ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് താമസിയാതെ ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തുടങ്ങും. ഇതിനുള്ള പ്രാഥമികാനുമതി ടെലികോം വകുപ്പ് കമ്പനിക്കു നല്‍കിയതായാണ് വിവരം. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് 2022 നവംബറിലാണ് ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനാനുമതി തേടിയത്. ഇതിനാവശ്യമായ സുരക്ഷാപരിശോധനകള്‍ ആഭ്യന്തരമന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലാകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശമയക്കാനും സാറ്റലൈറ്റ് നെറ്റ്വര്‍ക്ക് വഴി ഡേറ്റാ ഉപയോഗിക്കാനുമാകുന്ന ഡയറക്ട് ടു മൊബൈല്‍-ഡി2എം സേവനങ്ങളും സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ അവതരിപ്പിക്കും.
ആഗോളതലത്തില്‍ മൊബൈലുകള്‍ ഉപയോഗിച്ചുള്ള വ്യക്തിഗത ആശയവിനിമയത്തിന് (ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്യൂണിക്കേഷന്‍സ് ബൈ സാറ്റലൈറ്റ്-ജി.എം.പി.സി.എസ്.) ആവശ്യമായ ലൈസന്‍സിനാണ് അനുമതിയായത്. ജി.എം.പി.സി.എസ്. ലൈസന്‍സ് കിട്ടിയെങ്കിലും ഇന്ത്യയില്‍ വാണിജ്യസേവനങ്ങള്‍ തുടങ്ങുന്നതിന് സ്റ്റാര്‍ലിങ്കിന് സ്പെക്ട്രം അനുമതിയും വേണം. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിന് മുമ്പാകെ ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത വരുത്തിയതിന് ശേഷമാണ് ടെലികോം വകുപ്പില്‍ നിന്നുള്ള പ്രവര്‍ത്തനനാനുമതി ലഭിക്കുക. ശേഷം ടെലികോം സെക്രട്ടറി നീരജ് മിത്തലിന്റേയും വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവിന്റേയും അനുമതി തേടും. ഇതിന് ശേഷമാണ് സ്റ്റാര്‍ലിങ്കിന് അനുമതി ലഭിക്കുക.