ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്റര്‍പോളിന്റെ 89-ാമത് ജനറല്‍ അസംബ്ലി മാറ്റിവെച്ചു. ഡിസംബറില്‍ യു.എ.ഇയില്‍ വച്ച് നടത്താനിരുന്ന ജനറല്‍ അസംബ്ലിയാണ് മാറ്റിവെച്ചത്. ഇന്റര്‍പോളിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ജനറല്‍ അസംബ്ലി മാറ്റിവെയ്ക്കുന്നത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സഹകരണം, സംഘടിത കുറ്റകൃത്യങ്ങള്‍ നേരിടല്‍, ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് 194 രാജ്യങ്ങള്‍ അംഗമായ ജനറല്‍ അസംബ്ലി ചേരാനിരുന്നത്.
ഈ വര്‍ഷം എവിടെവെച്ചും ജനറല്‍ അസംബ്ലി ചേരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഇന്റര്‍പോള്‍ എക്സിക്യൂട്ടീവ് കമ്മറ്റി വ്യക്തമാക്കി. നിയമപരമായും സാങ്കേതികവുമായ കാരണങ്ങളാല്‍ ഇപ്പോള്‍ ജനറല്‍ അസംബ്ലി ചേരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ജനറല്‍ അസംബ്ലി നടത്താനുള്ള സാഹചര്യമൊരുക്കാന്‍ യു.എ.ഇ അധികൃതര്‍ പരമാവധി ശ്രമിച്ചുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ജനറല്‍ അസംബ്ലി മാറ്റിവച്ചുവെങ്കിലും എല്ലാ വിധത്തിലുമുള്ള കുറ്റകൃത്യങ്ങളും തീവ്രവാദവും ഇല്ലാതാക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ തുടരുമെന്ന് ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജര്‍ഗന്‍ സ്റ്റോക്ക് പറഞ്ഞു.