കൊച്ചി: എറണാകുളം കാക്കനാട് ജയിലിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വിരുന്ന് നൽകിയ സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം തുടരുന്നു. സംഭവത്തിൽ ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയതായി സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. സന്ദർശകരുടെ പേര് മാത്രമാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയത് എന്നും, മേൽവിലാസം എഴുതിയിട്ടില്ല എന്നുമാണ് കണ്ടെത്തൽ. ജയിലിനകത്ത് ദൃശ്യങ്ങൾ ചിത്രീകരിച്ചതിലും വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.സംഭവത്തിൽ ജയിൽ ഡിജിപി, സൂപ്രണ്ടിനോട് കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ജയിലിൽ എത്തിയത് ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം.
വിരമിച്ച ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരമാണ് ക്രിമിനൽ പശ്ചാത്തലമുള്ളവർ എത്തിയതെന്നും ഇക്കാര്യത്തിൽ വിരമിച്ച ഉദ്യോഗസ്ഥൻ തോമസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും സൂപ്രണ്ട് വിശദീകരിച്ചു. ജയിലിലെ റീൽസ് ചിത്രീകരണത്തിൽ പോലീസിൽ പരാതി നൽകുന്നതും ജയിൽ വകുപ്പിന്റെ പരിഗണനയിലുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് പേർക്കാണ് ജില്ലാ ജയിലിൽ വിരുന്നൊരുക്കിയത്. വെൽഫയർ ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു വിരുന്ന്. മെയ് 31നായിരുന്നു വിരുന്നും റീൽസ് ചിത്രീകരണവും. സംഭവത്തിൽ പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു