കോഴിക്കോട് : കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് പോലീസ്. കുഴല്‍ ഫോണുകള്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായാണ് സംശയം. കേസ് എന്‍.ഐ.എ ഏറ്റെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഉപകരണങ്ങളെത്തുന്നത് രാജ്യത്തിന് പുറത്ത് നിന്നാണ്. കോഴിക്കോട്ടെ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് രാജ്യത്തെ സമാന്തര എക്‌സ്‌ചേഞ്ച് ശൃംഖലയുടെ കണ്ണിയാണെന്നും അന്വേഷണത്തില്‍ വ്യക്തമാണ്.
കോഴിക്കോട് നിന്നും കണ്ടെടുത്ത സിം കാര്‍ഡുകള്‍ ഉത്തരേന്ത്യന്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തവയാണെന്നും അന്വേഷണ സംഘം പറയുന്നു. കേസിന്റെ രാജ്യാന്തര ബന്ധം പുറത്തായതോടെ എന്‍.ഐ.എ അന്വേഷണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
ബംഗളുരു എക്‌സ്‌ചേഞ്ച് കേസിലെ പ്രതി ഇബ്രാഹിമിനെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളുരുവില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചിനും കോഴിക്കോടെ കേസുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ 16ാം തിയതിയാണ് കേസിലെ പ്രധാന പ്രതികളായ ഷബീറും പ്രസാദും കേരളം വിട്ടതായി കണ്ടെത്തിയത്. ബംഗളൂരുവിലോ കേരളത്തിന് പുറത്തോ ബന്ധങ്ങളുള്ള സ്ഥലങ്ങളില്‍ ഇവര്‍ ഒളിച്ചു താമസിക്കുകയായിരിക്കാം എന്നാണ് അന്വേഷണ സംഘം കരുതുന്നത്. കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.
സംഭവം അതീവ ഗൗരവത്തോടെയാണ് ഐ.ബി സംഘം നോക്കിക്കാണുന്നത്. വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ജുറൈസ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചുവന്നിരുന്നത്. കേസില്‍ കൊളത്തറ സ്വദേശി ജുറൈസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 730 സിമ്മുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.