കാസർഗോഡ് : മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനു പുറമെ കൂടുതൽ പേരെ പ്രതിചേർക്കാൻ പോലീസ് നീക്കം നടത്തുന്നുണ്ട്.
ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരുടെയും പേരുകൾ ഇടതുസ്ഥാനാർഥി വി.വി. രമേശന്റെ പരാതിയിലും പറയുന്നുണ്ട്. കഴിഞ്ഞദിവസം സുന്ദര പോലീസിനു കൊടുത്ത മൊഴിയിൽ ബിജെപി പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽ പാർപ്പിച്ചെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ കൂട്ടിച്ചേർത്തേക്കാം. വ്യക്തതയ്ക്കായി സുന്ദരയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും.