ന്യുഡല്‍ഹി : രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കപ്പെടുന്നത് സംബന്ധിച്ച് കേന്ദ്രീകൃതമായ രേഖകള്‍ ഇല്ലെന്ന് ഐ.ടി കാര്യ പാർലമെന്ററി സമിതിയുടെ നിരീക്ഷണം. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള പാനലിന്‍റേതാണ് നിരീക്ഷണം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമോ ടെലികോം വകുപ്പോ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ രേഖകള്‍ ആക്കുന്നില്ലെന്നാണ് ഐ.ടി. കാര്യ പാർലമെന്ററി സമിതി വിശദമാക്കുന്നത്. 2020ല്‍ ലോകത്ത് ഏറ്റവുമധികം തവണ ഇന്റര്നെറ്റ് സേവനം വിച്ഛേദിച്ചിട്ടുള്ളത് ഇന്ത്യയിലാണ്.
ഡിജിറ്റല്‍ അവകാശവും സ്വകാര്യത അസോസിയേഷന്‍റെ കണക്കുകള്‍ അനുസരിച്ച് ആഗോളതലത്തില്‍ വന്ന 155 ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിക്കലില്‍ 109 ഉം ഇന്ത്യയിലാണ് നടന്നിട്ടുള്ളത്. ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കുന്നതില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയാണ് ലോകത്തില്‍ മുന്നിലുള്ളതെന്നും പാനല്‍ വിശദമാക്കുന്നു. പൊതു അടിയന്തര സാഹചര്യം പൊതുസുരക്ഷയും കണക്കിലെടുത്താണ് ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിക്കുന്നത്. എന്നാല്‍ ഈ സാഹചര്യമെന്താണെന്നതിന് പ്രത്യേക മാനദണ്ഡം നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും സമിതി വിലയിരുത്തുന്നു.
ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കാനായി സംസ്ഥാനങ്ങള്‍ സ്വയം നയങ്ങള്‍ സ്വീകരിക്കുന്നു. ഇതുവഴി ഇന്‍റര്‍നെറ്റ് സേവനം റദ്ദ് ചെയ്യുന്നതിന് വേണ്ടിയുള്ള ചട്ടം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇതുവഴിയുണ്ടാവുന്ന വ്യാപാര നഷ്ടം വന്‍തുകയാണെന്നും സമിതി വിശദമാക്കുന്നു. രാജ്യത്ത് കഴിഞ്ഞവർഷം 280 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ മാധ്യമങ്ങളെ ഉദ്ധരിച്ച സമിതി വിശദമാക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കുന്നത് ഉചിതമായ നടപടിയല്ലെന്നും സമിതി വിശദമാക്കി.
ഭരണകൂടം ഇന്‍റര്‍നെറ്റ് സേവനം റദ്ദ് ചെയ്യുന്നത് ഒരു അധികാരമെന്നപോലെ ചെയ്യുന്നുവെന്നും സമിതി കുറ്റപ്പെടുത്തുന്നു. ജമ്മു കശ്മീരിലെ സാഹചര്യമാണ് ഇതിന് മാതൃകയായി സമിതി മുന്നോട്ട് വയ്ക്കുന്നത്. 2019 ഓഗസ്റ്റ് 5 ന്ശേഷം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ഏത് പ്രതിഷേധത്തേയും അടിച്ചമര്‍ത്താന്‍ ഭരണകൂടം ഇന്‍റര്‍നെറ്റ് സേവനം റദ്ദ് ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അടിക്കടി സേവനം റദ്ദാക്കുന്നത് ജനങ്ങളെ എന്ന പോലെ തന്നെ ടെലികോം സേവനദാതാക്കളേയും സാരമായി ബാധിക്കുന്നുണ്ട്.
സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് സേവനം റദ്ദാക്കുന്നത് മൂലം 2.50 കോടി രൂപവീതമാണ് ഓരോ മേഖലയിലും സേവനദാതാക്കള്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ട്. ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചുള്ള വ്യാപാരങ്ങള്‍ക്കും സേവനം റദ്ദ് ചെയ്യുന്നത് സാരമായി ബാധിക്കുന്നുണ്ട്. ഇന്റർനെറ്റ് സേവനം റദ്ദാക്കിയതുവഴി സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ. 2018 ഓഗസ്റ്റ് മുതൽ 2020 ഓഗസ്റ്റ് വരെ ബിഹാറിൽ 6 തവണയും 2017 മുതൽ ജമ്മുകശ്മീരിൽ 93 തവണയും ഇന്‍ര്‍നെറ്റ് സേവനം റദ്ദ് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.