കൊച്ചി : മുൻ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ കൂടുതൽ പേരെ പോലീസ് ചോദ്യംചെയ്യുന്നു. ഒക്ടോബർ 31ന് രാത്രി ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്ത ആറ് പേരെയാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യുന്നത്. ഹോട്ടലിലെ രജിസ്റ്ററിൽനിന്നാണ് പാർട്ടിയിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പാർട്ടിക്കിടെ എന്താണ് സംഭവിച്ചത്, മുൻ മിസ് കേരള വിജയികളും മറ്റുള്ളവരും തമ്മിൽ തർക്കങ്ങളുണ്ടായോ തുടങ്ങിയ വിവരങ്ങൾ കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് സ്ഥിരീകരിച്ചതോടെ പാർട്ടിയിൽ പങ്കെടുത്തവരിൽനിന്ന് ഈ വിവരങ്ങൾ തേടാനാണ് പോലീസ് ശ്രമിക്കുന്നത്. ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുമെന്നാണ് പ്രതീക്ഷ. എന്നാൽ രജിസ്റ്ററിൽ പേരുവിവരങ്ങൾ രേഖപ്പെടുത്താതെ മറ്റുചിലരും അന്നേദിവസം ഹോട്ടലിൽ തങ്ങിയതായും വിവരങ്ങളുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്.
അതിനിടെ കേസിൽ പോലീസ് നേരത്തെ ചോദ്യം ചെയ്ത സൈജു തങ്കച്ചൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് സൈജു മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. താൻ പിന്തുടർന്നത് കൊണ്ടല്ല അപകടം സംഭവിച്ചതെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് ഓഡി കാറിൽ മോഡലുകൾ ഉൾപ്പെടെയുള്ളവരെ പിന്തുടർന്നതെന്നുമാണ് സൈജുവിന്റെ വാദം. ഹോട്ടലിൽ നടന്ന പാർട്ടിയിൽ താനും പങ്കെടുത്തിരുന്നു. പാർട്ടിക്കിടെ മോഡലുകൾ ഉൾപ്പെടെയുള്ളവരെ പരിചയപ്പെട്ടു. പാർട്ടി കഴിഞ്ഞ് താൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരും ഹോട്ടലിൽനിന്ന് പുറത്തിറങ്ങിയത്.
സംഘത്തിലുണ്ടായിരുന്ന അബ്ദുൾറഹ്മാൻ ആ സമയം നന്നായി മദ്യപിച്ചിരുന്നു. അതിനാൽ റഹ്മാൻ വാഹനമോടിക്കുന്നത് താൻ വിലക്കി. എന്നാൽ അത് വകവെയ്ക്കാതെ നാലംഗസംഘം കാറുമായി ഹോട്ടലിൽനിന്ന് പോയി. പിന്നീട് കുണ്ടന്നൂർ ജംങ്ഷനിൽ ഇവരുടെ വാഹനം പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചു. വീണ്ടും ഇവരോട് വാഹനം ഓടിക്കരുതെന്നും ആവശ്യപ്പെട്ടു. പിന്നാലെ ഇവർ തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്തുപോയി. ഇതിനുശേഷമാണ് അപകടം സംഭവിച്ചത് കണ്ടതെന്നും ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചെന്നും സൈജുവിന്റെ ജാമ്യഹർജിയിൽ പറയുന്നു.