കൊച്ചി: കോവിഡ് ലോക്ഡൗണില്‍ വിദ്യാര്‍ഥികളും ജോലിക്കാരുമെല്ലാം വീട്ടിലായതിനു പിന്നാലെ ഇന്റര്‍നെറ്റ് വേഗത്തില്‍ ഗണ്യമായ കുറവ്. രാജ്യത്തെ എല്ലാ നെറ്റ്വര്‍ക്കിലും ഇന്റര്‍നെറ്റ് വേഗം വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. ഇതുമൂലം പാഠഭാഗങ്ങളുടെ വീഡിയോ പ്രസന്റേഷനുകൾ, അസൈന്മെന്റുകള് തുടങ്ങിയവ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനുമൊന്നും കഴിയാതെ മിക്കവരും ബുദ്ധിമുട്ടുകയാണ്.
ബി.എസ്.എന്‍.എല്‍ മാത്രമല്ല, സ്വകാര്യ നെറ്റ്വര്‍ക്കുകളായ ജിയോ, വി തുടങ്ങിയവക്കെല്ലാം വേഗം വളരെയധികം കുറഞ്ഞിരിക്കുന്നു. വീടിനകത്ത് റേഞ്ച് കിട്ടാത്തതാണ് ഏറെപേരും അനുഭവിക്കുന്ന ദുരിതം. പലപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളും മീറ്റിങ്ങുകളും ജോലികളുമെല്ലാം നെറ്റ്വര്‍ക്ക് തടസ്സത്തെത്തുടര്‍ന്ന് ഇടക്ക് മുറിഞ്ഞുപോകുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് ഇരട്ടിദുരിതം.
‘റേഞ്ച് വലിക്കാന്‍’ പാടത്തും പറമ്പിലും വീടിന്റെ ടെറസിലുമെല്ലാം ചെന്നിരിക്കേണ്ട ഗതികേടിലാണ് പലരും. ”പലപ്പോഴും ഉയര്‍ന്ന എം.ബിയിലുള്ള വര്‍ക്ക് തങ്ങളുടെ കമ്പനി സോഫ്റ്റ്വെയറിലേക്ക് അപ്ലോഡ് ചെയ്തു കഴിയാനാവുമ്പോഴാകും നെറ്റ് കട്ടാവുന്നത്. പിന്നീട് എല്ലാം ആദ്യം മുതല്‍ ചെയ്യേണ്ട അവസ്ഥയാണ്” -കൊച്ചിയിലെ ഒരുസോഫ്റ്റ്വെയര് എന്‍ജിനീയര്‍ പറയുന്നു. നെറ്റ്വര്‍ക്ക് സേവനദാതാക്കളെ വിളിച്ച് പരാതിപ്പെട്ടിട്ടും കാര്യമില്ലെന്ന് നിരവധി പേര് ചൂണ്ടിക്കാട്ടുന്നു.
ഉടന്‍ പരിഹാരം കാണാമെന്ന് പറയുന്നതല്ലാതെ പരിഹാരമുണ്ടാകാറില്ല. വൈ-ഫൈ, മോഡം തുടങ്ങിയവയൊന്നും വാങ്ങാന്‍ സാമ്പത്തികശേഷിയില്ലാത്ത പതിനായിരക്കണക്കിന് ആളുകള്‍ മൊബൈല്‍ ഫോണിലൂടെയാണ് കോവിഡുകാലത്ത് പഠനവും ജോലിയുമെല്ലാം മുന്നോട്ടുകൊണ്ടുപോവുന്നത്. ഇവര്‍ക്ക് തലവേദനയായിരിക്കുകയാണ് ഇടക്കിടെ മുറിഞ്ഞുപോകുന്ന ഇന്റര്‍നെറ്റ് ബന്ധം.