ്പോര്‍ട്ടിന് ആധാരമായത്.
ഇതേ തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചപ്പോഴാണ് എല്ലാ ജില്ലകളിലും അസോസിയേഷന്‍ നേതാക്കളുടെ കൂട്ടയവധി ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് അസോസിയേഷന്‍ നേതാക്കളാണ് അവധിയെടുക്കുന്നതില്‍ അധികവും. പലരും ഡ്യൂട്ടിയില്‍ കയറി ഒപ്പിട്ടശേഷം മുങ്ങി വോട്ട് പിടിക്കാനിറങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്കായി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. ഇതിന് പുറമേ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍വോട്ട് ക്രമക്കേടില്‍ ആരോപണം ഉയര്‍ന്ന സേനയില്‍ ഇത്തവണ തപാല്‍വോട്ട് രേഖപ്പെടുത്തിയ പല പോലീസുകാര്‍ക്കും ഭീഷണിസന്ദേശമെത്തിയതായ വിവരവും പുറത്തുവരുന്നുണ്ട്.
വോട്ട് ചെയ്ത ബാലറ്റിന്റെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തി തങ്ങളെ കാണിക്കണമെന്നാണ് അസോസിയേഷന്‍ നേതാക്കളുടെ നിര്‍ദ്ദേശം. ഇത് അനുസരിക്കാന്‍ കൂട്ടാക്കാത്തവരെയാണ് ഭീഷണിപ്പെടുത്തുന്നത്. സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അരലക്ഷത്തോളം പേരില്‍ ഭൂരിഭാഗം പേരും തപാല്‍ വോട്ടിനെയാണ് ആശ്രയിക്കുന്നത്.