കുറ്റ്യാടി: കുറ്റ്യാടിയിൽ രാസലഹരി നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽപ്പേരിലേക്ക്. കേസിൽ അറസ്റ്റിലായ കള്ളാട് സ്വദേശി കുനിയിൽ അജിനാസ്, ഭാര്യ മിസ്രിയ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും രാസലഹരിശൃംഖലയിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നുതന്നെയാണ് പോലീസിന്റെ സംശയം. അന്വേഷണം നാദാപുരം ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. ഇപ്പോൾ ലഭിച്ച മൊഴികൾ പോലീസ് വിശദമായി പരിശോധിച്ചുവരുകയാണ്. മൊഴിനൽകിയവരിൽ ലഹരി ഉപയോഗിക്കുന്നവരും ഉണ്ടെന്നാണ് വെള്ളിയാഴ്ച റൂറൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞത്. അതുകൊണ്ടുതന്നെ മൊഴിയിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ഇതിനുശേഷമേ കൂടുതൽപേർക്കുനേരേ കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ.
ഇതിനിടെ കൂടുതൽ ഇരകൾ കേസിൽ ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. നിലവിൽ മൂന്നുപേരാണ് അജിനാസിനും ഭാര്യക്കും നേരേ പരാതി നൽകിയത്. മൂന്ന് പരാതിയിലും പോലീസ് കേസെടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. ഒരുവർഷം മുൻപ് പരാതിക്കാരനായ പതിനെട്ടുകാരനെ ലഹരിനൽകി പീഡിപ്പിച്ചെന്നാണ് ആദ്യത്തെ കേസ്. പിന്നാലെ മറ്റൊരു വിദ്യാർഥികൂടി പരാതിയുമായെത്തി. മൂന്നാമത്തെ കേസിൽ പെൺകുട്ടിയാണ് പരാതിനൽകിയത്. ആദ്യത്തെ കേസിലെ പരാതിക്കാരന്റെ സുഹൃത്താണ് ഈ പെൺകുട്ടി. അജിനാസിന്റെ നിർബന്ധപ്രകാരം പെൺകുട്ടിയെ ഇവിടെ എത്തിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് കേസ്. ഇതേപോലെ പ്രായപൂർത്തിയാകാത്ത മറ്റുചില കുട്ടികളെക്കൂടി ഇവിടെ ഭീഷണിപ്പെടുത്തി എത്തിച്ചതായും സംശയമുണ്ട്.
ഇത് ആരൊക്കെയാണെന്ന് പരിശോധിക്കുകയാണ് പോലീസ്. അജിനാസും ഭാര്യ മിസ്രിയയും നിലവിൽ റിമാൻഡിലാണ്. നേരത്തേ നാലുദിവസം അജിനാസിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.കേസിൽ ഉൾപ്പെട്ട കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. തിരിച്ച് കോടതിയിൽ ഹാജരാക്കിയ അജിനാസിനെ ചൊവ്വാഴ്ച വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും. പിന്നാലെ ഭാര്യയെയും കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. സംഭവം കുറ്റ്യാടിയിൽ തുടരേയുള്ള പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്നാണ് ആക്ഷേപം.